Your Image Description Your Image Description

തിരുവനന്തപുരം: ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ മൂന്ന് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി. അസോസിയേഷനെതിരെ സത്യവിരുദ്ധമായതും അപമാനകരവുമായ പ്രസ്താവന നടത്തിയെന്നാരോപിച്ചാണ് നടപടി. കേരള ക്രിക്കറ്റ് ടീമില്‍ നിന്ന് ഒഴിവാക്കിയത് സംബന്ധിച്ച് സഞ്ജുവിനെ പിന്തുണച്ച് ശ്രീശാന്ത് സംസാരിച്ചതാണ് വിവാദങ്ങള്‍ക്ക് അടിസ്ഥാനം.

ബുധനാഴ്ച എറണാകുളത്ത് ചേര്‍ന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക ജനറല്‍ ബോഡി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ കേരള ക്രിക്കറ്റ് ലീഗ് ഫ്രഞ്ചൈസി ടീമായ കൊല്ലം ഏരീസ് സഹ ഉടമയാണ് ശ്രീശാന്ത്. പരാമര്‍ശങ്ങളെ തുടന്ന് നേരത്തെ ശ്രീശാന്തിനും ഫ്രഞ്ചൈസി ടീമുകളായ കൊല്ലം ഏരീസ്, ആലപ്പി ടീം ലീഡ് കൊണ്ടെന്റെര്‍ സായി കൃഷ്ണന്‍ , ആലപ്പി റിപ്പിള്‍സ് എന്നിവര്‍ക്കെതിരെയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

 

ടീമുകള്‍ നോട്ടീസിന് തൃപ്തികരമായ മറുപടി നല്‍കിയതുകൊണ്ട് അവര്‍ക്കെതിരെ നടപടികള്‍ തുടരേണ്ടതില്ലെന്നും ടീം മാനേജ്‌മെന്റില്‍ അംഗങ്ങളെ ഉൾപ്പെടുത്തുമ്പോൾ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കാനും യോഗം തീരുമാനിച്ചു. സഞ്ജു സാംസണിന്റെ പേരില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച പിതാവ് സാംസണ്‍ വിശ്വനാഥ്, റെജി ലൂക്കോസ്, ചാനല്‍ അവതാരക എന്നിവര്‍ക്കെതിരെയും നഷ്ടപരിഹാരത്തിന് കേസ് നൽകാൻ ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനമായതായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *