Your Image Description Your Image Description

ഭുവനേശ്വര്‍: സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ കിരീടം വീണ്ടും എഫ് സി ഗോവയിലേക്ക്. ജംഷേദ്പുര്‍ എഫ്‌ സിയെ ഫൈനലില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് എഫ്‌സി ഗോവ രണ്ടാം തവണ സൂപ്പര്‍ കപ്പ് സ്വന്തമാക്കിയത്. ഗോവയ്ക്കായി ബോര്‍ജ ഹെരേര ഇരട്ട ഗോളുകള്‍ നേടി. ഡെജന്‍ ഡ്രാസിക് മറ്റൊരു ഗോളും വലയിലാക്കി. മത്സരത്തിന്റെ 23-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. ഗോവന്‍ താരം ആകാശ് സാങ്‌വെയുടെ ഷോട്ട് ജംഷഡ്പൂര്‍ ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസ് തടഞ്ഞിട്ടു. എന്നാല്‍ രണ്ടാം ശ്രമത്തില്‍ ബോര്‍ജ ഹെരേര പന്ത് വലയിലാക്കി. ആദ്യ പകുതിയില്‍ എഫ് സി ഗോവ എതിരില്ലാത്ത ഒരു ഗോളിന് ലീഡ് ചെയ്തു.

രണ്ടാം പകുതിയില്‍ 51-ാം മിനിറ്റിലാണ് ബോര്‍ജ വീണ്ടും വലകുലുക്കിയത്. ഇത്തവണ ബോക്‌സിന് പുറത്ത് നിന്നും തകര്‍പ്പന്‍ ഒരു ഷോട്ടിലൂടെയാണ് ബോര്‍ജ വലകുലുക്കിയത്. ജഴ്‌സി ഊരി താരം തന്റെ രണ്ടാം ഗോള്‍ നേട്ടം ആഘോഷിച്ചു. ഒടുവില്‍ 66-ാം മിനിറ്റില്‍ ‘മത്സരത്തിലെ താരത്തെ’ ഗോവന്‍ മാനേജര്‍ മനേലോ മാര്‍ക്വസ് പിന്‍വലിക്കുകയും ചെയ്തു. 72-ാം മിനിറ്റില്‍ ഗോവന്‍ ജയം ഉറപ്പിച്ച് മൂന്നാമത്തെ ഗോളും പിറന്നു. ഡെജന്‍ ഡ്രാസിക് ആണ് ഇത്തവണ വലചലിപ്പിച്ചത്.ടീമിനൊപ്പമുള്ള മനേലോ മാര്‍ക്വസിന്റെ അവസാന മത്സരമായിരുന്നു ഇത്. ക്ലബിന്റെ പരിശീലക സ്ഥാനം ഒഴിയുന്ന മാര്‍ക്വസ് ഇനി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ മുഴുവന്‍ സമയ പരിശീലകനാകും. നേരത്തെ എഫ് സി ഗോവയ്‌ക്കൊപ്പം ഇന്ത്യന്‍ ടീമിനെയും പരിശീലിപ്പിച്ച് വരികയായിരുന്നു അദ്ദേഹം

Leave a Reply

Your email address will not be published. Required fields are marked *