Your Image Description Your Image Description

കൊച്ചി: പെരുമ്പാവൂരിൽ വൻ രാസലഹരി വേട്ട. 126 ഗ്രാം ഹെറോയിനുമായി നാല് ഇതര സംസ്ഥാനത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു. 10 സോപ്പുപെട്ടി ബോക്സുകളിലായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന പ്രധാന കണ്ണികളിലൊരാണ് പിടിയിലായവരിൽ ഒരാൾ. ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നുള്ള പരിശോധനയിൽ ചെമ്പറക്കി ഭാഗത്തുവെച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അസം നൗഗാവ് സ്വദേശികളായ ഷുക്കൂർ അലി (31), സബീർ ഹുസൈൻ (32), സദ്ദാം ഹുസൈൻ (37), റമീസ് രാജ് (38) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും തടിയിട്ടപറമ്പ് പോലീസും ചേർന്ന് പിടികൂടിയത്.

മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനികളിലൊരാളാണ് പിടിയിലായ ഷുക്കൂർ അലി. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്തുന്നതിനാണ് മയക്കുമരുന്ന് എത്തിച്ചത്. അസമിൽ നിന്ന് ബോക്സ് ഒന്നിന് 30,000 രൂപ നിരക്കിൽ വാങ്ങുന്ന ഹെറോയിൻ ഇവിടെ എഴുപതിനായിരം രൂപ നിരക്കിലായിരുന്നു വിൽപ്പന. അസമിൽ നിന്ന് ട്രെയിൻ മാർഗ്ഗം ആലുവയിൽ എത്തി, തുടർന്ന് ഓട്ടോറിക്ഷയിൽ പെരുമ്പാവൂരിലേക്ക് പോകുന്ന വഴിയാണ് ഇവരെ പിടികൂടിയത്. സോപ്പുപെട്ടി ബോക്സുകളിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. മ്യാൻമറിൽ നിന്ന് നാഗാലാൻഡ് വഴിയാണ് ഹെറോയിൻ കേരളത്തിലേക്ക് എത്തുന്നതെന്ന് മുഖ്യകണ്ണിയായ ഷുക്കൂർ അന്വേഷണ സംഘത്തിനോട് പറഞ്ഞു.

ഷുക്കൂർ നേരത്തെ മയക്കുമരുന്ന് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചയാളാണ്. സദ്ദാം ഹുസൈനും സാബിർ ഹുസൈനും സഹോദരങ്ങളാണ്. പെരുമ്പാവൂർ എഎസ്പി ശക്തിസിങ് ആര്യ, ഇൻസ്പെക്ടർ പി.ജെ. കുര്യാക്കോസ്, സബ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ, എഎസ്ഐമാരായ കെ.എ. നൗഷാദ്, പി.എ. അബ്ദുൽ മനാഫ്, സീനിയർ സിപിഒമാരായ വർഗീസ് ടി. വേണാട്ട്, ടി.എ. അഫ്സൽ, ബെന്നി ഐസക്, മാഹിൻ ഷാ, കെ.എസ്. അനൂപ്, കെ.ആർ. രാഹുൽ, സി.പി.ഒ മാരായ കെ.ആർ. വിപിൻ, ജോസ് എബ്രഹാം എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *