Your Image Description Your Image Description

ഇന്ത്യൻ പ്രീമിയർ ലീഗിൽ പരിക്കിനെ തുടർന്ന് സൺറൈസേഴ്സ് ഹൈദരാബാദ് താരം സ്മരൺ‌ രവിചന്ദ്രൻ പുറത്തായി. സീസണിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ ടീമിന്റെ ഭാ​ഗമാകാൻ താരത്തിന് കഴിയില്ല. നേരത്തെ സൺറൈസേഴ്സ് സ്പിന്നർ ആദം സാംപയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് പകരക്കാരാനായാണ് സ്മരൺ ടീമിലെത്തിയത്. എന്നാൽ സ്മരണിനും പരിക്കേറ്റതോടെ ​ഹർഷ് ദൂബെയെ സൺറൈസേഴ്സ് പകരക്കാരനായി പ്രഖ്യാപിച്ചു.‌

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ വിദർഭയുടെ താരമാണ് ഹർഷ് ദൂബെ. കഴിഞ്ഞ രഞ്ജി ട്രോഫി സീസണിൽ 69 വിക്കറ്റും 476 റൺസും താരം സ്വന്തമാക്കിയിരുന്നു. രഞ്ജി ട്രോഫി കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമാണ് ദൂബെ. രഞ്ജി ട്രോഫിയിൽ ടൂർണമെന്റിന്റെ താരവും ദൂബെ തന്നെയായിരുന്നു. ദൂബെ ഉൾപ്പെട്ട വിദർഭയായിരുന്നു രഞ്ജി ട്രോഫി ചാംപ്യന്മാരായത്. 30 ലക്ഷം രൂപയ്ക്കാണ് ദൂബെയെ സൺറൈസഴ്സ് ടീമിലെത്തിച്ചത്.

അതേസമയം ഐപിഎൽ സീസണിൽ സൺറൈസേഴ്സ് ഏറെക്കുറെ പ്ലേ ഓഫ് കടക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞു. 10 മത്സരങ്ങൾ പിന്നിടുമ്പോൾ സൺറൈസേഴ്സിന് മൂന്ന് വിജയങ്ങൾ മാത്രമാണ് നേടാനായിട്ടുള്ളത്. അവശേഷിച്ച നാല് മത്സരങ്ങളിലും വിജയിച്ചാലും സൺറൈസേഴ്സിന് പ്ലേ ഓഫ് കടക്കണമെങ്കിൽ മറ്റ് ടീമുകളുടെ ഫലങ്ങളെ ആശ്രയിക്കേണ്ടിവരും. ഇന്ന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് സൺറൈസഴ്സിന്റെ അടുത്ത മത്സരം

Leave a Reply

Your email address will not be published. Required fields are marked *