Your Image Description Your Image Description

ശ്രീനഗർ: ജമ്മുകശ്മീരിലെ പഹൽഗാമിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തിന്റെ ഞെട്ടലിലാണ് രാജ്യം. കശ്മീരിൽ അവധിയാഘോഷിക്കാനെത്തിയവരുടെ ജീവനാണ് ഭീകരർ കവർന്നെടുത്തത്. ഭീകരസംഘടനയായ ദ് റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ലഷ്കറെ തയിബയുടെ ഡപ്യൂട്ടി ചീഫ് സെയ്ഫുള്ള ഖാലിദ് ആണ് ഭീകരാക്രണത്തിന്റെ സൂത്രധാരൻ എന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇതോടെ കസൂരി എന്നറിയപ്പെടുന്ന സെയ്ഫുള്ള ഖാലിദ് ആരാണ് എന്ന അന്വേഷണം സൈബറിടങ്ങളിൽ സജീവമാണ്.

ആരാണ് സെയ്ഫുള്ള ഖാലിദ് കസൂരി?

ലഷ്കറെ തയിബയുടെ ഡപ്യൂട്ടി ചീഫാണ് കസൂരി. പാക് ഭീകരനും ലഷ്കറെ തയിബയുടെ സഹസ്ഥാപകനുമായ ഹാഫിസ് സയീദുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് കസൂരി എന്നും റിപ്പോർട്ടുകളുണ്ട്. പാക്കിസ്ഥാന്റെ പൂർണ പിന്തുണയോടെ പ്രവർത്തിക്കുന്ന കസൂരി, പാക്ക് സൈന്യത്തിന്റെ ‘പ്രിയപ്പെട്ട സ്വത്ത്’ എന്നും അറിയപ്പെടുന്നു. ജമ്മു കശ്മീരിൽ നേരത്തെയും നടന്ന ഭീകരാക്രമണങ്ങളിൽ കസൂരിക്ക് പങ്കുണ്ടെന്നാണ് വിവരം.

വിദ്വേഷ പ്രസംഗത്തിന് കുപ്രസിദ്ധനായ കസൂരി യുവാക്കളെ ഭീകരവാദത്തിലേക്ക് ആകർഷിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നുണ്ട്. രണ്ടുമാസം മുൻപ് പാക്കിസ്ഥാൻ സൈന്യത്തിന്റെ ക്ഷണമനുസരിച്ച് പാക്ക് പഞ്ചാബിലെ കങ്കൺപുരിൽ കസൂരി സൈനികർക്കായി പ്രസംഗിച്ചിരുന്നു. പാക്ക് സൈന്യത്തിലെ കേണൽ സാഹിദ് സരീൻ ഘട്ടക്കിന്റെ ക്ഷണമനുസരിച്ചെത്തിയ കസൂരിയെ പൂക്കൾ വർഷിച്ചാണ് സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ സൈനികരെ കൊന്നാൽ ദൈവത്തിൽനിന്നു പ്രതിഫലം കിട്ടുമെന്നതടക്കമുള്ള വിദ്വേഷ പരാമർശങ്ങൾ ഇയാളുടെ പ്രസംഗത്തിലുണ്ടായിരുന്നെന്നും പറയപ്പെടുന്നു.

ഫെബ്രുവരി രണ്ടിന് ഖൈബർ പഖ്തൂൺഖ്വയിൽ നടത്തിയ പ്രസംഗത്തിലും ഇന്ത്യയ്‌ക്കെതിരെ ആക്രമണത്തിന് കസൂരി ആഹ്വാനം നൽകിയിരുന്നു. 2026 ഫെബ്രുവരിക്കു മുൻപ് കശ്മീർ പിടിച്ചെടുക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്നും വരും ദിവസങ്ങളിൽ ആക്രമണം ശക്തമാക്കുമെന്നുമായിരുന്നു കസൂരിയുടെ പരാമർശം.

ആബട്ടാബാദിലെ വനാന്തരങ്ങളിൽ കഴിഞ്ഞവർഷം നടന്ന ഭീകരക്യാംപിൽ നൂറുകണക്കിന് പാക്ക് യുവാക്കൾ പരിശീലനം നേടിയിട്ടുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടുണ്ട്. ലഷ്കറെ തയിബയുടെ രാഷ്ട്രീയശാഖയായ പാക്കിസ്ഥാൻ മർകസി മുസ്ലിം ലീഗ് (പിഎംഎംഎൽ), എസ്എംഎൽ എന്നിവയുടെ നേതൃത്വത്തിൽ നടന്ന പരിശീലനത്തിൽ കസൂരിയും പങ്കെടുത്തിരുന്നു. ഈ ക്യാംപിൽ നിന്നാണ് യുവാക്കളെ ഭീകരപ്രവർത്തനങ്ങൾക്കായി കസൂരി തിരഞ്ഞെടുത്തതും പിന്നീട് ഇരകളെ തിരഞ്ഞുപിടിച്ചു കൊല്ലുന്നതിൽ പരിശീലനം നൽകിയതും.

ലഷ്കറെ തയിബയുടെ പെഷാവർ ആസ്ഥാനത്തിന്റെ തലവൻ കൂടിയാണ് കസൂരി. പാക് സെൻട്രൽ പഞ്ചാബ് പ്രവിശ്യയിൽ ലഷ്കറെ തയിബയുടെ മറ്റൊരു രൂപമായ ജമാഅത്ത് ഉദ്ദവയുടെ (ജെയുഡി) കോർഡിനേഷൻ കമ്മിറ്റിയിലും കസൂരി പ്രവർത്തിച്ചിരുന്നു. ജെയുഡിയെ 2016ൽ യുഎസ് ഭീകരവാദപ്പട്ടികയിലും 2009ൽ യുഎൻ ഉപരോധപ്പട്ടികയിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

പഹൽ​ഗാമിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും

പഹൽഗാമിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി. മൃതദേഹവുമായി രാവിലെ 11.30ന് ശ്രീനഗറിൽ നിന്ന് പുറപ്പെടുന്ന വിമാനം 7.30 നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. 8 മണിയോടെ പുറത്തിറക്കും. ജില്ല കലക്ടർ മൃതദേഹം ഏറ്റുവാങ്ങും. നടപടിക്രമങ്ങൾ പൂർത്തിയായതിനാൽ രാമചന്ദ്രന്റെ മകനോട് ശ്രീനഗറിൽ എത്തേണ്ട എന്ന് അറിയിച്ചിട്ടുണ്ട്.

കുടുംബത്തോടൊപ്പം വിനോദ സഞ്ചാരത്തിനെത്തിയ രാമചന്ദ്രനെ മകളുടെ മുന്നിൽ വച്ചാണ് സൈനിവേഷത്തിലെത്തിയ ഭീകരർ വെടിയുതിർത്തത്. ഹൈദരാബാദിലെത്തിയശേഷമാണ് കുടുംബം കശ്മീരിലേക്ക് പോയത്. ചൊവ്വാഴ്ച രാവിലെയാണ് പഹൽഗാമിലെത്തുന്നത്. നാട്ടിലെ ബന്ധുക്കളെ വിളിച്ച് സംഭവത്തിൽ ഉൾപ്പെട്ട വിവരം​ അറിയിച്ചത് മകളാണ്​. ആശുപത്രിയിൽ എത്തി അച്ഛൻറെ മൃതദേഹം തിരിച്ചറിഞ്ഞെന്ന വിവരം അറിയിക്കുകയായിരുന്നു.

ദുബൈയിൽ ജോലി ചെയ്യുന്ന മകൾ കുട്ടികളുമായി കഴിഞ്ഞ ദിവസമാണ്​ നാട്ടിലെത്തിയത്​. ഇതിനുശേഷമാണ് ഇവർ ഒരുമിച്ച് വിനോദസഞ്ചാരത്തിന്​ യാത്ര പുറപ്പെട്ടത്. പൊതുപ്രവർത്തനരംഗത്ത് സജീവമായിരുന്ന വ്യക്തിയാണ് രാമചന്ദ്രൻ. ദീർഘകാലം ഗൾഫിൽ ജോലി ചെയ്തിരുന്നു. തിരികെ നാട്ടിലെത്തി വിശ്രമജീവിതം നയിക്കുകയായിരുന്നു. ഭാര്യയും മകളും കുട്ടികളും സുരക്ഷിതരാണെന്ന് ബന്ധുക്കൾ പ്രതികരിച്ചു. വിവരമറിഞ്ഞ് അയൽവാസികളും ബന്ധുക്കളും നാട്ടുകാരും രാമചന്ദ്രൻറെ വീട്ടിലെത്തി.

ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് രാജ്യത്തെ മുഴുവൻ ഭീതിയിലാഴ്ത്തി കൊണ്ട് ജമ്മു കശ്മീരിലെ പഹൽഗാമിൽ വൻ ഭീകരാക്രമണം നടന്നത്. ഇസ്രയേലിൽ കടന്നു കയറി ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ അനുസ്മരിപ്പിക്കും വിധമായിരുന്നു പഹൽഗാമിൽ ഇന്നലെ ഭീകരർ ആക്രമണം നടത്തിയത്. വിനോദസഞ്ചാരികൾ പ്രകൃതിഭംഗി ആസ്വദിച്ച് നിന്നിരുന്ന സ്ഥലത്തേക്ക് തോക്കുമായി എത്തിയ ഭീകരർ ആക്രമിക്കുകയായിരുന്നു.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് ദിവസത്തെ സൗദി സന്ദർശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താളത്തിൽ അടിയന്തര യോഗം ചേർന്നു. അജിത് ഡോവൽ , എസ് ജയശങ്കർ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും യോഗത്തിൽ പങ്കെടുത്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി മുതിർന്ന കോൺഗ്രസ് നേതാക്കൾ സംസാരിച്ചുവെന്ന് മല്ലികാർജുൻ ഖർഗെ. ജമ്മു കാശ്മീരിൽ സുരക്ഷ ഉറപ്പാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിക്കണം. ഇരകൾക്ക് നീതി ഉറപ്പാക്കണം എന്നും ഖർഗെ വ്യക്തമാക്കി. ആഭ്യന്തരമന്ത്രിയുമായി സംസാരിച്ചെന്ന് രാഹുൽ ഗാന്ധിയും വ്യക്തമാക്കി.

മലയാളികൾക്കായി നോർക്ക റൂട്സ് ഹെൽപ്പ് ഡെസ്ക് തുറന്നു

കശ്മീർ ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങിയതായി നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൻറെ നിർദേശാനുസരണമാണ് ഹെൽപ്പ് ഡെസ്ക്ക് തുടങ്ങിയത്.

ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻററിൻറെ 18004253939 (ടോൾ ഫ്രീ നമ്പർ ), 00918802012345 (മിസ്ഡ് കോൾ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. കാശ്മീരിൽ കുടുങ്ങി പോയ സഹായം ആവശ്യമായവർക്കും, ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവർക്കും ഹെൽപ്പ് ഡെസ്ക്ക് നമ്പരിൽ വിളിച്ച് വിവരങ്ങൾ നൽകുകയും പേര് രജിസ്റ്റർ ചെയ്യുകയും ചെയ്യാമെന്ന് നോർക്ക റൂട്ട്സ് സിഇഒ അറിയിച്ചു.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ടൂറിസം കേന്ദ്രങ്ങളിൽ നിരീക്ഷണം ശക്തമാക്കുമെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി. രാജ്യതലസ്ഥാനത്തെ മറ്റ് പ്രധാനപ്പെട്ട ഇടങ്ങളിലും നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആക്രമണത്തെ ശക്തമായി അപലപിച്ച ആർഎസ്എസ്, രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമെതിരായ ആക്രമണമെന്ന് സംഭവത്തെ വിമർശിച്ചു. സർക്കാർ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. രാഷ്ട്രീയ പാർട്ടികളെ കേന്ദ്രസർക്കാർ വിശ്വാസത്തിലെടുക്കണമെന്നും ഈ ഭീകരാക്രമണത്തിന് മറുപടി നൽകാതിരിക്കരുതെന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പ്രതികരിച്ചു. അതിനിടെ സംഭവം നടന്ന പഹൽഗാമിൽ മെഴുകുതിരിയേന്തി നാട്ടുകാർ പ്രതിഷേധ പ്രകടനം നടത്തി. ആക്രമണം നടത്തിയ ഭീകരർക്കെതിരെയാണ് പഹൽഗാമിലെ വ്യാപാരികൾ പ്രതിഷേധിച്ചത്.

വിനോദ സഞ്ചാര മേഖല സ്തംഭിച്ചു

കശ്മീരിലെ വിനോദ സഞ്ചാര മേഖലയെ പൂർണമായും തകർത്തെറിഞ്ഞ് പഹൽഗാമിലെ ഭീകരാക്രമണം. കശ്മീർ താഴ്‌വരയിൽ അവധിക്കാലം ആഘോഷിക്കാൻ പദ്ധതിയിട്ടിരുന്ന നിരവധി വിനോദ സഞ്ചാരികൾ ഇതോടെ യാത്രകൾ റദ്ദാക്കി. പലരും തിരികെ നാട്ടിലേക്ക് മടങ്ങി. ചൊവ്വാഴ്ച നടന്ന ഭീകരാക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. പഹൽഗാം ഭീകരാക്രമണത്തിന്റെ വാർത്ത പരന്നതോടെ ജമ്മു കശ്മീരിലേക്ക് യാത്ര ചെയ്യാൻ പദ്ധതിയിട്ടിരുന്ന ആളുകൾ ഹോട്ടൽ, വിമാന ബുക്കിംഗുകൾ റദ്ദാക്കാൻ നിരന്തരമായി വിളിച്ചുകൊണ്ടിരിക്കുകയാണെന്ന് ട്രാവൽ ഏജന്റുമാർ പറയുന്നു.

ഹൈദരാബാദിൽ നിന്ന് നിരവധി ആളുകൾ എല്ലാ വർഷവും കശ്മീർ സന്ദർശിക്കാറുണ്ട്. ഇവരെല്ലാം തിരികെ മടങ്ങി. അടുത്ത 10 ദിവസത്തേക്ക് ഷെഡ്യൂൾ ചെയ്തിരുന്ന എല്ലാ കശ്മീർ യാത്രകളും റദ്ദാക്കിയതായി സ്കൈലിങ്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം റിപ്പോർട്ട് ചെയ്തു. കശ്മീർ താഴ്‌വരയെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതി അടുത്തിടെ പൂർത്തീകരിച്ചിരുന്നു.

ഇതോടെ കശ്മീരിലേയ്ക്കുള്ള ട്രെയിൻ യാത്രകൾ കൂടുതൽ സൗകര്യപ്രദമായി മാറി. ഇത് കശ്മീരിലെ വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകിയതിന് പിന്നാലെയാണ് ഭീകരാക്രമണം. ഇതോടെ ടൂറിസം മേഖലയെ ചുറ്റിയുള്ള കാശ്മീരിലെ വ്യാപാരികൾ അടക്കമുള്ളവർ പ്രതിസന്ധിയിലാവുകയാണ്‌.

Leave a Reply

Your email address will not be published. Required fields are marked *