Your Image Description Your Image Description

തിരുവനന്തപുരം: അക്ഷയ സെന്റർ ജീവനക്കാരിയുടെ തട്ടിപ്പുമൂലം മിടുക്കനായ ഒരു വിദ്യാർത്ഥിക്ക് നഷ്മായത് ഡോക്ടറെന്ന ലക്ഷ്യം കൈവരിക്കാനുള്ള ഒരു വർഷമാണ്. കിട്ടിയതോ പൊലീസ് സ്റ്റേഷൻ വാസവും. തിരുവനന്തപുരം പാറശാല സ്വദേശി ഡി ആർ ജിത്തുവിനാണ് (20) അക്ഷയ സെന്റർ ജീവനക്കാരിയായ ​ഗ്രീഷ്മയുടെ തട്ടിപ്പിൽ ഒരു ദിവസം പൊലീസ് സ്റ്റേഷനിൽ കഴിയേണ്ടി വന്നത്. അതേസമയം, വളരെ പെട്ടെന്ന് തന്നെ പ്രതിയിലേക്ക് പൊലീസ് എത്തിയതോടെ കൂടുതൽ നാൾ ജിത്തുവിന് സംശയത്തിന്റെ നിഴലിൽ കഴിയേണ്ടി വന്നില്ല.

ഡോക്‌ടറാകണമെന്ന് മോഹിച്ചാണ് പരീക്ഷ എഴുതാൻ പോയതെന്ന് ജിത്തു വ്യക്തമാക്കുന്നു. നിരപരാധിത്വം തെളിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഇരുപതുകാരൻ പറഞ്ഞു. ഇനിയും പഠിക്കുമെന്നും മറ്റ് നിയമപ്രശ്നങ്ങളില്ലെങ്കിൽ നീറ്റ് എഴുതിയെടുത്ത് ഡോക്‌ടറാകുമെന്നും ജിത്തു കൂട്ടിച്ചേർത്തു. പ്ളസ് ടു പൂർത്തിയാക്കിയതിനുശേഷം ജിത്തു നീറ്റ് പരീക്ഷ എഴുതിയിരുന്നു. എന്നാൽ കൃത്യമായ പരീശീലനം ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് കഴിഞ്ഞവർഷം ജൂണിൽ തിരുവനന്തപുരത്തെ കോച്ചിംഗ് സെന്ററിൽ ചേർന്നു. നിർദ്ധന കുടുംബം ആയിട്ടും മകനെ വെറ്ററിനറി ഡോക്ടറാക്കണമെന്ന ആഗ്രഹം സഫലമാക്കാൻ ജിത്തുവിന്റെ അമ്മ രമണി രണ്ടര ലക്ഷത്തോളം രൂപയാണ് പരിശീലനത്തിന് മുടക്കിയത്. ഇങ്ങനെയൊരു ചതിയിൽപ്പെടുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയില്ല. കാരക്കോണം മെഡിക്കൽ കോളേജിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയാണ് മാതാവ് രമണി. രോഗബാധിതനാണ് പിതാവ്. തികഞ്ഞ ആത്മവിശ്വാസത്തോടെ പരീക്ഷക്കായി എത്തിയിട്ടും അക്ഷയ സെന്റർ ജീവനക്കാരിയുടെ തട്ടിപ്പിനിരയാവുകയായിരുന്നു.

നെയ്യാറ്റിൻകരയിലെ അക്ഷയ സെന്റർ ജീവനക്കാരി ഗ്രീഷ്മ (20) നടത്തിയ തട്ടിപ്പിനാണ് ജിത്തു ഇരയായത്. ഇവരെ പിന്നീട്​ പത്തനംതിട്ട പൊലീസ് അറസ്റ്റുചെയ്തു. പത്തനംതിട്ട പൊലീസ് കഴിഞ്ഞ ദിവസം രാവിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തപ്പോൾത്തന്നെ ഗ്രീഷ്മ കുറ്റം സമ്മതിക്കുകയായിരുന്നു. ഫീസായ 1850 രൂപ വാങ്ങിയെങ്കിലും അപേക്ഷ സമർപ്പിക്കാൻ മറന്നുപോയെന്നും ഹാൾ ടിക്കറ്റ് ചോദിച്ചപ്പോൾ, അഭിറാം എന്ന വിദ്യാർത്ഥിയുടെ ഹാൾ ടിക്കറ്റിൽ തിരിമറി നടത്തിയാണ് ജിത്തുവിന്റെ പേരിൽ തയ്യാറാക്കിയതെന്നും വെളിപ്പെടുത്തി. അത് വാട്ട്സ് ആപ്പിൽ അയച്ചുകൊടുക്കുകയായിരുന്നു. അകലെയുള്ള സെന്റർ വച്ചാൽ പരീക്ഷ എഴുതാൻ പോകില്ലെന്ന് ഗ്രീഷ്മ കരുതി. ഗൂഗിളിൽ തിരഞ്ഞപ്പോൾ പത്തനംതിട്ടയിലെ കഴിഞ്ഞ വർഷത്തെ സെന്ററായ മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ കണ്ടു. അത് ഹാൾ ടിക്കറ്റിൽ ചേർക്കുകയായിരുന്നു. പക്ഷേ ബാർകോഡും സാക്ഷ്യപത്രവും തിരുത്താനായില്ല. ഇതാണ് തട്ടിപ്പ് പുറത്താകാൻ കാരണമായത്.

Leave a Reply

Your email address will not be published. Required fields are marked *