Your Image Description Your Image Description

നാട്ടറിവുകളും പരമ്പരാഗതബോധ്യങ്ങളും ശാസ്ത്രീയഅടിത്തറയോടെ നാളെയുടെ തലമുറയ്ക്കായി സമര്‍പിക്കുകയാണ് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത്. നവജാത ശിശുക്കളുടെ പ്രാഥമികപരിചരണവും ആരോഗ്യസുരക്ഷയും ഉറപ്പാക്കിയാണ് പുതുമാതൃകയുടെ തുടക്കം. ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ ആദ്യപ്രസവത്തിന് തയ്യാറെടുക്കുന്ന ബിപിഎല്‍ കുടുംബത്തില്‍പ്പെട്ട ഗര്‍ഭിണികള്‍ക്ക് ആരോഗ്യ പരിശോധന, കൗണ്‍സിലിംഗ്, പ്രസവശേഷം അമ്മയ്ക്കും കുഞ്ഞിനും പരിരക്ഷ, ഔഷധ വിതരണം എന്നിവ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ‘പനിനീര്‍ പൂവിനെ വരവേല്‍ക്കാം’ പദ്ധതിയാണ് ഗുണകരമായമാറ്റത്തിന് വഴിയൊരുക്കുന്നത്.

അന്യംനിന്നുപോയ നാട്ടറിവുകള്‍ പ്രയോജനപ്പെടുത്താനും കുടുംബാംഗങ്ങളുടെ കരുതലും പിന്തുണയും അമ്മയാകുന്ന സ്ത്രീക്ക് ലഭ്യമാക്കുന്നതിനുമാണ് പദ്ധതി. തിരഞ്ഞെടുത്ത വനിതകള്‍ക്ക് ഒരുമാസത്തെ പരിശീലനം നല്‍കി ‘ധാത്രി ബ്രിഗേഡ്‌സ്’ രൂപീകരിച്ച് സേവനം ലഭ്യമാക്കുന്നുമുണ്ട്.

സുരക്ഷിതമായ ഗര്‍ഭകാലം, അമ്മയുടെയും കുഞ്ഞിന്റെയും ശാരീരിക- മാനസികാരോഗ്യം എന്നിവ കുടുംബാംഗങ്ങളുടെ കൂടി ഉത്തരവാദിത്വമാണെന്ന സന്ദേശം എല്ലാവരിലും എത്തിക്കുകയാണ്. ബ്ലോക്ക്പരിധിയിലെ ഡോക്ടര്‍മാരുടെയും വനിതാ-ശിശുവികസന വകുപ്പിന്റെയും സഹായത്തോടെ കൈപുസ്തകവും തയ്യാറാക്കി വിതരണം ചെയ്യുന്നുണ്ട്. ഗര്‍ഭിണിയായി ഒമ്പതാം മാസം മുതല്‍ തുടങ്ങുന്ന പരിചരണം പ്രസവശേഷം 15 ദിവസം വരെയാണ് നല്‍കുക. സര്‍ക്കാര്‍ ആയുര്‍വേദ വനിത ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം പ്രസവാനന്തരം കഴിക്കേണ്ട ആയുര്‍വേദ മരുന്നുകള്‍ ഉള്‍പ്പെടെ 2500 രൂപ വില വരുന്ന സാധനങ്ങളുടെ കിറ്റും സൗജന്യമായി ലഭ്യമാക്കുന്നു.

2021 ല്‍ ആസൂത്രണ കമ്മിറ്റി ഉപാധ്യക്ഷനായിരുന്ന ദിനേശ് മുന്നോട്ടുവെച്ച ആശയമാണ് ‘പനിനീര്‍ പൂവിനെ വരവേല്‍ക്കാം’. നവജാത ശിശുക്കളുടെ പരിചരണം കൂടാതെ, ബ്ലോക്ക്പരിധിയിലെ വനിതകള്‍ക്ക് തൊഴില്‍ലഭ്യമാക്കല്‍ കൂടിയാണ് സാധ്യമാക്കുന്നത്. ഏഴ് ഗ്രാമപഞ്ചായത്തിലെ 25നും 40 നും മധ്യേ പ്രായമുള്ള സ്ത്രീകള്‍ക്കാണ് സ്വയംതൊഴില്‍പരിശീലനം നല്‍കിയത്. നിലവില്‍ ആറ് ‘ധാത്രി ബ്രിഗേഡ്‌സ്’ ഇവിടെയുണ്ട്. ഇവര്‍ക്ക് പ്രതിദിനം 500 രൂപ വീതം വേതനവും നല്‍കുന്നു.
വനിതാ ഘടകപദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യവര്‍ഷം 2,50,000 രൂപ ചിലവഴിച്ച് ബ്ലോക്ക് പരിധിയിലുള്ള 34 ഗുണഭോക്താക്കള്‍ക്ക് സേവനം ഉറപ്പാക്കി. കഴിഞ്ഞ നാലു വര്‍ഷങ്ങളായി 12 ലക്ഷത്തോളം രൂപ ചിലവഴിച്ച് 284 പേര്‍ക്കാണ് സേവനം നല്‍കിയത് എന്ന് പ്രസിഡന്റ് ആര്‍. സുന്ദരേശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *