Your Image Description Your Image Description

തിരുവനന്തപുരം: ആക്‌സിയം 4 വിക്ഷേപണത്തിൻ്റെ സമയം കുറിച്ചു. മെയ് 29ന് രാത്രി പത്തരയ്ക്കാണ് പേടകത്തിന്റെ വിക്ഷേപണം നടക്കുക. രാകേഷ് ശർമ്മയ്ക്ക് ശേഷം ഇന്ത്യക്കാരനായ ശുഭാൻഷു ശുക്ല ആദ്യമായി ബഹിരാകാശ നിലയത്തിലേക്ക് പോകുന്നുവെന്ന പ്രത്യേകതയും ഈ ദൗത്യത്തിനുണ്ട്. നാസയുടെ മുതിർന്ന ബഹിരാകാശ പര്യവേഷക പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്ലിയം 4-ലെ മറ്റ് അംഗങ്ങൾ. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റായിരിക്കും വിക്ഷേപണ വാഹനം. സ്പേസ് എക്സിന്റെ തന്നെ ഡ്രാഗൺ പേടകമാണ് യാത്രാ വാഹനം.

സുനിത വില്യംസ് ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങി വന്ന അതേ ഡ്രാഗൺ പേടകത്തിലാണ് ശുഭാൻഷു ശുക്ലയും സംഘവും പോകുന്നത്. ഇന്ത്യൻ മണ്ണിൽ നിന്ന് ഇന്ത്യൻ പേടകത്തിൽ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഗഗൻയാൻ പദ്ധതി ഇസ്രൊയുടെയും ഇന്ത്യയുടെയും ചിരകാല സ്വപ്നമാണ്. ആ ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ട നാല് പേരിൽ ഒരാളാണ് ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല. ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ, ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ എന്നിവരാണ് മറ്റുള്ളവർ. ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായാണ് ശുഭാൻഷു ശുക്ല ബഹിരാകാശ നിലയത്തിലേക്ക് പോകാൻ ഒരുങ്ങുന്നത്.

അമേരിക്കൻ സ്വകാര്യ കമ്പനിയാണ് ആക്സിയം സ്പേസ്. ഈ കമ്പനിയുമായി സഹകരിച്ചാണ് ശുഭാൻഷുവിൻ്റെ യാത്ര. മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് ശുഭാൻഷുവിന്റെ ബാക്കപ്പ്. ശുഭാൻഷുവിന് എന്തെങ്കിലും സാഹചര്യത്തിൽ ദൗത്യം നടത്താനാകാതെ വന്നാലാണ് പ്രശാന്ത് യാത്ര ചെയ്യുക. സുനിത വില്യംസിനോളം തന്നെ പ്രശസ്തയും സുനിതയേക്കാൾ സമയം ബഹിരാകാശത്ത് ചെലവഴിച്ചിട്ടുള്ളയാളുമാണ് പെഗ്ഗി വിറ്റ്സൺ. അവരോടൊപ്പമുള്ള യാത്ര ശുഭാൻഷു അടക്കമുള്ള മറ്റ് സംഘാംഗങ്ങൾക്ക് വിലപ്പെട്ട അനുഭവമാകും.

കൂടാതെ സ്വന്തം ബഹിരാകാശ നിലയമടക്കം നിർമ്മിക്കാൻ പദ്ധതിയിടുന്ന ഇന്ത്യക്ക് വലിയ പ്രതീക്ഷയായി മാറും ഈ ദൗത്യം.

Leave a Reply

Your email address will not be published. Required fields are marked *