Your Image Description Your Image Description
Your Image Alt Text

തളിപ്പറമ്പ് മണ്ഡലത്തില്‍ നടത്തുന്ന ഹാപ്പിനസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം-2024ന്റെ സംഘാടക സമിതി രൂപീകരിച്ചു. എം പിമാരായ കെ സുധാകരന്‍, ജോണ്‍ ബ്രിട്ടാസ്, അഡ്വ. പി സന്തോഷ് കുമാര്‍, എം വി ഗോവിന്ദന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, കണ്ണൂര്‍ റൂറല്‍ എസ് പി എം ഹേമലത, ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍, കെ സന്തോഷ്, ഷാജി എന്‍ കരുണ്‍ എന്നിവര്‍ രക്ഷാധികാരികളായും തളിപ്പറമ്പ് നഗരസഭ ഉപാധ്യക്ഷന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ചെയര്‍മാനായും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് ജനറല്‍ കണ്‍വീനറുമായുള്ള 101 അംഗ സംഘാടക സമിതിക്കാണ് രൂപം നല്‍കിയത്.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്ണന്‍, സിനിമ താരങ്ങളായ സന്തോഷ് കീഴാറ്റൂര്‍, നിഖില വിമല്‍, സോഹന്‍ സിനുലാല്‍, സംവിധായകന്‍ പ്രദീപ് ചൊക്ലി എന്നിവരെ വൈസ് ചെയര്‍മാന്മാരായി തെരഞ്ഞെടുത്തു. ഷെറി ഗോവിന്ദ്, ജിത്തു കോളയാട്, മനോജ് കാന എന്നിവരാണ് കണ്‍വീനര്‍മാര്‍.

ജനുവരി 21, 22, 23 തീയതികളിലായി തളിപ്പറമ്പിലെ ആലിങ്കീല്‍, ക്ലാസ്സിക് തിയേറ്ററുകളിലാണ് ചലച്ചിത്രോത്സവം നടക്കുക. ഐ എഫ് എഫ് കെയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയ 35 ഓളം സിനിമകളാണ് പ്രദര്‍ശനത്തിനായി തെരഞ്ഞെടുത്തത്. മേളയോടനുബന്ധിച്ച് ഓപ്പണ്‍ ഫോറം, ടൂര്‍ ഇന്‍ ടാകീസ് എന്നിവയും നടത്താന്‍ സംഘാടക സമിതി യോഗം തീരുമാനിച്ചു.

കരിമ്പം കില ക്യാമ്പസില്‍ നടന്ന സംഘാടകസമിതി രൂപീകരണ യോഗം എം വി ഗോവിന്ദന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് അധ്യക്ഷത വഹിച്ചു. ആന്തൂര്‍ നഗരസഭ അധ്യക്ഷന്‍ പി മുകുന്ദന്‍, നടന്‍ സോഹന്‍ സിനുലാല്‍, പ്രദീപ് ചൊക്ലി, കെ സന്തോഷ്, സംവിധായകന്‍ ഷെറി ഗോവിന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *