Your Image Description Your Image Description

രണ്ടാം പിണറായി സർക്കാരിന്റെ ഭരണത്തിൽ തൃപ്തിയില്ലെന്നും ദേവികുളം മണ്ഡലത്തിൽ സിപിഎം-കോൺഗ്രസ് നേതാക്കളുടെ അവിശുദ്ധ ബന്ധംമൂലം മണ്ഡലത്തിൽ എൽഡിഎഫ് മുന്നണി ബന്ധം തകർന്നതായും സിപിഐയുടെ പ്രവർത്തന റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു .

മൂന്നു ദിവസമായി മൂന്നാറിൽ നടന്ന മണ്ഡലം സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് കോൺഗ്രസ്, സിപിഎം നേതാക്കളുടെ പേരെടുത്തു പറഞ്ഞുള്ള വിമർശനം ഉണ്ടായത് . സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ സാന്നിധ്യത്തിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്.

റിപ്പോർട്ടിന്റെ 7, 15, 20 പേജുകളിലാണ് നേതാക്കൾ തമ്മിലുള്ള രഹസ്യ ബന്ധങ്ങൾ സംബന്ധിച്ച് വിശദീകരിക്കുന്നത്. സിപിഐയുടെ ഒരാവശ്യങ്ങൾക്കും എംഎൽഎയും മുതിർന്ന നേതാക്കളും സഹകരിക്കാറില്ല. എന്നാൽ സിപിഎം നേതാക്കൾ കോൺഗ്രസ് നേതാവ് എ.കെ.മണിയുമായി ചേർന്ന് പല രഹസ്യ ഇടപാടുകളും നടത്തുന്നു .

സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം കെ.വി.ശശിയുടെ പേരെടുത്ത് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാക്കളുടെ ആവശ്യങ്ങൾക്കായാണ് സിപിഎം നേതാക്കൾ നിലകൊള്ളുന്നത്. ഇക്കാരണത്താൽ ദേവികുളം മണ്ഡലത്തിലെ എൽഡിഎഫ് മുന്നണി ബന്ധം തകർന്നു.

തിരഞ്ഞെടുപ്പുവേളകളിൽ മാത്രം എൽഡിഎഫ് ബന്ധം മതിയെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. ഇത്തവണത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സിപിഐ തനിച്ചു മത്സരിക്കാനാണ് താൽപര്യപ്പെടുന്നത്. പ്രവർത്തകർക്കും നേതാക്കൾക്കും ഇതേ അഭിപ്രായമാണുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇതിൽ വലിയ അതിശയോക്തിയൊന്നും സിപിഎമ്മിന് തോന്നുന്നില്ല . കാരണം സിപി ഐ എപ്പോഴും അങ്ങനെയാണ് . തോളിലിരുന്ന് ചെവി കടിക്കുന്ന സ്വഭാവം തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല , ഏറെ കാലമായിട്ടേയുള്ളതാണ് .

സിപിഐ യുടെ സമ്മേളനം നടക്കുമ്പോൾ എന്നെങ്കിലും സിപിഎമ്മിന് കുറ്റം പറയാതിരുന്നിട്ടുണ്ടോ ? കുറ്റം പറയുന്നത് , അവരുടെ ബലഹീനതയെ മറച്ചു വയ്ക്കാനാണ് . ഒന്നാമത് പാർട്ടിയെന്ന പേരേയുള്ളു , എങ്ങും പ്രവർത്തകരോ വോട്ടോ ഇല്ല , വോട്ടർമാരെ സ്വാതീനിക്കാൻ കഴിവുള്ള നേതാക്കൾ ഇല്ല .

പറയുന്നതൊക്കെ അഖില ലോക കാര്യങ്ങളാണ് , ഗുണ്ടടിക്കുന്നതിന് വേറെ ചിലവൊന്നുമില്ലല്ലോ . സെക്രട്ടറി ബിനോയ് വിശ്വം പോലും ഗീർവാണത്തിലാണ് നിലനിൽക്കുന്നത് , എന്നും ഇപ്പോഴും സിപിഎമ്മിന്റെ തോളിലിരുന്നല്ലേ എവിടെയെങ്കിലും ജയിച്ചിട്ടുള്ളത് .

സംസ്ഥാനത്ത് 140 മണ്ഡലങ്ങളുണ്ട് , ഇതിൽ ഏതെങ്കിലും മണ്ഡലത്തിൽ ഒറ്റയ്ക്ക് നിന്ന് ഒരാളെ ജയിപ്പിച്ചെടുക്കാനുള്ള കരുത്ത് സിപിഐ ക്കുണ്ടോ ? പോകട്ടെ ഒറ്റയ്ക്ക് നിന്ന് രണ്ടാം സ്ഥാനത്ത് വരാനുള്ള കരുത്തുണ്ടോ ?

അതുമില്ല , അപ്പോൾ സിപിഎമ്മിനെ ചൊറിഞ്ഞു കൂടുതൽ സീറ്റുകളും സ്ഥാനങ്ങളും ഒക്കെ നേടിയെടുക്കണം , അതിനൊരടവാണ് ഈ റിപ്പോർട്ടൊക്കെ , എങ്ങനെയും വില പേശണം , അതേയുള്ളു ലക്‌ഷ്യം .

Leave a Reply

Your email address will not be published. Required fields are marked *