Your Image Description Your Image Description

മൈസൂരു: കുശാൽനഗറിൽ ‘കൊല്ലപ്പെട്ട’ ഭാര്യ തിരിച്ചെത്തിയ സംഭവത്തിൽ, കൊലപാതകക്കേസിൽ അഞ്ചു വർഷത്തിനു ശേഷം ഭർത്താവിനെ കോടതി കുറ്റവിമുക്തമാക്കി. കുടക് ജില്ലയിലെ ബസവനഹള്ളി ആദിവാസിക്കോളനിയിലെ കെ. സുരേഷിനെ(35)യാണ് മൈസൂരു അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ഗുരുരാജ് വെറുതേ വിട്ടത്. വിചാരണക്കാലത്ത് സുരേഷ് രണ്ടര വർഷം തടവുശിക്ഷയും അനുഭവിച്ചിരുന്നു. സുരേഷിന്റെ ഭാര്യ മല്ലികയെ 2020ലാണ് കാണാതാകുന്നത്. തുടർന്ന് ദിവസങ്ങൾക്കുള്ളിൽ മൈസൂരു ജില്ലയിലെ ബെട്ടഡാപുര പോലീസ് സ്റ്റേഷൻ പരിധിയിലെ കാവേരി തീരത്തു നിന്ന് ഒരു സ്ത്രീയുടെ അസ്ഥികൂട അവശിഷ്ടം പോലീസ് കണ്ടെടുത്തു.

ഇത് മല്ലികയുടേതാണെന്നും സുരേഷ് ഇവരെ കൊലപ്പെടുത്തുകയാണെന്നും കാണിച്ച് പോലീസ് കുറ്റപത്രം നൽകി. എന്നാൽ, ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നിന് ദക്ഷിണ കുടകിലെ ഷെട്ടിഗേരിക്ക് സമീപം മല്ലികയെ മറ്റൊരാൾക്കൊപ്പം സുരേഷിന്റെ സുഹൃത്തുക്കൾ കണ്ടു. ഈ വിവരം ചൂണ്ടിക്കാട്ടി കേസ് വീണ്ടും പരിഗണിക്കണമെന്ന് സുരേഷിന്റെ അഭിഭാഷകൻ കോടതിയിൽ അപേക്ഷ നൽകി. മല്ലിക സുഹൃത്ത് ഗണേഷിനൊപ്പം മടിക്കേരിയിലെ ഒരു റസ്റ്ററന്റിൽ ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോയും ഹാജരാക്കി. ബലംപ്രയോഗിച്ച് പോലീസ് കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്ന് സുരേഷ് കോടതിയെ അറിയിച്ചു.

കണ്ടെത്തിയ മൃതദേഹത്തിന്റെ ഡിഎൻഎ ഫലം പോലും പരിശോധിക്കാതെ സുരേഷിനെ കുറ്റക്കാരനാക്കിയതിൽ പോലീസിനെ കോടതി ശക്തമായി വിമർശിച്ചു. പോലീസിനുണ്ടായ വീഴ്ച സംബന്ധിച്ച് കുടക് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *