Your Image Description Your Image Description

അക്ഷയ് കുമാര്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘കേസരി ചാപ്റ്റര്‍ 2’ വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം ഇന്ന് ഡല്‍ഹിയില്‍ നടന്നിരുന്നു. എന്നാൽ പ്രദര്‍ശനത്തിനിടെ ആരാധകരോടും പ്രേക്ഷകരോടും അക്ഷയ് കുമാര്‍ നടത്തിയ പ്രത്യേക അഭ്യര്‍ഥനയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ചിത്രം കാണുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത് എന്നായിരുന്നു താരത്തിന്റെ അഭ്യര്‍ഥന.

‘നിങ്ങളുടെ ഫോണ്‍ കീശയില്‍തന്നെ വെക്കണമെന്ന് ഞാന്‍ വിനീതമായി അഭ്യര്‍ഥിക്കുകയാണ്. ചിത്രത്തിലെ ഓരോ ഡയലോഗും ശ്രദ്ധിക്കണം. സിനിമ കാണുന്നതിനിടെ നിങ്ങള്‍ ഇന്‍സ്റ്റഗ്രാം നോക്കിയാല്‍, അത് ചിത്രത്തെ അപമാനിക്കുന്നത് പോലെയാവും. അതുകൊണ്ട് നിങ്ങളുടെ ഫോണ്‍ മാറ്റിവെച്ച് സിനിമ കാണണമെന്ന് അഭ്യര്‍ഥിക്കുകയാണ്’, എന്നാണ് അക്ഷയ് കുമാർ പറഞ്ഞത്.

ചിത്രം കാണാന്‍ ഡല്‍ഹിയില്‍ പ്രമുഖരുടെ വലിയ നിര തന്നെ എത്തിയിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത, കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി, എംപിമാരായ അനുരാഗ് ഠാക്കൂര്‍, ബാന്‍സുരി സ്വരാജ് എന്നിവരടക്കം ചിത്രം കാണാന്‍ എത്തിയിരുന്നു. ചാണക്യപുരിയിലെ തീയേറ്ററിലായിരുന്നു ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം. അക്ഷയ് കുമാറിന് പുറമേ ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ആര്‍. മാധവനും ചിത്രം കാണാന്‍ എത്തിയിരുന്നു. നവാഗതനായ കരണ്‍ സിങ് ത്യാഗിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അഭിഭാഷക വേഷത്തിലാണ് ചിത്രത്തില്‍ അക്ഷയ് കുമാര്‍ എത്തുന്നത്. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ കഥയാണ് ചിത്രം പറയുന്നത്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തെത്തിയ ഏക മലയാളിയും വൈസ്രോയി കൗണ്‍സിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.1919-ല്‍ ബ്രിട്ടീഷുകാര്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതാവ് ബാരിസ്റ്റര്‍ സി. ശങ്കരന്‍ നായര്‍ നടത്തിയ പോരാട്ടങ്ങളാണ് ചിത്രത്തില്‍ ആവിഷ്‌കരിക്കുന്നത്. യഥാര്‍ഥ സംഭവങ്ങള്‍ക്കൊപ്പം ശങ്കരന്‍ നായരുടെ ചെറുമകനും സാഹിത്യകാരനുമായ രഘു പാലാട്ട്, അദ്ദേഹത്തിന്റെ ഭാര്യ പുഷ്പ പാലാട്ട് എന്നിവര്‍ ചേര്‍ന്നെഴുതിയ ‘ദി കേസ് ദാസ് ഷുക്ക് ദി എംപയര്‍’ എന്ന പുസ്‌കത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളുന്നതാണ് സിനിമ. അക്ഷയ് കുമാര്‍ ആണ്
സിനിമയിൽ ശങ്കരന്‍ നായരുടെ വേഷത്തിലെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *