Your Image Description Your Image Description
Your Image Alt Text

ഇറാൻ പിടിച്ചെടുത്ത ഇസ്രായേലി ചരക്കുകപ്പൽ എം എസ് സി എരീസിലെ മലയാളികളുൾപ്പെടെയുളള ജീവനക്കാരുടെ മോചനം അന്തമായി നീളുന്നു. ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ അറിയിച്ചെങ്കിലും ഇവരെ നാട്ടിലേക്കയയ്ക്കാന്‍ കപ്പൽ കമ്പനി തയ്യാറാകാത്തതാണ് പ്രതിസന്ധി. ജീവനക്കാരെ തിരികെയെത്തിക്കാൻ വിദേശകാര്യമന്ത്രാലയം അടിയന്തിരമായി ഇടപെടണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചതിന് പിന്നാലെ കഴിഞ്ഞ മാസം 13നാണ് ഹോർമൂർ കടലിടുക്കിൽ വച്ച് എംഎസ്‍സി ഏരീസ് എന്ന ഇസ്രായേല്‍ ബന്ധമുളള ചരക്കുകപ്പൽ ഇറാൻ പിടിച്ചെടുത്ത്. ഒരു വനിതയുൾപ്പെടെ 25 ജീവനക്കാര്‍ കപ്പലിലുണ്ടായിരുന്നു.ഇതില്‍ 4 മലയാളികളടക്കം 17 പേരും ഇന്ത്യക്കാരായിരുന്നു. ഇന്ത്യ അടക്കമുളള രാജ്യങ്ങള്‍ ജീവനക്കാരുടെ മോചനത്തിനായി നയതന്ത്ര നീക്കങ്ങള്‍ തുടങ്ങിയതിനു പിന്നാലെ ഏക വനിതയായ ആൻ ടെസ ജോസഫിനെ വിട്ടയച്ചു.

എന്നാല്‍ ബാക്കിയുളളവരുടെ മോചന കാര്യത്തില്‍ അനിശ്ചത്വം തുടര്‍ന്നു. ഇതിനിടെ, കപ്പല്‍ തടഞ്ഞുവച്ചിട്ടുണ്ടെങ്കിലും ജീവനക്കാരെ സ്വതന്ത്രരാക്കിയതായുമുളള ഇറാന്‍റെ അറിയിപ്പും വന്നു. എന്നാല്‍ കപ്പലിൽ തന്നെ തുടരാനാണ് ജീവനക്കാർക്ക് കമ്പനി നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിന്‍റെ കാരണമെന്തെന്നും കപ്പല്‍ കമ്പനി വ്യക്തമാക്കിയിട്ടില്ലെന്ന് കപ്പലിലുളള മലയാളികളുടെ ബന്ധുക്കള്‍ പറയുന്നു.

വയനാട്ടിൽ നിന്നുളള പി വി ധനേഷ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട്ട്കാരൻ സുമേഷ് എന്നിവരാണ് ഇപ്പോൾ കപ്പലിലുളള മലയാളികൾ.കപ്പലും ചരക്കും മാത്രമാണ് കസ്റ്റഡിയിലുളളതെന്നും ജീവനക്കാർക്ക് എപ്പോൾ വേണമെങ്കിലും മടങ്ങാമെന്നും ഇറാൻ ഔദ്യോഗികമായി കപ്പൽ കമ്പനിയെ അറിയിച്ചിട്ടുണ്ട്. പകരം ജീവനക്കാരെ കപ്പലിലേക്ക് കമ്പനി നിയോഗിച്ചാലേ ഇവരുടെ മോചനം സാധ്യമാകൂവെന്നാണ് വിവരം. ഇതിനായി കേന്ദ്ര വിശേദകാര്യ മന്ത്രാലയം സമ്മർദ്ദം ചെലുത്തണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *