Your Image Description Your Image Description

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഇന്‍സ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് വാട്‌സ്ആപ്പ്. ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് വാട്‌സ്ആപ്പ് തുടർച്ചയായി പുതിയ സുരക്ഷാ ഫീച്ചറുകൾ അവതരിപ്പിക്കുന്നത് പതിവാണ്. ഇപ്പോഴിതാ വ്യക്തികൾക്കും ഗ്രൂപ്പ് ചാറ്റുകൾക്കുമായി സുരക്ഷ വർധിപ്പിക്കുന്നതിനായി വാട്‌സ്ആപ്പ് ഒരു പുതിയ ഫീച്ചർ കൂടി പ്രഖ്യാപിച്ചിരിക്കുന്നു. ‘അഡ്വാൻസ്‍ഡ് ചാറ്റ് പ്രൈവസി’ എന്ന ഫീച്ചർ ആണ് അവതരിപ്പിച്ചത്.

ഈ സവിശേഷത ഓണായിരിക്കുമ്പോൾ ഒരു ചാറ്റുകളും എക്സ്പോർട്ട് ചെയ്യാൻ കഴിയില്ല. ചാറ്റിൽ അയച്ച മീഡിയ ഫയലുകൾ സ്വയമേവ ഡൗൺലോഡ് ചെയ്യപ്പെടില്ല. ഇതിലൂടെ ചാറ്റുകൾക്ക് ഒരു അധിക സ്വകാര്യത നൽകുന്നു. മെറ്റാ എഐ പോലുള്ള എഐ സവിശേഷതകളിൽ ചാറ്റ് സന്ദേശങ്ങൾ ഉപയോഗിക്കാനും കഴിയില്ല. സംഭാഷണത്തിന്‍റെ സ്വകാര്യത ഉറപ്പാക്കുകയും ചാറ്റിന്‍റെ ഉള്ളടക്കം ചാറ്റിന് പുറത്ത് പങ്കിടാൻ കഴിയില്ലെന്നും ഉറപ്പാക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യമെന്ന് വാട്‌സ്ആപ്പ് പറയുന്നു.
എല്ലാ അംഗങ്ങളും പരസ്‍പരം നന്നായി അറിയാത്തതും എന്നാൽ സംഭാഷണം സെൻസിറ്റീവ് ആയിരിക്കാവുന്നതുമായ ഗ്രൂപ്പുകളിൽ ഈ ഫീച്ചർ പ്രത്യേകിച്ചും ഉപയോഗപ്രദമാണെന്ന് വാട്‌സ്ആപ്പ് വ്യക്തമാക്കുന്നു. ചാറ്റ് വിവരങ്ങൾ പുറത്തുപോകുന്നില്ലെന്ന് ഈ സവിശേഷത ഉറപ്പാക്കുന്നു. ഈ പുതിയ ഫീച്ചർ ഓണാക്കാൻ വാട്‌സ്ആപ്പിലെ ചാറ്റ് അല്ലെങ്കിൽ ഗ്രൂപ്പ് ചാറ്റിലേക്ക് പോകുക. ചാറ്റ് നെയിമിൽ ടാപ്പ് ചെയ്യുക. അവിടെ നിങ്ങൾക്ക് ‘അഡ്വാൻസ്‍ഡ് ചാറ്റ് പ്രൈവസി’ എന്ന ഓപ്ഷൻ കാണാൻ കഴിയും. അതിൽ ടാപ്പ് ചെയ്‌ത് നിങ്ങൾക്ക് ഫീച്ചർ ഓണാക്കാൻ സാധിക്കും. ഇത് ഈ ഫീച്ചറിന്‍റെ ആദ്യ പതിപ്പാണെന്നും ഭാവിയിൽ ഇതിൽ കൂടുതൽ സുരക്ഷാ സവിശേഷതകൾ ചേർക്കുമെന്നും വാട്‌സ്ആപ്പ് വ്യക്തമാക്കി.

അതേസമയം നിലവിൽ വാട്‌സ്ആപ്പിന്‍റെ സ്വകാര്യതയുടെ അടിസ്ഥാനം ഇപ്പോഴും എൻഡ്-ടു-എൻഡ് എൻക്രിപ്ഷനാണെന്നും ഇത് അയച്ചയാൾക്കും സ്വീകരിക്കുന്നയാൾക്കും മാത്രമേ സന്ദേശങ്ങളും കോളുകളും കാണാനോ കേൾക്കാനോ കഴിയൂ എന്ന് ഉറപ്പാക്കുന്നുവെന്നും വാട്‌സ്ആപ്പ് അവകാശപ്പെടുന്നു. എന്നാൽ ഇപ്പോൾ അതിൽ കൂടുതൽ സുരക്ഷ വാട്‌സ്ആപ്പിലേക്ക് ചേര്‍ക്കുന്നു എന്നാണ് വാട്‌സ്ആപ്പിന്‍റെ മാതൃ കമ്പനിയായ മെറ്റയുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *