Your Image Description Your Image Description

സിൽക്ക് സ്മിതയോട് ഇപ്പോഴും തനിക്ക് ആരാധനയാണെന്ന് വെളിപ്പെടുത്തി നടി ഖുശ്ബു. ഇത്രയും ഇന്റലിജന്റ് ആയ മറ്റൊരു സ്ത്രീയെ താൻ കണ്ടിട്ടില്ലെന്നും താരം പറയുന്നു. സിൽക്കിനെ ആദ്യമായി കണ്ടപ്പോൾ താൻ വാ അടക്കാതെ നോക്കി നിന്നു എന്നും ഖുശ്ബു പറയുന്നു. സിൽക്ക് സ്മിതയെ എങ്ങനെയാണ് ഷൂട്ടിം​ഗ് സൈറ്റിൽ വരവേറ്റിരുന്നത് എന്നും ഖുശ്ബു വിവരിക്കുന്നുണ്ട്.

”എനിക്ക് എപ്പോഴും സിൽക്കിനോട് ആരാധനയാണ്. ഞാൻ ആദ്യമായി ഒരു സ്റ്റാറിനെ കണ്ട് അമ്പരന്നു വാ തുറന്നു ഇരുന്നു പോയത് സിൽക്കിനെ കണ്ടപ്പോഴാണ്. ഞാൻ അന്ന് തമിഴിൽ പുതിയ ആളാണ്. 1984ൽ ഞാനും അർജുനും ഒരു ചിത്രത്തിൽ അഭിനയിച്ചിരുന്നു, ആ ചിത്രം പക്ഷേ പൂർത്തിയായില്ല. അതിൽ സിൽക്ക് സ്മിത വലിയൊരു റോൾ ചെയ്തിരുന്നു.”

സെറ്റിൽ എല്ലാവരും മാഡം വരാൻ പോകുന്നു, മാഡം വരാൻ പോകുന്നു എന്ന് പറയുന്നത് കേട്ടു. സിൽക്ക് എത്തും മുമ്പെ തന്നെ ആളുകൾ മാഡം വരുന്നു എന്നു പറഞ്ഞ് ചെയർ കൊണ്ടുവയ്ക്കുന്നു, അതിൽ ടവ്വൽ വിരിക്കുന്നു, ടേബിൾ കൊണ്ടുവയ്ക്കുന്നു. ഒരു യൂണിറ്റ് മുഴുവൻ അവരെ സ്വീകരിക്കാൻ ഒരുങ്ങുകയാണ്.”

”ആരാ ഈ മാഡം എന്ന് ഞാൻ അമ്പരന്നു നിൽക്കുമ്പോഴാണ് സിൽക്ക് കയറി വന്നത്. അവരെ കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു പോയി, വാ അടക്കാതെ നോക്കി നിന്നിട്ടുണ്ട് അവരെ. ഞങ്ങൾ തമ്മിൽ 4-5 വയസ്സിന്റെ വ്യത്യാസമേ കാണൂ. സിൽക്കിനെ പോലെ ഊഷ്മളമായി ഇടപ്പെടുന്ന, അത്ഭുതപ്പെടുത്തുന്ന, ഇന്റലിജന്റ് ആയൊരു സ്ത്രീയെ ഒരിക്കലും മറ്റെവിടെയും ഞാൻ കണ്ടിട്ടില്ല” എന്നാണ് ഖുശ്ബു പറയുന്നത്.

മലയാളത്തിലും തമിഴിലും തെലുങ്കിലും തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും സജീവമായി അഭിനയിച്ചിരുന്ന സിൽക്ക് 35-ാമത്തെ വയസിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. 1979ൽ ‘വണ്ടിചക്രം’ എന്ന തമിഴ് ചിത്രത്തിലെ സിൽക്ക് എന്ന കഥാപാത്രമാണ് താരത്തിന്റെ കരിയറിൽ ബ്രേക്കായി മാറിയത്. 17 വർഷക്കാലം നീണ്ടുനിന്ന തന്റെ അഭിനയജീവിതത്തിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഏകദേശം 450 ലധികം ചിത്രങ്ങളിൽ അവർ അഭിനയിച്ചു. 1996 സെപ്റ്റംബർ 23നാണ് സിൽക്ക് സ്മിത ജീവനൊടുക്കിയത്.

വിജയലക്ഷ്മിയിൽ നിന്നും സിൽക്ക് സ്മിതയിലേക്ക്

സിനിമയെ വെല്ലുന്നതായിരുന്നു സിൽക്കിന്റെ ജീവിതം. 1960 ഡിസംബർ രണ്ടിന് ആന്ധ്രയിലെ ഏളൂർ ഗ്രാമത്തിൽ ഒരു പാവപ്പെട്ട കുടുംബത്തിലാണ് സ്മിത ജനിച്ചത്. വിജയലക്ഷ്മി എന്നായിരുന്നു യഥാർത്ഥ പേര്. വീട്ടിലെ സാമ്പത്തിക പരാധീനതകളെ തുടർന്ന് എട്ടു വയസിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു. ചെറുപ്രായത്തിൽ വിവാഹിതയായെങ്കിലും ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനത്തെ തുടർന്ന് ബന്ധം ഉപേക്ഷിച്ച് ചെന്നൈയിലെത്തി. ഒരു നടിയുടെ ടച്ച് അപ് ആർടിസ്റ്റായി സിനിമയിലെത്തി. വൈകാതെ ചെറിയ റോളുകളിലൂടെ അഭിനയ രംഗത്തേക്ക് ചുവടുവെച്ചു.

സംവിധായകനും നടനുമായ വിനു ചക്രവർത്തിയാണ് വിജയലക്ഷ്മിയുടെ യാത്ര സിൽക്ക് സ്മിതയിലേക്ക് കൊണ്ടെത്തിച്ചത്. 1980 ൽ തമിഴിൽ പുറത്തിറങ്ങിയ വണ്ടിച്ചക്രം എന്ന ചിത്രമാണ് ജീവിതം മാറ്റിമറിച്ചത്. സിൽക്കെന്ന ചാരായ വിൽപനക്കാരിയായി വിജയലക്ഷ്മി അരങ്ങ് തകർത്തു. ആ ചിത്രത്തിന് ശേഷം സിൽക്ക് സ്മിത എന്ന പേര് സ്വീകരിക്കുകയായിരുന്നു താരം.

താരപരിവേഷത്തിലേക്ക്

വണ്ടിച്ചക്രം വിജയമായതോടെ സ്മിതയെ തേടി നിരവധി അവസരങ്ങളെത്തി. എന്നാൽ എല്ലാം സമാനരീതിയിലുള്ള കഥാപാത്രങ്ങളായിരുന്നു. ശ്രദ്ദേയമായ രൂപവും ലൈംഗിക ആകർഷണവുംസൗത്ത് ഇന്ത്യൻ സിനിമയിലെ മാദക സൗന്ദര്യം ആയി സ്മിത വാഴ്ത്തപ്പെട്ടു.

1982ൽ പുറത്തിറങ്ങിയ രജനീകാന്ത് ചിത്രമായ ‘മൂൺട്രു മുഖം’ആണ് സിൽക്ക് സ്മിതയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്.ബോൾഡ് വസ്ത്രധാരണത്തിലൂടെയും മാദക നൃത്തരംഗങ്ങളിലൂടെയും താരം തിളങ്ങി. എൺപതുകളിലും തൊണ്ണൂറുകളിലും ചിത്രത്തിലെ നായക നടന്മാർ ഏത് സൂപ്പർ സ്റ്റാറുകളായാലും അതിൽ സിൽക്കിന്റെ ഒരു ഗാന രംഗം ഉറപ്പായിരുന്നു.

17 വർഷക്കാലം നീണ്ടുനിന്ന അഭിനയജീവിതത്തിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഏകദേശം 450 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. സകലകലാവല്ലഭൻ, മൂന്നാം പിറയ്, പായൂം പുലി, തങ്ക മകൻ എന്നീ ചിത്രങ്ങൾ എന്നും ഓർമിപ്പിക്കുന്നതാണ്.

വിനു ചക്രവർത്തിയും ഭാര്യ കരണയുമാണ് സ്മിതയുടെ വളർച്ചക്ക് പിന്നിൽ. കർണ സ്മിതയെ ഇംഗ്ലീഷ് പഠിപ്പിച്ചു. ഡാൻസും അഭിനയവും പഠിക്കാൻ സൗകര്യം ഒരുക്കി. വിദ്യാഭ്യാസം കുറവായിരിന്നിട്ടു പോലും ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാനുള്ള സ്മിതയുടെ കഴിവ് സഹപ്രവർത്തകരെ പോലും അതിശയിപ്പിച്ചിരുന്നു.

ജീവിത പരാജയം

വിജയപടവുകൾ കയറുമ്പോൾ സാധാരണയുണ്ടാകുന്നതു പോലെ സിൽക്കിനു ചുറ്റും കഥകളും അപവാദങ്ങളും നിറഞ്ഞു. വ്യക്തി ജീവിതം തികച്ചും വിഷാദപരമായിരുന്നു. തിരക്കുള്ള നടിയായിരുന്നുവെങ്കിലും വ്യക്തി ബന്ധങ്ങൾ വളരെ കുറവായിരുന്നു.

മരണത്തിനു മുൻപ് അവസാനമായി സ്മിത വിളിച്ചത് ഉറ്റ സുഹൃത്തും നൃത്തസംവിധായകയും നടിയുമായ അനുരാധയെ ആയിരുന്നു. അടുത്ത ദിവസം തമ്മിൽ കാണാമെന്നു വാഗ്ദാനം ചെയ്തിരുന്നെങ്കിലും 1996 സെപ്റ്റംബർ 23ന് സ്മിത ചെന്നൈയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സിനിമാ ലോകത്തെയും ആരാധകരെയും ഒരു പോലെ ഞെട്ടിച്ച ഒരു മരണമായിരുന്നു അത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തൂങ്ങിമരണം എന്നായിരുന്നുവെങ്കിലും സ്മിതയുടെ അപ്രതീക്ഷിത മദുരൂഹത ഇന്നും ബാക്കിയാണ്.

വിശുദ്ധ സ്മിതയ്ക്ക്

സിൽക്ക് സ്മിതയുടെ മരണശേഷം മലയാളത്തിൽ എഴുതപ്പെട്ട സിൽക്ക് കവിതകളുടെ സമാഹാരമാണ് വിശുദ്ധസ്മിതയ്ക്ക് എന്ന പുസ്തകം. സിൽക്കിന്റെ ജീവിതത്തെ അവലംബിച്ച് വിദ്യാ ബാലനെ നായികയാക്കി ഡേർട്ടിപിക്ചർ എന്ന ചിത്രം മിലൻ ലുത്രിയ സംവിധാനം ചെയ്ത് 2011ൽ പുറത്തിറങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *