Your Image Description Your Image Description

കോഴിക്കോട്: ഹോട്ടലി​ന്റെ വാതിൽ പൊളിച്ച് അകത്തു കടന്ന് മോഷണം നടത്തി രക്ഷപെടുന്നതിനിടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി പിടിയിൽ. ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട യുവാവിനെ പൊലീസ് സാഹസികമായാണ് പിടികൂടിയത്. കോഴിക്കോട് കാപ്പാട് കാക്കച്ചിക്കണ്ടി 26 കാരനായ റുഫൈല്‍ ആണ് പിടിയിലായത്. 2018ല്‍ രജിസ്റ്റര്‍ ചെയ്ത മോഷണക്കേസില്‍ കോടതിയില്‍ നിന്ന് ജാമ്യം നേടി മുങ്ങിയ സംഭവത്തിലാണ് എലത്തൂര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

മാരകായുധങ്ങള്‍ ഉപയോഗിച്ച് ദേഹോപദ്രവം ഏല്‍പ്പിക്കല്‍, അടിപിടി, ബൈക്ക് മോഷണം, കവര്‍ച്ച, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ കുറ്റങ്ങള്‍ക്ക് കൊയിലാണ്ടി, അത്തോളി, നടക്കാവ്, എലത്തൂര്‍ സ്‌റ്റേഷനുകളിലായി 12 കേസുകള്‍ ഇയാള്‍ക്കെതിരേ നിലവിലുണ്ട്. കൊയിലാണ്ടി പൊലീസ് സ്‌റ്റേഷനിലെ ഗുണ്ടാലിസ്റ്റിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 2018 ഒക്ടോബര്‍ 26ന് പുലര്‍ച്ചെ 2.30ഓടെ പൂളാടിക്കുന്ന് വെച്ചാണ് മോഷണത്തിന് ഉപയോഗിക്കുന്ന ആയുധവും പണവുമായി ഇയാള്‍ പൊലീസിന്‍റെ പിടിയിലായത്.

പൂളാടിക്കുനനിന് സമീപത്തുള്ള ജാനകി ഹോട്ടലിന്റെ വാതില്‍ പൊളിച്ച് അകത്തുകയറിയ റുഫൈല്‍ പണം മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടയിലായിരുന്നു പൊലീസിന്റെ കണ്ണില്‍പ്പെട്ടത്. ഈ കേസിലാണ് ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങിയത്. സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന പ്രതി സ്വന്തം വീട്ടിലും അക്രമം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

എസ്‌ഐമാരായ പി അജിത് കുമാര്‍, വിഷ്ണു രാമചന്ദ്രന്‍. എഎസ്‌ഐ ഫൈസല്‍, എസ്‌സിപിഒമാരായ സാജന്‍, സലീല്‍, ഷെമീര്‍, ബൈജു, ഹോം ഗാര്‍ഡ് മഹേഷ് എന്നിവരുള്‍പ്പെട്ട സംഘം കാപ്പാട് ബീച്ചിന് സമീപത്തുള്ള വീട് വളഞ്ഞാണ് റുഫൈലിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *