Your Image Description Your Image Description

തിരുവനന്തപുരം : സമ്മാനഘടനയിൽ ഏറെ പുതുമകളുമായി എത്തിയ സംസ്ഥാന ഭാഗ്യക്കുറിയ്ക്ക് വൻ വരവേൽപ്പ്. ദിവസേന നറുക്കെടുക്കുന്ന ഭാഗ്യക്കുറികൾക്കെല്ലാം ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത് എന്നതാണ് പുതിയ ഭാഗ്യക്കുറിയുടെ ഏറ്റവും വലിയ പ്രത്യേകത. ഞായറാഴ്ചകളിൽ നറുക്കെടുക്കുന്ന സമൃദ്ധി ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനം 75 ലക്ഷം രൂപയും മൂന്നാം സമ്മാനം 25 ലക്ഷം രൂപയുമാണ്.

തിങ്കളാഴ്ചകളിൽ നറുക്കെടുക്കുന്ന ഭാഗ്യതാരയ്ക്ക് 75 ലക്ഷം, ഒരു ലക്ഷം (12പരമ്പരകൾക്കും ) എന്നിങ്ങനെയാണ് യഥാക്രമം രണ്ടും മൂന്നും സമ്മാനങ്ങൾ ലഭിയ്ക്കുക. ചൊവ്വാഴ്ചകളിലെ സ്ത്രീശക്തി ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനം 40 ലക്ഷം രൂപയും മൂന്നാം സമ്മാനം 25 ലക്ഷം രൂപയുമാണ്.

രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ നൽകുന്ന ധനലക്ഷ്മി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ബുധനാഴ്ച്ചകളിലാണ് നടക്കുക. ഇതിൽ മൂന്നാം സമ്മാനമായി വിജയിക്ക് ലഭിയ്ക്കുക 20 ലക്ഷം രൂപയാണ്. വ്യാഴാഴ്ചകളിൽ ഭാഗ്യം പരീക്ഷിക്കുന്ന കാരുണ്യപ്ലസ് ഭാഗ്യക്കുറിയുടെ രണ്ടും മൂന്നും സമ്മാനങ്ങൾ 50 ലക്ഷം, അഞ്ചു ലക്ഷം (12 പരമ്പരകൾക്കും ) എന്നിങ്ങനെയാണ്. സുവർണ്ണ കേരളം ഭാഗ്യക്കുറിയാകട്ടെ രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 25 ലക്ഷം രൂപയും നൽകുന്നു. വെള്ളിയാഴ്ചകളിലാണ് സുവർണ കേരളം ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടക്കുക. ശനിയാഴ്ചകളിലെ കാരുണ്യ ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനം 50 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ചു ലക്ഷം രൂപയുമാണ്.

ഒരു കോടിയിൽ തുടങ്ങി 50 രൂപവരെയുള്ള പുതുമയുള്ള സമ്മാന ഘടനയുമായി എത്തിയ സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകൾക്ക് മികച്ച പ്രതികരണമാണ് ഗുണഭോക്താക്കളിൽ നിന്നു ലഭിയ്ക്കുന്നത്. 50 രൂപ വിലയുള്ള ഭാഗ്യക്കുറി ടിക്കറ്റുകൾ ദിവസേന ഉച്ചതിരിഞ്ഞ് മൂന്നു മണിയ്ക്കാണ് നറുക്കെടുക്കുന്നത്. സംസ്ഥാന ഭാഗ്യക്കുറിയുടെ മുഖവിലയിൽ വ്യത്യാസം വരുത്തി വിൽപ്പന നടത്തുന്നതും ഓൺലൈൻ, സോഷ്യൽ മീഡിയ എന്നിവ വഴി ടിക്കറ്റ് വിൽപ്പന നടത്തുന്നതും നിയമവിരുദ്ധമാണ് എന്നും ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *