Your Image Description Your Image Description

ലഹരി ഉപയോഗത്തിനെതിരെ നടന്‍ ഉണ്ണി മുകുന്ദന്‍ രംഗത്ത്. ഏറ്റവും ഒടുവിലിറങ്ങിയ തന്റെ ഹിറ്റ് ചിത്രം ‘മാര്‍ക്കോ’യിലെ ടൈറ്റില്‍ കഥാപാത്രത്തെ ഓര്‍മിപ്പിച്ചാണ്‌ ഉണ്ണി മുകുന്ദന്റെ പ്രതികരണം വന്നത്. കയ്യിൽ സിഗരറ്റുള്ള ‘മാര്‍ക്കോ’യെ അനുകരിക്കാന്‍ എളുപ്പമാണെന്നും എന്നാല്‍ സിക്‌സ്പായ്ക്കുള്ള ‘മാര്‍ക്കോ’ ആവാനാണ് ശ്രമിക്കേണ്ടതെന്നും ഉണ്ണി മുകുന്ദൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു. സിനിമ മേഖലയിലെ ലഹരി ഉപയോഗം ചര്‍ച്ചയാവുന്നതിനിടെയാണ് ഉണ്ണി മുകുന്ദന്റെ കുറിപ്പ്. കഞ്ചാവ് ഉപയോഗത്തിനിടെ രണ്ട് സംവിധായകരും സിനിമ പിന്നണി ഗായകന്‍ കൂടിയായ റാപ്പറും നേരത്തെ അറസ്റ്റിലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഉണ്ണി മുകുന്ദന്റെ കുറിപ്പ്.

‘ബ്രാന്‍ഡിനും തരത്തിനും അനുസരിച്ച് ഒരു സിഗരറ്റിന്റെ ഭാരം 0.7 മുതല്‍ 1.0 ഗ്രാം വരെയാണ്. ഫില്‍റ്ററും പേപ്പറുമടക്കം ശരാശരി ഒരു സിഗരറ്റിന്റെ ഭാരം ഒരുഗ്രാമാണ്. സിഗരറ്റ് ഉപയോഗിക്കുന്നതാണ് പൗരുഷം എന്ന് കരുതുന്നവര്‍ ദയവുചെയ്ത് നിങ്ങളുടെ സാധ്യതകള്‍ പുനഃപരിശോധിക്കുക’, ഉണ്ണി മുകുന്ദന്‍ കുറിച്ചു. ‘നിങ്ങളുടെ അറിവിലേക്ക്: ‘ഹൈ’ ആവാന്‍ പുരുഷന്മാര്‍ 50 കിലോ ഭാരം ഉയര്‍ത്തുന്നു. ഗയ്‌സ്, തിരഞ്ഞെടുപ്പ് നിങ്ങളുടേതാണ്. പിന്‍കുറിപ്പ്: കയ്യിൽ സിഗരറ്റുള്ള ‘മാര്‍ക്കോ’യെ അനുകരിക്കാന്‍ എളുപ്പമാണ്. സിക്‌സ്പായ്ക്കുള്ള ‘മാര്‍ക്കോ’ ആവാന്‍ ശ്രമിക്കുക. രണ്ടാമത്തേതിന് അല്‍പം നിശ്ചയദാര്‍ഢ്യം ആവശ്യമാണ്’, ഉണ്ണി മുകുന്ദൻ കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ‘റെട്രോ’യുടെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുമ്പോള്‍ സമാന ആഹ്വാനവുമായി നടന്‍ സൂര്യയും രംഗത്തെത്തിയിരുന്നു. ‘റെട്രോ’യില്‍ താന്‍ സിഗരറ്റ് വലിക്കുന്നതായി കാണിക്കുന്നുണ്ടെങ്കിലും സ്വന്തം ജീവിതത്തില്‍ താന്‍ ഒരിക്കലും പുകവലിച്ചിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം ആരാധകരോടും പുകവലിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആഹ്വാനം ചെയ്തു. തിരുവനന്തപുരം ലുലു മാളില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ്‌ സൂര്യ ഇക്കാര്യം പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *