Your Image Description Your Image Description

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ സൈനിക നടപടികൾക്ക് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ റഷ്യൻ സന്ദർശം റദ്ദാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മേയ് ഒമ്പതിന് നടക്കുന്ന വിക്ടറി ദിന പരിപാടിയിലേക്കായിരുന്നു പ്രധാനമന്ത്രിക്ക് ക്ഷണം ലഭിച്ചിരുന്നത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തുടർ നടപടികളുടെ പേരിലാണ് റഷ്യൻ സന്ദർശനം റദ്ദാക്കിയത്. പാക്കിസ്ഥാനെതിരെ സാമ്പത്തിക ഉപരോധമടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കാൻ ഇന്ത്യ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. മരുന്നുകളടക്കം കയറ്റുമതി ചെയ്യുന്ന വ്യാപാര പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്നാണ് സൂചന. പ്രത്യേക പാർലമെന്റ് സമ്മേളനമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ പരിഗണിക്കും. പഹൽഗാം ഭീകരാക്രമണ ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്താനും സുരക്ഷകാര്യങ്ങൾ അവലോകനം ചെയ്യാനുമുള്ള കേന്ദ്ര മന്ത്രിസഭാ സമിതിയുടെ നിർണായകയോഗം ബുധനാഴ്ച നടന്നിരുന്നു. പഹൽഗാം ഭീകരാക്രമണത്തിനുശേഷമുള്ള രണ്ടാമത്തെ ഉന്നത തല യോഗമാണ് ബുധനാഴ്ച നടന്നത്. പാകിസ്ഥാനെതിരെ ഇന്ത്യ സൈനിക നടപടി ആരംഭിക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതോടെ പാകിസ്ഥാൻ ഭരണകൂടം ആശങ്കയുടെ മുൾമുനയിലാണ്. പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന് തിരിച്ചടി നൽകാൻ ഇന്ത്യൻ സൈന്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൂർണസ്വാതന്ത്യം നൽകിയെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പാക്ക് ഭരണകൂടം ഭീതിയിലായത്. 1999ലെ കാർഗിൽ യുദ്ധത്തിന് മുമ്പ് കാബിനറ്റ് അനുമതി നൽകിയിരുന്നു. അന്ന് നിയന്ത്രണ രേഖ മറികടക്കരുതെന്ന നിർദ്ദേശം ഉണ്ടായിരുന്നു. ഇത്തവണ സൈനിക നടപടിയുണ്ടായാൽ അത് എങ്ങനെയാകുമെന്ന് കണ്ടറിയണം.ഒരു പക്ഷേ, സൈനിക നടപടി സ്വീകരിച്ചാൽ ഇന്ത്യയ്ക്ക് സേനയ്ക്ക് മുമ്പിൽ പാകിസ്ഥാന് എത്ര ദിവസം പിടിച്ചുനിൽക്കാൻ കഴിയുമെന്ന ചോദ്യമാണ് ഉയരുന്നത്.പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നിരുന്നു. പ്രധാനമന്ത്രിയുടെ ലോക് കല്യാൺ മാർഗിലുള്ള ഔദ്യോഗിക വസതിയിലാണ് യോഗം ചേർന്നത്. സുരക്ഷ, സമ്പദ് വ്യവസ്ഥ തുടങ്ങിയ നിരവധി വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കര-വ്യോമ- നാവിക സേനകളുടെ മേധാവിമാർ ഉൾപ്പെടെ യോഗത്തിൽ പങ്കെടുത്തു. സുരക്ഷാ തയാറെടുപ്പുകൾ വിലയിരുത്തുന്നതിനായി സുരക്ഷാകാര്യ മന്ത്രിസഭാ സമിതി ഉൾപ്പെടെ നാല് ഉന്നതതല യോഗങ്ങൾ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകാൻ കച്ചമുറുക്കി ഇറങ്ങുകയാണ് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം. കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ പാക്കിസ്ഥാന് തിരിച്ചടി നൽകാൻ കര, നാവിക, വ്യോമസേനകൾക്ക് പ്രധാനമന്ത്രി പൂർണ സ്വാതന്ത്ര്യം നൽകി. അതിർത്തികളിൽ സൈന്യം നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. അതിനിടെ ദേശീയ സുരക്ഷാ ഉപദേശക സമിതി (എൻഎസ്എബി) കേന്ദ്രസർക്കാർ പുനഃസംഘടിപ്പിച്ചു. സായുധ സേന, ഇന്റലിജൻസ്, നയതന്ത്രം, പോലീസ് സർവീസുകൾ എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് തീരുമാനമെടുത്തത്. എൻഎസ്എബിയുടെ പുതിയ ചെയർമാനായി മുൻ റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ) മേധാവി അലോക് ജോഷിയെ നിയമിച്ചു. ഇന്ത്യയുടെ സൈനിക, പോലീസ്, വിദേശ സേവനങ്ങളിൽ നിന്നുള്ള വിരമിച്ച മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഏഴ് അംഗ ബോർഡാണ് രൂപീകരിച്ചത്. മുൻ വെസ്റ്റേൺ എയർ കമാൻഡർ എയർ മാർഷൽ പിഎം സിൻഹ, മുൻ ദക്ഷിണ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ എകെ സിംഗ്, സായുധ സേനയിൽ നിന്നുള്ള റിയർ അഡ്മിറൽ മോണ്ടി ഖന്ന എന്നിവരും സമിതി അംഗങ്ങളാണ്. മുൻ ഐപിഎസ് ഓഫീസർമാരായ രാജീവ് രഞ്ജൻ വർമ്മ, മൻമോഹൻ സിംഗ്, മുൻ ഐഎഫ്എസ് ഉദ്യോഗ്ഥൻ ബി വെങ്കടേഷ് വർമ്മയുമാണ് മറ്റ് അംഗങ്ങൾ. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാകാര്യ കാബിനറ്റ് കമ്മിറ്റി (സിസിഎസ്), ‘സൂപ്പർ കാബിനറ്റ്’ എന്നറിയപ്പെടുന്ന രാഷ്ട്രീയകാര്യ കാബിനറ്റ് കമ്മിറ്റി (സിസിപിഎ) യോഗങ്ങൾക്ക് പിന്നാലെയാണ് സമിതിയുടെ പുനഃസംഘടന. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ അധ്യക്ഷത വഹിച്ച പ്രത്യേക ഉന്നതതല യോഗം നേരത്തെ നടന്നിരുന്നു. അർദ്ധസൈനിക വിഭാഗങ്ങളുടെ മേധാവികളും മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *