Your Image Description Your Image Description
Your Image Alt Text

കാഞ്ഞൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളി തിരുന്നാൾ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ഉറപ്പ് വരുത്തികൊണ്ടാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുക. അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി അൻവർ സാദത്ത് എം.എല്‍.എയുടെയും ജില്ലാ കളക്ടര്‍ എൻ. എസ്. കെ ഉമേഷിന്റെയും നേതൃത്വത്തില്‍ യോഗം ചേർന്നു.

തിരുനാള്‍ സുഗമമായി നടപ്പിലാക്കാൻ സമയബന്ധിതമായും സംയുക്തമായും പ്രവർത്തികൾ പൂർത്തീകരിക്കാൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ജനുവരി 19, 20, 26,27 തീയതികളിലാണ് കാഞ്ഞൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ തിരുനാള്‍ നടക്കുന്നത്. യോഗത്തിൽ വിവിധ വകുപ്പുകൾ തങ്ങളുടെ നേതൃത്വത്തിൽ ഒരുക്കുന്ന സജ്ജീകരണങ്ങൾ വ്യക്തമാക്കി.
തിരുനാള്‍ ദിവസങ്ങളില്‍ ക്രമസമാധാനച്ചുമതലക്കായി കൂടുതല്‍ പോലീസുകാരെ വിന്യസിക്കും. മോഷണം, പോക്കറ്റടി എന്നിവ തടയുന്നതിന് പ്രാധാന്യം നൽകും. പള്ളിയുടെ സമീപ പ്രദേശങ്ങളില്‍ പാര്‍ക്കിങ്ങ് നിരോധിക്കുകയും കൂടുതല്‍ പാര്‍ക്കിങ്ങ് ഗ്രൗണ്ടുകള്‍ സജ്ജമാക്കുകയും ചെയ്യും.
വൈദ്യുതി ബന്ധം വിച്ഛേദിക്കാതിരിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ നടത്തിയതായി കെ.എസ്.ഇബി അറിയിച്ചു.

സുരക്ഷ ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ്, ലീഗൽ മെട്രോളജി, ആരോഗ്യം തുടങ്ങിയ വകുപ്പുകൾ സംയുക്തമായി സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തും. ഭക്ഷണത്തിന്റെ ഗുണനിലവാരം, വില തുടങ്ങിയവ കൃത്യമായി പരിശോധിക്കും.

റോഡിന്റെ അറ്റകുറ്റ പണികൾ പൂർത്തിയായി ഗതാഗതം സുഗമമാക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകി. ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി പൊളിച്ചിട്ടിരിക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.തിരുനാള്‍ ദിവസങ്ങളില്‍ അഗ്‌നി രക്ഷാ സേനാ ഉദ്യോഗസ്ഥരുടെ സേവനവും ഉറപ്പാക്കും.

പൂര്‍ണമായും ഹരിത പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടായിരിക്കും തിരുനാള്‍ നടത്തുന്നത്. മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. ഇതിനായി ഹരിത കേരള മിഷനും ശുചിത്വ മിഷനും സംയുക്തമായി പ്രവർത്തനങ്ങൾ നടപ്പിലാക്കും. സമീപത്തെ കടകളിൽ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് പരിശോധന നടത്തും. അജൈവ- ജൈവ മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കുന്നതിന് സജ്ജീകരണങ്ങൾ ഏർപ്പെടുത്തും. റോഡുകളിൽ ദിശ ബോർഡുകൾ സ്ഥാപിക്കാനും നിർദ്ദേശം നൽകി.

കാഞ്ഞൂർ ഫൊറോന പള്ളിയിൽ നടന്ന യോഗത്തിൽ പെരുമ്പാവൂർ എ.എസ്.പി മോഹിത് റാവത്ത്, പള്ളി വികാരി ഫാ. ജോസഫ് കണിയാംപറമ്പിൽ, ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദൻ, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പള്ളി, തിരുനാൾ കമ്മിറ്റി ജനറൽ കൺവീനർ ജോയി ഇടശ്ശേരി, മറ്റു ഭാരവാഹികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *