Your Image Description Your Image Description

ന്യൂഡൽഹി: ഇം​ഗ്ലീഷ് ഭാഷ അറിയില്ല എന്ന ഒറ്റക്കാരണംകൊണ്ട് നേരിടേണ്ടി വന്നിട്ടുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് പലരും പലയിടങ്ങളിലും പറഞ്ഞു കേൾക്കാറുണ്ട്. ആശയവിനിമയത്തിൽ ആം​ഗലേയ ഭാഷയ്ക്ക് ചെറുതല്ലാത്ത ഒരു സ്ഥാനമുണ്ടെന്ന് തന്നെ നിസ്സംശയം പറയാം. അങ്ങനെ ഇം​ഗ്ലീഷ് സംസാരിക്കാനറിയാത്തതിന്റെ പേരിൽ പലയിടത്ത് അപമാനിക്കപ്പെടുകയും പിന്നീട് രാജ്യത്തെ ഏറ്റവും കഠിനമായ മത്സരപരീക്ഷകളിലൊന്നായ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മികച്ച വിജയം നേടുകയും ചെയ്ത സുരഭി ഗൗതം എന്ന പെൺകുട്ടിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

മധ്യപ്രദേശിലെ സത്‌ന എന്ന ചെറിയ ഗ്രാമത്തിലാണ് സുരഭിയുടെ കുടുബം താമസിച്ചിരുന്നത്. അച്ഛൻ അഭിഭാഷകനും അമ്മ അധ്യാപികയുമായിരുന്നു. സ്കൂൾ കാലഘട്ടങ്ങളിൽ ട്യൂഷനോ കോച്ചിം​ഗോ ഒന്നും ഇല്ലാതെയാണ് സുരഭി പഠനം പൂർത്തിയാക്കിയത്. പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും 90 ശതമാനത്തിലധികം മാർക്ക് നേടി വിജയിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം സുരഭി സ്റ്റേറ്റ് എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതുകയും മികച്ച മാർക്ക് നേടുകയും ചെയ്തു. തുടർന്ന് ഭോപ്പാൽ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിടെക് പ്രവേശനം നേടി. ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടുകയും മികച്ച പ്രകടനത്തിന് സ്വർണ്ണ മെഡൽ നേടുകയും ചെയ്തിരുന്നു.

എന്നാൽ കോളേജിൽ എത്തിയ സമയത്ത് ഇം​ഗ്ലീഷ് ഭാഷ സുരഭിക്കൊരു വെല്ലുവിളിയായി മാറിയിരുന്നു. ഹിന്ദി മീഡിയം സ്കൂളിൽ പഠിച്ചതിനാൽ ഇംഗ്ലീഷ് സംസാരിക്കാന്‍ പ്രാവീണ്യമുണ്ടായിരുന്നില്ല. ഇം​ഗ്ലീഷ് സംസാരിക്കാൻ അറിയാത്തതിന്റെ പേരിൽ കോളേജിൽ അവൾക്ക് പരിഹാസം നേരിടേണ്ടി വന്നു. എന്നാൽ ഈ പരിഹാസങ്ങൾക്കൊന്നും സുരഭിയെ തളർത്താൻ കഴിഞ്ഞില്ല. എങ്ങനെയും ഇം​ഗ്ലീഷ് ഭാഷ വശത്താക്കണമെന്ന് അവൾ തീരുമാനിച്ചു. തുടർന്ന് ഓരോ ദിവസവും ഇം​ഗ്ലീഷിലെ 10 പുതിയ വാക്കുകൾ പഠിച്ചു. ലൈബ്രറിയിൽ നിന്ന് എഞ്ചിനീയറിംഗ് ഇംഗ്ലീഷ് പുസ്തകങ്ങൾ കൊണ്ടുവന്ന് ഭാഷ പരിശീലിക്കാൻ തുടങ്ങി. അങ്ങനെ ഭാഷാ പ്രശ്നം മറികടന്നു. തന്റെ സെമസ്റ്റർ പരീക്ഷകളില്‍ സർവകലാശാലയിൽ ഒന്നാമതെത്താന്‍ സുരഭിക്ക് സാധിച്ചു

ഇതിനുശേഷം, നിരവധി മത്സര പരീക്ഷകളിലും ഈ പെണ്‍കുട്ടി മികച്ച വിജയം നേടി. പിന്നീട്, ഐഎസ്ആർഒ, ബിഎആർസി, ഐഇഎസ്, യുപിഎസ്‍സി ഐഎഎസ് എന്നിവയുൾപ്പെടെയുള്ള പ്രധാനപ്പെട്ട 8 പരീക്ഷകളിൽ സുരഭി മികച്ച റാങ്കുകൾ നേടുകയും ചെയ്തു. 2016 ൽ യുപിഎസ്‍സി സിവിൽ സർവ്വീസ് പരീക്ഷ 50ാം റാങ്കോടെ പാസ്സായി ഐഎഎസ് ഉദ്യോ​ഗസ്ഥയുമായി. തീർത്തും പരിമിതമായ സാഹചര്യത്തിൽ നിന്ന് വന്നിട്ടും തന്റെ കഠിനാധ്വാനവും നിശ്ചയദാർഢ്യവും ഒന്നുകൊണ്ട് മാത്രമാണ് സുരഭിക്ക് വിജയിക്കാനായത്.

Leave a Reply

Your email address will not be published. Required fields are marked *