Your Image Description Your Image Description

ന്യൂ ഡൽഹി: പാക് സർക്കാരിന്റെ എക്സ് അക്കൗണ്ടിന്‌ വിലക്കേർപ്പെടുത്തി ഇന്ത്യ. കേന്ദ്ര സർക്കാരിന്റെ ആവശ്യം അനുസരിച്ച് ഗവണ്മെന്റ് ഓഫ് പാക്കിസ്ഥാൻ എന്ന ടാഗിലുള്ള എല്ലാ അക്കൗണ്ടുകൾക്കും എക്സ് ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സിന്ധു നദീജല കരാർ മരവിപ്പിക്കൽ ഉൾപ്പടെ പ്രധാനപ്പെട്ട അഞ്ചോളം തീരുമാനങ്ങൾ കൈകൊണ്ട ശേഷമാണ് എക്സ് അക്കൗണ്ടും കേന്ദ്രസർക്കാർ മരവിപ്പിച്ചത്.

അതേസമയം രാജ്യത്ത് ഇന്ന് സർവകക്ഷി യോ​ഗം. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ സർവകക്ഷിയോ​ഗം വിളിച്ചുചേർക്കുന്നത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിൻറെ അധ്യക്ഷതയിൽ ചേരുന്ന സർവകക്ഷിയോ​ഗത്തിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ സമിതിയുടെ തീരുമാനങ്ങൾ വിശ​​ദീകരിക്കും. ഭീകരാക്രമണത്തെ കുറിച്ച് കേന്ദ്ര അന്വേഷണ ഏജൻസികൾ നടത്തുന്ന അന്വേഷണ പുരോ​ഗതിയും യോ​ഗം വിലയിരുത്തും. അതേസമയം, കോൺഗ്രസ് പ്രവർത്തക സമിതിയും ഇന്ന് യോഗം ചേരും. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ സുരക്ഷാ – രാഷ്ട്രീയ സ്ഥിതി​ഗതികൾ യോ​ഗം വിലയിരുത്തും.

ജമ്മു കശ്മീരിലെ പഹൽ​ഗാമിലുണ്ടായ ഭീകരാക്രമണത്തിൽ മരണസംഖ്യ 26 ആയെന്ന് സ്ഥിരീകരിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിർസി വ്യക്തമാക്കി. നിരവധി ലോകരാജ്യങ്ങൾ ആക്രമണത്തെ അപലപിച്ചു. ആക്രമണത്തിന് പാകിസ്ഥാനിൽ നിന്ന് പിന്തുണ കിട്ടിയെന്നും വിദേശകാര്യ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനോടുള്ള നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇന്ത്യ. പ്രധാനപ്പെട്ട അഞ്ചോളം തീരുമാനങ്ങളാണ് ഇന്ത്യ കൈക്കൊണ്ടിട്ടുള്ളത്.

അതിർത്തി കടന്നവർക്ക് മെയ് ഒന്നിന് മുൻപ് തിരിച്ചെത്താം. പാകിസ്ഥാൻ പൗരൻമാർക്ക് വീസ നൽകില്ല. എസ് വി ഇ എസ് (SVES) വിസയിൽ ഇന്ത്യയിലുള്ളവർ 48 മണിക്കൂറിനുള്ളിൽ തിരികെ പോകണം. പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെയും പുറത്താക്കി. ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിൽ നിന്ന് പിന്മാറണം. ഇന്ത്യയും പാകിസ്ഥാനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുമെന്നും സെക്രട്ടറി അറിയിച്ചു. കനത്ത ജാഗ്രത തുടരണമെന്ന് സേനകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ആക്രമണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരുമെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. അവർക്ക് പിന്നിൽ പ്രവർത്തിച്ചവരെയും കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *