Your Image Description Your Image Description

കോഴിക്കോട് : ഗ്രാമീണ ഭവനങ്ങളില്‍ പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയില്‍ ഒമ്പത് വര്‍ഷത്തിനിടെ കോഴിക്കോട് ജില്ലയില്‍ നല്‍കിയത് മൂന്ന് ലക്ഷത്തോളം കണക്ഷനുകള്‍. പദ്ധതിയുടെ ഒന്നാംഘട്ടം ജില്ലയില്‍ പൂര്‍ത്തിയാകുമ്പോള്‍ 2,84,750 കണക്ഷനുകളാണ് ജല അതോറിറ്റി നല്‍കിയത്.

ജലശുദ്ധീകരണശാലകളുടെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതോടെ എല്ലാ പഞ്ചായത്തുകളിലെയും മുഴുവന്‍ വീടുകളിലും വിതരണ ശൃഖല സ്ഥാപിച്ച് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാനാകും. ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പ്രകാരം 5,26,159 ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കാന്‍ 4508.95 കോടി രൂപയുടെ ഭരണ, സാങ്കേതിക അനുമതികളാണ് ലഭിച്ചത്.

രണ്ടാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ പെരുവണ്ണാമുഴിയില്‍ 100 എംഎല്‍ഡി ശുദ്ധീകരണശാല നിര്‍മിച്ച് കൂരാച്ചുണ്ട്, കായണ്ണ, നൊച്ചാട്, അരിക്കുളം, മേപ്പയൂര്‍, കീഴരിയൂര്‍, തിക്കോടി, മൂടാടി, കൂത്താളി, ചങ്ങരോത്ത്, പനങ്ങാട്, ഉള്ള്യേരി, അത്തോളി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്തുകളില്‍ കുടിവെള്ളം എത്തിക്കുന്ന പദ്ധതി 65 ശതമാനത്തോളം പൂര്‍ത്തിയായി.

ചാലിയാര്‍ പുഴ സ്രോതസ്സായി കൂളിമാട് 100 എംഎല്‍ഡി ശുദ്ധീകരണശാല നിര്‍മിച്ച് ചാത്തമംഗലം, മടവൂര്‍, കിഴക്കോത്ത്, ഉണ്ണികുളം, താമരശ്ശേരി, കുട്ടിപ്പാറ, പുതുപ്പാടി, കോടഞ്ചേരി പഞ്ചായത്തുകളില്‍ കുടിവെള്ളം എത്തിക്കുന്ന പദ്ധതിയും ഇതേ സ്രോതസ്സില്‍നിന്ന് ആരംഭിച്ച് കാരശ്ശേരി, കൊടിയത്തൂര്‍, കൂടരഞ്ഞി, തിരുവമ്പാടി ഗ്രാമപഞ്ചായത്തുകളില്‍ കുടിവെള്ളം എത്തിക്കുന്ന പദ്ധതിയുടെ പ്രവൃത്തികളും ജില്ലയില്‍ ത്വരിതഗതിയില്‍ പൂര്‍ത്തീകരിച്ചു വരുന്നു.

തുറയൂര്‍ പഞ്ചായത്തില്‍ 3,736 കണക്ഷനും കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തില്‍ 4,011 കണക്ഷനും നല്‍കി പഞ്ചായത്തുകളെ ഹര്‍ ഘര്‍ ജല്‍ പഞ്ചായത്തായി പ്രഖ്യാപിച്ചു. ജില്ലയില്‍ ആദ്യമായി 100 ശതമാനം കുടിവെള്ള കണക്ഷനുകള്‍ പൂര്‍ത്തീകരിച്ച പഞ്ചായത്തെന്ന നേട്ടം സ്വന്തമാക്കിയത് തുറയൂര്‍ ആണ്. പെരുവണ്ണാമൂഴിയിലെ 174 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ശുദ്ധീകരണശാലയില്‍നിന്നാണ് ഇവിടെ വെള്ളമെത്തിക്കുന്നത്.

ജില്ലയില്‍ കാക്കൂര്‍ (5323), കുരുവട്ടൂര്‍ (7265), ഒളവണ്ണ (14131), കക്കോടി (8602) എന്നീ പഞ്ചായത്തുകളിലെ പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *