Your Image Description Your Image Description

ലോകത്തിലെ ഏറ്റവും നീളം കൂടിയ റോഡ് ഏതെന്ന് നിങ്ങൾക്കറിയാമോ? അലാസ്കയിലെ മഞ്ഞുമൂടിയ പ്രദേശങ്ങളിൽ നിന്ന് ആരംഭിച്ച് അർജന്റീനയിലെ കൊടുംചൂടുള്ള ബീച്ചുകളിൽ അവസാനിക്കുന്ന പാൻ അമേരിക്കൻ ഹൈവേ ആണിത്. ഏകദേശം 30,000 കിലോമീറ്റർ ദൈർഘ്യമുള്ള ഈ വലിയ ഹൈവേ വടക്കേ അമേരിക്ക, തെക്കേ അമേരിക്ക എന്നീ രണ്ട് ഭൂഖണ്ഡങ്ങളിലൂടെയും, യുഎസ്എ, മെക്സിക്കോ, പനാമ, കൊളംബിയ, പെറു, ചിലി, അർജന്റീന എന്നിവയുൾപ്പെടെ 14 രാജ്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

വഴിയിൽ, മഞ്ഞുമൂടിയ മലനിരകൾ, വരണ്ട മരുഭൂമികൾ, സമൃദ്ധമായ മഴക്കാടുകൾ, മനോഹരമായ നഗരങ്ങൾ എന്നിങ്ങനെ വിഭിന്നങ്ങളായ കാഴ്ചകളാണ് ഓരോ യാത്രക്കാരെയും കാത്തിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഒരു ലോക‌സഞ്ചാരം നടത്തുന്നതുപോലെയാണ് ഇതുവഴിയുള്ള യാത്ര. ഈ ഹൈവേയെക്കുറിച്ചുള്ള ഏറ്റവും കൗതുകകരമായ കാര്യങ്ങളിലൊന്നാണ് ഡാരിയൻ ഗ്യാപ്പ്. പനാമയ്ക്കും കൊളംബിയയ്ക്കും ഇടയിലുള്ള ഒരു ഇടതൂർന്ന കാടിന്റെ പ്രദേശമാണിത്, ഏകദേശം 100 കിലോമീറ്ററോളം ഭാഗത്ത് റോഡ് അപ്രത്യക്ഷമാകുന്നു. ഹൈവേ ബന്ധിപ്പിച്ചിട്ടില്ലാത്ത ഒരേയൊരു ഭാഗമാണിത്, ഇത് മുറിച്ചുകടക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞതാണ്.

വിവിധ സംസ്കാരങ്ങളിലൂടെയും ഭാഷകളിലൂടെയും ഉള്ള കടന്നുപോകലാണ് പാൻ അമേരിക്കൻ ഹൈവേയിലൂടെയുള്ള യാത്ര സമ്മാനിക്കുക. അലാസ്കയിലെ മഞ്ഞുമൂടിയ റോഡുകൾ മുതൽ തെക്കേ അമേരിക്കയിലെ വർണ്ണാഭമായ തെരുവുകൾ വരെ, അപൂർവമായ അനുഭവമാണ് യാത്രികർക്ക് നൽകുക.

1920 -കളിൽ ദീർഘദൂര യാത്രകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ടൂറിസവും അമേരിക്കൻ കാർ വിൽപ്പനയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഉടലെടുത്ത ആശയമാണ് ഈ ഹൈവേ. 1937 -ൽ, 14 രാജ്യങ്ങൾ പാൻ-അമേരിക്കൻ ഹൈവേയുടെ കൺവെൻഷനിൽ ഒപ്പുവച്ചു. അലാസ്കയിലെ പ്രൂഡോ ബേയിൽ നിന്ന് ആരംഭിച്ച് അർജന്റീനയിലെ ഉഷുവയയിൽ ആണ് പാൻ-അമേരിക്കൻ ഹൈവേ അവസാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *