Your Image Description Your Image Description

ബെംഗളൂരു: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെ വെറുതെ വിടരുതെന്നും, വേണമെങ്കിൽ പാകിസ്താനെതിരെ ചാവേറാകാന്‍ താൻ ഒരുക്കമാണെന്ന് അറിയിച്ച് കര്‍ണാടക മന്ത്രി. ഹൗസിങ്, ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി സമീർ അഹമ്മദ് ഖാൻ ആണ് പാകിസ്താനെതിരെ താൻ ഒറ്റയ്ക്ക് ചെന്ന് ആക്രമണം നടത്താമെന്ന് അഭിപ്രായപ്പെട്ടത്. ശരീരത്തില്‍ ബോംബ് കെട്ടി പോകാമെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഇതിന് അനുവാദം തരണമെന്നും മന്ത്രി പറഞ്ഞു. ചാംരാജ്‌പേട്ട് മണ്ഡലത്തില്‍ നിന്ന് 5 തവണ തെരഞ്ഞെടുക്കപ്പെട്ടയാളാണ് സമീര്‍ അഹമ്മദ് ഖാന്‍. കോണ്‍ഗ്രസ് ടിക്കറ്റിലാണ് അസംബ്ലിയിലേക്ക് എത്തിയത്.

‘നമ്മള്‍ ഹിന്ദുസ്ഥാനികള്‍ക്ക് ഇപ്പോള്‍ പാകിസ്താനുമായി യാതൊരു ബന്ധവും അവശേഷിക്കുന്നില്ലെന്നും പാകിസ്താൻ എന്നും ഇന്ത്യയുടെ ശത്രുവാണ്. നരേന്ദ്ര മോദിയും അമിത് ഷായും അനുവദിക്കുകയാണെങ്കിൽ ചാവേറായി പാകിസ്താനിൽ ആക്രമണം നടത്താൻ തയ്യാറാണ്’ എന്നാണ് സമീർ പറഞ്ഞത്. ഇത് കേട്ടയുടനെ മാധ്യമപ്രവർത്തകർ അടക്കം ചിരിച്ചു. എന്നാൽ ചാവേറാകാന്‍ തയ്യാറെന്ന് താന്‍ തമാശ പറയുകയോ പെട്ടെന്നുള്ള വികാരത്തിന് പുറത്ത് പറയുന്നതോ അല്ലെന്നും സമീര്‍ അഹമ്മദ് ഖാന്‍ പറഞ്ഞു.

പഹൽഗാം ഭീകരാക്രമണം മനുഷ്യത്വരഹിതവും കാടത്തവുമാണ് എന്നും സമീർ അഭിപ്രായപ്പെട്ടു. പാകിസ്താനുമായി ഒരു യുദ്ധമുണ്ടാകുന്നത് ഉചിതമാകില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിയില്‍ നിന്നും ഇത്തരമൊരു പ്രതികരണമുണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *