Your Image Description Your Image Description

തിരുവനന്തപുരം : അതിദരിദ്രരില്ലാത്ത കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്തുകളിൽ ഒന്നായി ആര്യനാട് ഗ്രാമപഞ്ചായത്ത് മാറിയെന്ന് മന്ത്രി ജി.ആർ അനിൽ. ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പുരസ്‌കാരം ലഭിച്ച ആര്യനാട് ഗ്രാമപഞ്ചായത്തിനും ജില്ലയിലെ ഏറ്റവും നല്ല കുടുംബശ്രീ സിഡിഎസിനുള്ള അംഗീകാരം ലഭിച്ച ആര്യനാട് കുടുംബശ്രീയ്ക്കും നൽകിയ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൈഫ് വീടുകൾ, പട്ടയങ്ങൾ, മുൻഗണന റേഷൻ കാർഡുകൾ, സൗജന്യ ചികിത്സ തുടങ്ങി വികസന പ്രവർത്തനങ്ങൾക്കൊപ്പം സാധാരണക്കാരന്റെ ക്ഷേമത്തിനും പ്രാധാന്യം നൽകിയതാണ് സർക്കാരിന്റെ ഭരണ മികവ്. നവംബർ ഒന്നിന് അതിദരിദ്രരില്ലാത്ത കേരളം എന്ന പ്രഖ്യാപനത്തോടെ ഇന്ത്യയിലെ അത്തരത്തിലുള്ള ആദ്യ സംസ്ഥാനമായി കേരളം മാറും എന്നത് ഓരോ മലയാളിക്കും അഭിമാനകരമാണ്. എല്ലാ മേഖലകളിലും കരുതലും സ്നേഹസ്പർശവും ഉള്ള ജനോപകാരപ്രദമായ വികസന നേട്ടങ്ങൾ കൈവരിച്ചതാണ് ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ സ്വരാജ് ട്രോഫി വിജയത്തിനു പിന്നിലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ജി.സ്റ്റീഫൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ആര്യനാട് വി കെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. വിജുമോഹൻ, സെക്രട്ടറി സനിൽകുമാർ.ജി , സിഡിഎസ് ചെയർപേഴ്സൺ സുനിതകുമാരി ജെ. ആർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *