Your Image Description Your Image Description

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തെ രാഷ്ട്രീയവത്കരിക്കാനില്ലെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. മനുഷ്യജീവനുകളെ രാഷ്ട്രീയ വിലപേശലിന് ഉപയോഗിക്കാൻ താൽപര്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പഹല്‍ഗാമില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വിളിച്ചുചേര്‍ത്ത ജമ്മു കശ്മീര്‍ നിയമസഭയുടെ പ്രത്യേക ഏകദിന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യം പ്രധാനമാണെങ്കിലും ഈ സമയത്ത് അത് ഉന്നയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

“ജമ്മു കശ്മീരിന്റെ ക്രമസമാധാനച്ചുമതല ഞങ്ങള്‍ക്ക് (ജമ്മു കശ്മീര്‍ സര്‍ക്കാര്‍) അല്ല. എന്നാല്‍, കേന്ദ്രത്തോട് സംസ്ഥാന പദവി ആവശ്യപ്പെടാന്‍ ഇന്നത്തെ സാഹചര്യം ഞാന്‍ ഉപയോഗിക്കില്ല. മൃതദേഹങ്ങള്‍ക്ക് മുകളിലൂടെ ഞാന്‍ സംസ്ഥാനപദവി ആവശ്യപ്പെടില്ല. മറ്റൊരു അവസരത്തിലേ ഞങ്ങള്‍ അത് ഉന്നയിക്കൂ”-ഒമര്‍ അബ്ദുള്ള പറഞ്ഞു. 26 ജീവനുകളുടെ വിലയായി സംസ്ഥാനപദവി ആവശ്യപ്പെടും വിധം വിലകുറഞ്ഞതല്ല തന്റെ രാഷ്ട്രീയം. രാഷ്ട്രീയത്തിന് തീര്‍ച്ചയായും പരിധികള്‍ വേണം, പ്രത്യേകിച്ച് മനുഷ്യജീവനുകള്‍ ഉള്‍പ്പെട്ടിരിക്കുമ്പോള്‍, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് എങ്ങനെ മാപ്പുപറയണമെന്ന് തനിക്കറിയില്ലെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു. വിനോദസഞ്ചാരികള്‍ സുരക്ഷിതരായി മടങ്ങുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് എന്റെ ഉത്തരവാദിത്വമായിരുന്നു. എനിക്ക് അത് നിര്‍വഹിക്കാനായില്ല. മാപ്പു ചോദിക്കാന്‍ എനിക്ക് വാക്കുകളില്ല. പിതാവിനെ നഷ്ടപ്പെട്ട മക്കളോട് എന്താണ് പറയുക? വിവാഹം കഴിഞ്ഞ് കുറച്ചുദിവസത്തിനകം ഭര്‍ത്താവിനെ നഷ്ടപ്പെട്ട ഭാര്യയോട് എന്ത് പറയാന്‍?, ഒമര്‍ അബ്ദുള്ള പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *