Your Image Description Your Image Description

മക്ക: ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള ഈ വര്‍ഷത്തെ ‘നുസ്‌ക്’ കാര്‍ഡുകളുടെ വിതരണം ആരംഭിച്ച് ഹജ്ജ് ഉംറ മന്ത്രാലയം. ഒന്നര ലക്ഷത്തിലധികം കാര്‍ഡുകള്‍ കഴിഞ്ഞ ദിവസം വിതരണം പൂര്‍ത്തിയാക്കിയതായി മന്ത്രാലയം അറിയിച്ചു. പ്രതിദിനം 70,000 കാര്‍ഡുകള്‍ വരെ വിതരണം ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിവരുന്നത്. തീര്‍ഥാടകരെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ അടങ്ങുന്നതാണ് ഈ കാര്‍ഡ്. പുണ്യസ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിനും യാത്രക്കും സഞ്ചാരത്തിനും ‘നുസ്‌ക്’ കാര്‍ഡ് നിര്‍ബന്ധമാണ്.

ഹജ്ജ് വിസ അനുവദിച്ചതിന് ശേഷം ഹജ്ജ് ഓഫീസുകള്‍ വഴിയാണ് വിദേശികള്‍ക്ക് കാര്‍ഡ് വിതരണം നടത്തുന്നത്. ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് നല്‍കിയതിന് ശേഷം സര്‍വിസ് കമ്പനികള്‍ വഴിയാണ് നുസ്‌ക് കാര്‍ഡ് ലഭിക്കുക. ഹജ്ജ് പ്രദേശങ്ങളില്‍ അംഗീകൃത തീര്‍ഥാടകരെ വേര്‍തിരിച്ചറിയാന്‍ വേണ്ടി കഴിഞ്ഞ വര്‍ഷം മുതലാണ് ഈ കാര്‍ഡ് സംവിധാനം നടപ്പാക്കിയത്.

‘നുസ്‌ക്’, ‘തവക്കല്‍നാ’ എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ഈ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡിന്റെ ഡിജിറ്റല്‍ കോപ്പി ലഭ്യമാകും. മക്കയിലെയും മദീനയിലെയും തീര്‍ഥാടകരുടെ സമഗ്ര വിവരങ്ങളും സര്‍വിസ് കമ്പനിയുമായി ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പറും കാര്‍ഡുകളില്‍ അടങ്ങിയിരിക്കുന്നു. നുസുക് കാര്‍ഡില്ലാതെ ഹജ്ജിനെത്തുന്ന പ്രവണത ഇതോടെ ഇല്ലാതാവുമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍.

ഹജ്ജ് കര്‍മങ്ങള്‍ കൂടുതല്‍ വ്യവസ്ഥാപിതമാക്കാനും ഇതുവഴി ഹജ്ജ് ഉംറ മന്ത്രാലയം ലക്ഷ്യം വെക്കുന്നു. പെര്‍മിറ്റില്ലാതെ ഹജ്ജ് ചെയ്യാനെത്തുന്നവരെ വേഗത്തില്‍ കണ്ടുപിടിക്കാനും അവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാനും പുതിയ സംവിധാനം വഴി സാധിക്കും. ഉയര്‍ന്ന നിലവാരവും സുരക്ഷ മാനദണ്ഡങ്ങളും അനുസരിച്ച്, രാജ്യത്തിനുള്ളിലെ പ്രത്യേക ഫാക്ടറികളിലാണ് കാര്‍ഡുകള്‍ അച്ചടിക്കുന്നത്. ഫീല്‍ഡിലെ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് വേഗത്തില്‍ ആളെ തിരിച്ചറിയാന്‍ കഴിയുന്ന ഈ കാര്‍ഡ് തീര്‍ഥാടകര്‍ വഴിതെറ്റിപ്പോകാനുള്ള സാധ്യത കുറക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *