Your Image Description Your Image Description

ഡല്‍ഹി: ഭൂമിയുടെ പുറംതോടിന്റെ രണ്ട് പ്രധാന ഭാഗങ്ങളായ ഇന്ത്യന്‍ ഫലകവും യുറേഷ്യന്‍ ഫലകവും തമ്മിലുള്ള കൂട്ടിയിടിയുടെ ഫലമായാണ് ഹിമാലയം രൂപപ്പെട്ടത്. ഏകദേശം 60 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഈ കൂട്ടിയിടി ആരംഭിച്ചത്. എന്നാല്‍ ഈ കൂട്ടിയടി പര്‍വത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമല്ല ദക്ഷിണേഷ്യയില്‍ തുടര്‍ച്ചയായുള്ള ഭൂചലനങ്ങള്‍ക്കും പ്രകമ്പനങ്ങള്‍ക്കും കാരണമാകുന്നു. എന്നാല്‍ കാലങ്ങളായി ഇന്ത്യന്‍ ഫലകം യൂറേഷ്യന്‍ ഫലകത്തിനടിയിലേക്ക് ക്രമാനുഗതമായും സ്ഥിരമായും നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് ശാസ്ത്രജ്ഞര്‍ കരുതിയിരുന്നത്. ഈ ചലനം മൂലം ടിബറ്റന്‍ പീഠഭൂമി സാവധാനം ഉയരുകയും ക്രമേണയും പര്‍വതങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.

എന്നാല്‍, പുതിയ പഠനം നേരത്തെയുള്ള ആശയത്തെ തലകീഴായി മാറ്റിമറിക്കുന്നവയാണെന്ന് വിദഗ്ധര്‍ പറയുന്നു. ഇന്ത്യന്‍ ടെക്‌റ്റോണിക് പ്ലേറ്റ് യുറേഷ്യന്‍ ഫലകത്തിനടിയില്‍ തെന്നിമാറുകയല്ല, മറിച്ച് ടിബറ്റിന് താഴെ ആഴത്തില്‍ പിളരുകയാണെന്ന് കാണിക്കുന്ന പുതിയ ഭൂകമ്പ ഡാറ്റയാണ് ശാസ്ത്രജ്ഞര്‍ അടുത്തിടെ കണ്ടെത്തിയത്. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന അമേരിക്കന്‍ ജിയോഫിസിക്കല്‍ യൂണിയന്‍ കോണ്‍ഫറന്‍സിലാണ് ഈ പ്രധാന കണ്ടെത്തല്‍ വെളിപ്പെടുത്തിയത്.

ചൈനയിലെ ഓഷ്യന്‍ യൂണിവേഴ്‌സിറ്റിയിലെ ജിയോഫിസിസിസ്റ്റ് ലിന്‍ ലിയുവാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. നേരത്തെ കരുതിയിരുന്നത് പോലെ ഇന്ത്യന്‍ പ്ലേറ്റ് യുറേഷ്യന്‍ പ്ലേറ്റിനടിയിലേക്ക് സുഗമമായി കടക്കുന്നില്ലെന്ന് കണ്ടെത്തി. ഡീലാമിനേഷന്‍ എന്ന അപൂര്‍വ പ്രക്രിയയിലൂടെ പ്ലേറ്റിന്റെ സാന്ദ്രമായ താഴത്തെ ഭാഗം അടര്‍ന്ന് ഭൂമിയുടെ ആവരണത്തിലേക്ക് താഴുകയും മുകള്‍ഭാഗവും ഭാരം കുറഞ്ഞതുമായ ഭാഗം ഉപരിതലത്തിന് തൊട്ടുതാഴെയായി നീങ്ങുകയും ചെയ്യുന്നുവെന്നാണ് കണ്ടെത്തിയത്. പരീക്ഷണത്തിന് വിപുലമായ ഭൂകമ്പ ഇമേജിംഗ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു. തെക്കന്‍ ടിബറ്റിലുടനീളമുള്ള 94 ബ്രോഡ്ബാന്‍ഡ് സീസ്മിക് സ്റ്റേഷനുകളില്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്തുകൊണ്ട് ലിയുവും സംഘവും ഈ പ്രതിഭാസം കണ്ടെത്തി.

ഇന്ത്യന്‍ ഫലകം കടുത്ത സമ്മര്‍ദ്ദത്തിന്റെയും വിഘടനത്തിന്റെയും ലക്ഷണങ്ങള്‍ കാണിക്കുന്നുവെന്നും പ്ലേറ്റിന്റെ ചില ഭാഗങ്ങള്‍ വിഭജിക്കപ്പെടുന്നുവെന്നും താഴത്തെ പകുതി മാന്റിലിലേക്ക് കൂടുതല്‍ ആഴത്തില്‍ വലിച്ചെടുക്കപ്പെടുന്നുവെന്നുമാണ് ഇവരുടെ വാദം. ടിബറ്റിന് കീഴില്‍ ഇന്ത്യന്‍ പ്ലേറ്റ് എങ്ങനെ ചലിക്കുന്നു എന്നതിനെക്കുറിച്ചുള്ള കാലങ്ങളായുള്ള അനുമാനങ്ങളെ ഈ കണ്ടെത്തല്‍ വെല്ലുവിളിക്കുന്നുവെന്ന് കോണ്‍ഫറന്‍സ് അവതരണത്തിനിടെ ലിയു പറഞ്ഞു. ഉപരിതലത്തില്‍ ദൃശ്യമാകുന്ന സൂചനകളുമായി കണ്ടെത്തല്‍ യോജിക്കുന്നു. ടിബറ്റന്‍ പീഠഭൂമിയിലുടനീളം ഭൂകമ്പങ്ങളുടെയും വിള്ളലുകളുടെയും വ്യക്തമായ പാറ്റേണുകള്‍ ഉണ്ട്. ഇത് ഭൂമിക്കടിയില്‍ അസാധാരണമായ എന്തോ സംഭവിക്കുന്നതിന്റെ സൂചന നല്‍കുന്നുവെന്നും അതിനുപുറമെ, ഭൂമിയുടെ ഉള്ളില്‍ നിന്ന് സാധാരണയായി വരുന്ന അപൂര്‍വ വാതകമായ ഹീലിയം-3 ന്റെ ഉയര്‍ന്ന അളവ് പോലെയുള്ള വിചിത്രമായ രാസ അടയാളങ്ങള്‍ നീരുറവകളിലെ വെള്ളത്തില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ടെന്നും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *