Your Image Description Your Image Description

ഐഫോണുകളുടെ നിർമ്മാണം ഇന്ത്യയിലേക്ക് മാറ്റാൻ പദ്ധതിയിട്ട് ആപ്പിൾ. അമേരിക്കയില്‍ വില്‍ക്കുന്ന എല്ലാ ഐഫോണുകളുടെയും നിര്‍മാണം അടുത്ത വര്‍ഷത്തോടെ ഇന്ത്യയിലേക്ക് മാറ്റാന്‍ പദ്ധതിയിടുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൈനീസ് ഇറക്കുമതികള്‍ക്ക് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ മൂലമാണ് ആപ്പിൾ ഐഫോണുകളുടെ നിർമ്മാണം ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റാനുള്ള നീക്കങ്ങൾ നടത്തുന്നത്. നിലവിൽ ചൈനയിലെ ഫോക്സ്കോണ്‍ പ്ലാന്‍റില്‍ ആണ് ആപ്പിള്‍ ഭൂരിഭാഗം ഐഫോണുകളും നിര്‍മ്മിക്കുന്നത്. 2026 ആകുമ്പോഴേക്കും ഇന്ത്യയില്‍ പ്രതിവര്‍ഷം 60 ദശലക്ഷത്തിലധികം ഐഫോണുകള്‍ ഉത്പാദിപ്പിക്കപ്പെടുമെന്നാണ് കണക്ക്. ആപ്പിളിന്‍റെ ഏറ്റവും പ്രധാനപ്പെട്ട വിപണിയാണ് യുഎസ്. ലോകത്ത് ആപ്പിള്‍ 232.1 ദശലക്ഷം ഐഫോണുകളാണ് വില്‍പ്പന നടത്തുന്നത്. ഇതിൽ 28%, അതായത് 65 ദശലക്ഷം ഐഫോണുകളും യുഎസിലാണ് വില്‍ക്കുന്നത്.

യുഎസിലേക്കുള്ള ഐഫോണുകളുടെ ഉത്പാദനം ചൈനയില്‍ നിന്ന് മാറ്റുന്നത് ആപ്പിളിന് കുത്തനെയുള്ള തീരുവ ഒഴിവാക്കാന്‍ സഹായിക്കുക മാത്രമല്ല, യുഎസ്-ചൈന ബന്ധങ്ങളില്‍ ഉണ്ടാകുന്ന പ്രതിസന്ധികള്‍ മൂലമുള്ള വെല്ലുവിളികള്‍ കുറയ്ക്കുകയും ചെയ്യാം. ചൈനയ്ക്ക് മേല്‍ ട്രംപ് ഭരണകൂടം 145% വരെ ഉയര്‍ന്ന തീരുവ ചുമത്തിയിരിക്കുകയാണ്. സ്മാര്‍ട്ട്ഫോണുകള്‍ക്ക് 20% ആയിരുന്നു തീരുവ. ഫോണുകള്‍ പോലുള്ള ചില ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്ക് അടുത്തിടെ തീരുവ ഒഴിവാക്കിയിരുന്നുവെങ്കിലും, എപ്പോള്‍ വേണമെങ്കിലും അത് പുന:സ്ഥാപിച്ചേക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

2025 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍, ആപ്പിള്‍ ഇന്ത്യയില്‍ 22 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഐഫോണുകള്‍ ആണ് അസംബിള്‍ ചെയ്തത്. വര്‍ഷം തോറും 60% ആണ് വര്‍ദ്ധന. ലോകത്തിലെ ഐഫോണുകളില്‍ ഏകദേശം 20% ഇപ്പോള്‍ ഇന്ത്യയില്‍ നിന്നാണ് വരുന്നത് .ഈ ഉല്‍പ്പാദനത്തിന്‍റെ ഭൂരിഭാഗവും തമിഴ്നാട്ടിലെ ഫോക്സ്കോണിന്‍റെ കാമ്പസിലാണ് നടക്കുന്നത്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിസ്ട്രോണാണ് ഐഫോണ്‍ നിര്‍മിക്കുന്ന മറ്റൊരു കമ്പനി. ടാറ്റ ഇലക്ട്രോണിക്സ് ഹൊസൂരിലെ ഐഫോണ്‍ അസംബ്ലിങ് യൂണിറ്റ് കൂടുതല്‍ വികസിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്. വിപുലീകരണത്തോടെ ഏകദേശം 2 ലക്ഷം ഐഫോണുകള്‍ ഇവിടെ നിര്‍മ്മിക്കാന്‍ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *