Your Image Description Your Image Description

പത്തനംതിട്ട  ജില്ലയില്‍ ഹെപ്പറ്റൈറ്റിസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) ഡോ. എല്‍ അനിതകുമാരി അറിയിച്ചു. മലിനമായ ആഹാരവും കുടിവെളളവും വഴി പകരുന്ന വൈറല്‍ ഹെപ്പറ്റൈറ്റിസിന്റെ എ, ഇ വിഭാഗങ്ങളാണ് കൂടുതലായി കണ്ടു വരുന്നത്. ശരീര വേദനയോട് കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദി തുടങ്ങിയവയാണ് പ്രാരംഭരോഗ ലക്ഷണങ്ങള്‍.  മൂത്രത്തിനും കണ്ണിനും മറ്റ് ശരീരഭാഗങ്ങളിലും മഞ്ഞനിറം പ്രത്യക്ഷപ്പെടും.
പ്രതിരോധ പ്രവര്‍ത്തനം തുടക്കത്തില്‍ ആരംഭിച്ചാല്‍ രോഗബാധ തടയാനാവും. ആഘോഷങ്ങള്‍, വിനോദയാത്ര, ഉത്സവങ്ങള്‍ എന്നീ വേളകളില്‍ ഭക്ഷണ പാനീയ ശുചിത്വത്തില്‍ പ്രത്യേക ശ്രദ്ധവേണം.

വ്യക്തി, പരിസര ശുചിത്വം പാലിക്കണം. നഖം വെട്ടി വൃത്തിയാക്കി സൂക്ഷിക്കണം. മലമൂത്ര വിസര്‍ജനം കക്കൂസുകളില്‍ മാത്രം ചെയ്യണം. ആഹാരം കഴിക്കുന്നതിന് മുമ്പും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകണം. കുഞ്ഞുങ്ങളുടെ വിസര്‍ജ്യങ്ങള്‍ സുരക്ഷിതമായി നീക്കണം. തിളപ്പിച്ചാറ്റിയ വെളളീ മാത്രം കുടിക്കണം. ആഹാര സാധനങ്ങളും കുടിവെള്ളവും അടച്ച് സൂക്ഷിക്കണം. പഴകിയ ആഹാരം കഴിക്കരുത്. പഴവര്‍ഗങ്ങളും പച്ചകറികളും നന്നായി കഴുകി ഉപയോഗിക്കണം. കിണര്‍ വെള്ളം നിശ്ചിത ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യണം. വയറിളക്ക രോഗങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി ഉടന്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *