Your Image Description Your Image Description

കൊച്ചി: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ്‌ ഭാസിയെ സാക്ഷിയാക്കും. മറ്റ് നടപടി ക്രമങ്ങൾക്കായി അടുത്ത ദിവസം വീണ്ടും വിളിച്ചു വരുത്തും. കേസിലെ പ്രതിയായ തസ്ലിമയും ശ്രീനാഥ് ഭാസിയുമായുള്ള വാട്സ്ആപ്പ് ചാറ്റുകൾ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
കേസിൽ ”ഹൈബ്രിഡ് വേണോ എന്ന ചോദ്യത്തിന് വെയിറ്റ്’ എന്ന് മാത്രമായിരുന്നു ശ്രീനാഥ്‌ ഭാസിയുടെ മറുപടി എന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ കണ്ടെത്തി. അതേസമയം, താന്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ശ്രീനാഥ്‌ ഭാസി അന്വേഷണ സംഘത്തോട് സമ്മതിച്ചിരുന്നു. നിലവിൽ ലഹരിയിൽ നിന്ന് മുക്തി നേടാനുള്ള ശ്രമത്തിലാണ് താൻ എന്നും ശ്രീനാഥ് ഭാസി മൊഴി നൽകി.

ലഹരിയിൽ നിന്ന് മുക്തി നേടാൻ എക്സൈസിന്റെ സഹായം കൂടിവേണമെന്നും ശ്രീനാഥ്‌ ഭാസി പറഞ്ഞിരുന്നു. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലായിരുന്നു ശ്രീനാഥ് ഭാസിയുടെ തുറന്ന് പറച്ചില്‍. അതേ സമയം, ലഹരി വിമുക്ത ചികിത്സപൂർത്തിയാക്കുന്നതോടെ ഷൈൻ ടോം ചാക്കോയ്ക്ക് നിയമ പരിരക്ഷ ലഭിക്കുമെന്ന് ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണര്‍ എസ് വിനോദ് കുമാര്‍ പറഞ്ഞു. ചികിത്സ പൂർത്തിയാക്കിയില്ലെങ്കിൽ നിയമത്തിന്റെ സംരക്ഷണം ലഭിക്കില്ല. ചികിത്സയ്ക്കിടയിൽ ലഹരി കേസുകളിൽ പെടാൻ പാടില്ല. എത്ര കാലം ചികിത്സയിൽ തുടരണമെന്ന് തീരുമാനിക്കുന്നത് ലഹരി വിമുക്തി കേന്ദ്രമാണ്. ഷൈൻ ടോം ചാക്കോയുടെ ലഹരി വിമുക്ത ചികിത്സ എക്സൈസ് മേൽനോട്ടത്തിലായിരിക്കുമെന്നും ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞിരുന്നു.

ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവർക്കൊപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് അറസ്റ്റിലായ തസ്ലീമ എക്സൈസിന് നൽകിയ മൊഴി. പിന്നീട് എക്സൈസ് തസ്ലീമയുടെ ഫോൺ പരിശോധിച്ചപ്പോൾ ഇവർ തമ്മിൽ വാട്ട്സ്ആപ്പ് കോളുകൾ നടത്തിയതായി കണ്ടെത്തിയിരുന്നു. ഹൈബ്രിഡ് കഞ്ചാവ് കേസിലെ സിനിമ ബന്ധം തെളിയിക്കാനാണ് താരങ്ങളായ ഷൈന്‍ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും എക്‌സൈസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. കേസിലെ മുഖ്യപ്രതികളായ തസ്ലീമ സുല്‍ത്താനയും ഭര്‍ത്താവ് സുല്‍ത്താനും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലും പ്രതികളില്‍ നിന്ന് ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ അടിസ്ഥാനത്തിലാവും താരങ്ങളെ ചോദ്യം ചെയ്യുക. തസ്ലീമയും താരങ്ങളും തമ്മിലുള്ള ലഹരി ഇടപാടില്‍ പാലക്കാട് സ്വദേശിയായ മോഡല്‍ ഇടനിലക്കാരി ആണോ എന്നും സംശയിക്കുന്നുണ്ട്.

മോഡലിന്റെ അക്കൗണ്ടില്‍ നിന്ന് തസ്ലീമയുടെ അക്കൗണ്ടിലേക്ക് പലതവണ പണം വന്നതായി കണ്ടെത്തിയിരുന്നു. ഇത് താരങ്ങള്‍ക്കായി ലഹരി വാങ്ങിയതിന്റെ പണമാണോ എന്നാണ് സംശയം. തസ്ലിമയുടെ ഫോണിൽ നിന്നും ലഹരി ഇടപാടുമായി ബന്ധപ്പെട്ട ശ്രീനാഥ് ഭാസിയുടെ വാട്സാപ് ചാറ്റുകൾ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഷൈൻ ടോം ചാക്കോയുമായുള്ള വാട്സ്ആപ്പ് കോളുകൾ ആണ് പ്രധാനമായും കണ്ടെത്തിയത്. വാട്സ്ആപ്പ് ചാറ്റുകളും കോളുകളും സംബന്ധിച്ച്‌ വ്യക്തത വരുത്താനാണ് നടന്മാരെ ചോദ്യം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *