Your Image Description Your Image Description

കോഴിക്കോട് : സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി മൂന്നര ലക്ഷം പദ്ധതികളാണ് കേരളത്തിൽ ആരംഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം സംരംഭക സൗഹൃദമാണെന്നതിന്റെ തെളിവാണിത്. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായ ‘എന്റെ കേരളം’ പ്രദർശന-വിപണനമേളയുടെയും കുടുംബശ്രീ ദേശീയ സരസ് മേളയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

വമ്പൻ മൂലധന നിക്ഷേപമില്ലാതെ മികച്ച വരുമാനം ഉറപ്പിക്കാൻ കഴിയുന്ന സാധ്യതകളെ പ്രയോജനപ്പെടുത്തി മുന്നോട്ട് പോവണം. അരക്കോടിയോളം സ്ത്രീകൾ അംഗങ്ങളായിട്ടുള്ള ജനകീയ പ്രസ്ഥാനമാണ് കുടുംബശ്രീ. ഇത്തവണത്തെ ബജറ്റിൽ 270 കോടി രൂപയാണ് കുടുംബശ്രീക്കായി നീക്കി വച്ചത്. പ്രാദേശിക സംരഭകത്വ വികസനത്തിന്റെയും സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലായി കുടുംബശ്രീ മാറിയെന്നും അദ്ദേഹം പറഞ്ഞു.

പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. ഒരിക്കലും നടക്കില്ലെന്നു കരുതിയ പദ്ധതികൾ സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. 2025 ഡിസംബറോട് കൂടി ദേശീയപാത 66 ന്റെ നിർമാണം പൂർത്തീകരിക്കും. കോഴിക്കോടിന്റെ വിവിധ മേഖലകളിൽ വികസന മാറ്റം ദൃശ്യമാണ്. സാധാരണ മനുഷ്യർ ആഗ്രഹിച്ച പദ്ധതികളാണ് സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളിലേക്കും വികസന പ്രവർത്തനങ്ങൾ എത്തിക്കാൻ സർക്കാരിന് സാധിച്ചെന്നും മന്ത്രി പറഞ്ഞു.

വനം, വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ മുഖ്യാഥിതിയായി. കുടുംബശ്രീയിലൂടെ സംസ്ഥാനം കൈവരിച്ച നേട്ടങ്ങളുടെ നേർചിത്രമാണ് സരസ്സ് മേളയിൽ കാണാൻ കഴിയുകയെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒൻപത് വർഷം കൊണ്ട് സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ സമാനതകളില്ലാത്തതാണെന്നും മന്ത്രി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *