Your Image Description Your Image Description
Your Image Alt Text

ആസാം സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്(എഎസ്ടിസി) 100 ഇലക്ട്രിക് ബസുകൾ വിതരണം ചെയ്ത് ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്‌സ്. സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യുന്ന അള്‍ട്ര ഇലക്ട്രിക് ബസുകളാണ് കമ്പനി വിതരണം ചെയ്തിരിക്കുന്നത്. 9 മീറ്ററുള്ള എയര്‍ കണ്ടീഷന്‍ ചെയ്ത ബസുകളാണ് ഇനി അസാമിലെ നിരത്തിലോടുക. സീറോ എമിഷന്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാണ് ബസ് നിര്‍മ്മിച്ചിരിക്കുന്നത്. സവിശേഷമായ ഫീച്ചേഴ്‌സോടുകൂടിയ ബസില്‍ നൂതന ബാറ്ററി സിസ്റ്റവും ഉണ്ട്. ജനുവരി 1 ആസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ സാന്നിദ്ധ്യത്തിലാണ് ബസുകള്‍ നിരത്തിലിറക്കിയത്.

 

” പൊതുഗതാഗതം കൂടുതല്‍ കാര്യക്ഷമമാക്കുകയെന്നത് ഞങ്ങളുടെ പ്രധാന ദൗത്യമാണ്. അതിനായി ഒരു അവസരം നല്‍കിയ ആസം സര്‍ക്കാരിനും എഎസ്ടിസിയ്ക്കും നന്ദി പറയുന്നു. നിരവധി സുരക്ഷാ പരിശോധനകള്‍ക്കൊടുവിലാണ് ഈ ബസുകള്‍ നിരത്തിലിറക്കിയിരിക്കുന്നത്. പരിസ്ഥിതി സൗഹാര്‍ദ്ദമായ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ബസുകള്‍ യാത്രക്കാരുടെ യാത്ര കൂടുതല്‍ സുഗമമാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ടാറ്റാ അള്‍ട്രാ ഇലക്ട്രിക് ബസുകളുടെ സേവനം ഗുവാഹത്തിയിലെ ഓരോ ജനങ്ങള്‍ക്കും എത്തിക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു,” ടാറ്റാ മോട്ടോഴ്‌സ് സിവി പാസ്‌ഞ്ചേഴ്‌സ് വൈസ് പ്രസിഡന്റും ബിസിനസ് തലവനുമായ രോഹിത് ശ്രീവാസ്തവ പറഞ്ഞു.

 

ഇതിനോടകം ടാറ്റ മോട്ടോഴ്സ് ഇന്ത്യയിലെ നിരവധി നഗരങ്ങളിലായി 1,500-ലധികം ഇലക്ട്രിക് ബസുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഈ ബസുകള്‍ പത്ത് കോടി കിലോമീറ്ററിലധികം സഞ്ചരിച്ച് കഴിഞ്ഞിട്ടുമുണ്ട്. അതേസമയം ടാറ്റയുടെ അള്‍ട്രാ ഇവി ബസുകള്‍ നഗര യാത്രകള്‍ക്ക് പുതിയ മാനദണ്ഡം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞ ഊര്‍ജ ഉപയോഗത്തിനും പ്രവര്‍ത്തന ചെലവിനും കാരണമാകുന്ന ബസുകളാണിവ. സീറോ എമിഷന്‍, സുഖകരമായ ബോര്‍ഡിംഗ്, മികച്ച സീറ്റിംഗ് സംവിധാനം, ഡ്രൈവര്‍ സൗഹാര്‍ദ്ദമായ അന്തരീക്ഷം എന്നീ ഫീച്ചറുകളാണ് ഈ ബസിന്റെ പ്രധാന സവിശേഷത. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍, എയര്‍ സസ്‌പെന്‍ഷന്‍, ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം (ഐടിഎസ്), പാനിക് ബട്ടണ്‍ എന്നിവയും ഇവയില്‍ സജ്ജീകരിച്ചിരിക്കുന്നു. ഇതിലൂടെ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനും സാധിക്കുന്നു. കൂടാതെ നഗര യാത്രക്കാരുടെ ഗതാഗത ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കുന്ന ഇലക്ട്രോണിക് ബസ് കൂടിയാണിവ.

Leave a Reply

Your email address will not be published. Required fields are marked *