Your Image Description Your Image Description

കോഴിക്കോട്: സംസ്ഥാനത്തെ മോട്ടോര്‍വാഹന വകുപ്പിന് സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) നല്‍കിവരുന്ന എല്ലാ സേവനങ്ങളും ഇന്ന് മുതല്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് സി-ഡിറ്റ് ഡയറക്ടർ. മോട്ടോര്‍വാഹന വകുപ്പിനും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും കരാര്‍ പുതുക്കുന്നതടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് സി-ഡിറ്റ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, അതിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു കടുത്ത നടപടിക്ക് സി-ഡിറ്റ് ഒരുങ്ങിയത്.

മോട്ടോര്‍ വാഹനവകുപ്പ് ഓഫീസുകളിലെ കംപ്യൂട്ടറുകളുടെ സര്‍വീസ്, കുടിവെള്ള വിതരണം, എ ഫോര്‍ പേപ്പറുകളുടെ വിതരണം തുടങ്ങിയതൊക്കെ ചെയ്യുന്നത് സി-ഡിറ്റ് ആണ്. അതിനായി ഓഫീസുകളില്‍ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുമുണ്ട്. സേവനങ്ങള്‍ അവസാനിപ്പിക്കുന്നതിലൂടെ ഐടി ഉപകരണങ്ങള്‍ തകരാറിലായാല്‍ ഓഫീസ് പ്രവര്‍ത്തനം താളം തെറ്റുന്ന അവസ്ഥയുണ്ടാകും. ഉപകരണങ്ങളുടെ വിതരണം അവസാനിച്ചാലും വലിയ ബുദ്ധിമുട്ടുണ്ടാകും. ഇത് ജനങ്ങള്‍ക്കുള്ള സേവനത്തെ ബാധിക്കുമെന്നും ആശങ്കയുണ്ട്.

സി-ഡിറ്റുമായി വര്‍ഷങ്ങളായുള്ള കരാറാണിത്. മോട്ടോര്‍വാഹന വകുപ്പും സി-ഡിറ്റുമായുള്ള ഫെസിലിറ്റി മാനേജ്മെന്റ് സര്‍വീസ് മൂന്ന് വര്‍ഷ കരാര്‍ 2021 ജനുവരി 31-ന് അവസാനിച്ചെങ്കിലും സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നാല് വര്‍ഷത്തോളമായി സി-ഡിറ്റ് തുടര്‍ന്നും സേവനം നല്‍കുകയായിരുന്നു. എന്നാല്‍ അഞ്ച് മാസമായി പ്രവര്‍ത്തനത്തുക ലഭിച്ചിട്ടില്ല. അതിനുപുറമേ പുതുക്കിയ കരാര്‍ വ്യവസ്ഥകള്‍ അംഗീകരിച്ച്‌ നല്‍കാത്തതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇത്തരത്തില്‍ സേവനങ്ങള്‍ നിര്‍ത്തിക്കൊണ്ട് സി-ഡിറ്റ് ഡയറക്ടര്‍ ഉത്തരവിറക്കിയത്.
മോട്ടോര്‍വാഹന വകുപ്പില്‍ താത്കാലികമായി ജോലിചെയ്യുന്ന ജീവനക്കാരുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ ജോലിയില്‍ നിന്ന് വിടുതല്‍ ചെയ്യുന്നതായും ഉത്തരവിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *