Your Image Description Your Image Description

കണ്ണൂർ : സിവിൽ സർവീസ് എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ യുവജനങ്ങൾക്ക് മിതമായ ഫീസ് നിരക്കിൽ തീവ്ര പരിശീലനം നൽകുന്ന. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്റെ കീഴിലുള്ള കേരള സിവിൽ സർവീസ് അക്കാദമി 14 സബ് സെന്ററുകളുമായി ജൈത്ര യാത്ര തുടരുകയാണ്. ഉത്തര മലബാറിലെ ആദ്യ സിവിൽ സർവീസ് അക്കാദമിയായത്കൊണ്ടുതന്നെ കല്യാശ്ശേരി കെ എസ് സി എസ് എ ക്ക് കൂടുതൽ പ്രാധാന്യമുണ്ട്.

ബിരുദധാരികൾക്ക് സിവിൽ സർവീസ് പരിശീലനം നൽകുന്നതോടൊപ്പംതന്നെ സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് സിവിൽ സർവീസിനായി നേരത്തെ തയ്യാറെടുത്ത് ഗൈഡൻസ് ക്ലാസുകൾ നൽകാനും ഇവർ മുൻകൈ എടുക്കുന്നുണ്ട്. ഹൈസ്കൂൾ, ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കുള്ള സിവിൽ സർവീസ് ഫൗണ്ടേഷൻ, ടാലന്റ് ഡെവലപ്മെന്റ് കോഴ്സുകളിൽ എങ്ങനെ പത്രം വായിക്കണം, ഏത് രീതിയിൽ നോട്ട് തയ്യാറാക്കണം, എൻസിഇആർടി പുസ്തകങ്ങളിലെ മാനവിക വിഷയങ്ങൾ ഏത് രീതിയിൽ പഠിക്കണം തുടങ്ങിയവ ഉൾപ്പെടുന്നു.

ബിരുദം പൂർത്തിയാക്കിയവർക്കുള്ള ഒരു വർഷ പ്രിലിംസ് കം മെയിൻസ് റെഗുലർ ബാച്ചുകൾ എല്ലാ വർഷവും ജൂണിലാണ് ആരംഭിക്കുന്നത്. ഈ കാലയളവിൽ നടത്തുന്ന 38 മാതൃകാ പരീക്ഷകളിലൂടെ വിദ്യാർഥികൾക്ക് അവരുടെ നിലവാരം വിലയിരുത്താൻ സാധിക്കുന്നു. കോളേജ് വിദ്യാർഥികൾക്കും ജോലി ചെയ്യുന്നവർക്കുമായി വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും പിസിഎം വീക്കെൻഡ് കോഴ്സുമുണ്ട്.

മലയാളം, സോഷ്യോളജി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, പൊതുഭരണം തുടങ്ങിയ ഐച്ഛിക വിഷയങ്ങൾക്കുള്ള പ്രത്യേക ക്ലാസുകളുമുണ്ട്. പ്രിലിംസ് പാസാകുന്ന വിദ്യാർഥികൾക്ക് സൗജന്യ മെയിൻസ് പരീക്ഷാ പരിശീലനവും മെയിൻസ് കടക്കുന്നവർക്ക് പേഴ്സണാലിറ്റി ടെസ്റ്റിനുള്ള പരിശീലനവും നൽകിവരുന്നു. ഉദ്യോഗാർഥികളുടെ ഡൽഹിയിലേക്കുള്ള വിമാന ടിക്കറ്റ്, താമസം, ഭക്ഷണം തുടങ്ങിയ സൗകര്യങ്ങളും അക്കാദമി ഒരുക്കുന്നു.

ലക്ഷ്യ സ്കോളർഷിപ്പ് പരീക്ഷ പാസായ എസ് സി വിദ്യാർഥികൾക്ക് ഫീസ് ആനുകൂല്യവും ഇ ഗ്രാന്റ്സും ലഭിക്കും. മറ്റ് വിഭാഗക്കാർക്ക് അതാത് വകുപ്പുകളുടെ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ സാധിക്കും.ലൈബ്രറി, വായനാമുറി, മെന്റർഷിപ്പ് പ്രോഗ്രാം, സിവിൽ സർവീസ് ഓഫീസേഴ്സുമായി ഇന്ററാക്ടീവ് സെഷൻ എന്നിവയും കല്ല്യാശ്ശേരി സിവിൽ സർവീസ് അക്കാദമിയുടെ പ്രത്യേകതകളാണ്.

2005 ൽ സിവിൽ സർവീസ് അക്കാദമി സ്ഥാപിക്കപ്പെട്ടതിന് ശേഷം വർഷംതോറും വിജയികളുടെ എണ്ണം കൂടി വരികയാണ്. 2024 ൽ ഇത് 54 ആയിരുന്നു. കഠിനാധ്വാനം ചെയ്യുവാൻ തയ്യാറുള്ള ഏതൊരു വ്യക്തിയ്ക്കും നേടിയെടുക്കുവാൻ കഴിയുന്ന ഒന്നായി ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷ മാറിയ സാഹചര്യത്തിൽ കേരള സിവിൽ സർവീസ് അക്കാദമിയുടെ പ്രാധാന്യവും ദിനംപ്രതി കൂടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *