Your Image Description Your Image Description
Your Image Alt Text
വിഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി മലപ്പുറം ജില്ലാ ഭരണകൂടവും സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ചെസ്സ് പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് നിര്‍വഹിച്ചു. തിരൂര്‍ ഫാത്തിമ മാതാ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വി.പി അനില്‍കുമാര്‍ അധ്യക്ഷനായി.
കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ ഭിന്നശേഷി വിഭാഗങ്ങളെക്കൂടി പ്രാപ്തരാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ആദ്യഘട്ടമെന്ന നിലയില്‍ വീല്‍ചെയറിനെ ആശ്രയിക്കുന്നവര്‍ക്കാണ് ജില്ലയിലെ ചെസ്സ് കളിക്കാരുടെ കൂട്ടായ്മയുടെ സഹായത്തോടുകൂടി പരിശീലനം നല്‍കുന്നതെന്നും തുടര്‍ന്ന് പദ്ധതി വ്യാപിപ്പിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

 

സേവന സന്നദ്ധരായ ചെസ്സ് പരിശീലകരെ ഉപയോഗപ്പെടുത്തി തിരൂര്‍, കുറ്റിപ്പുറം, മലപ്പുറം, പെരിന്തല്‍മണ്ണ, മഞ്ചേരി, നിലമ്പൂര്‍ തുടങ്ങി ജില്ലയിലെ ആറ് കേന്ദ്രങ്ങളിലായാണ് ആദ്യഘട്ട പരിശീലന പരിപാടികള്‍. ഭിന്നശേഷിക്കാരുടെ വീടുകളില്‍ ആഴ്ചയില്‍ രണ്ടുദിവസം സന്ദര്‍ശിച്ച് അവരോടൊപ്പം സമയം ചിലവഴിക്കുകയും തുടര്‍ പരിശീലനം നല്‍കുകയും ചെയ്യും. ഇതോടൊപ്പം ഐ.ടി സാധ്യതകള്‍ ഉപയോഗിച്ച് ഭിന്നശേഷിക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ കണ്ടെത്താനും പരിശീലനം നല്‍കും. സര്‍ക്കാര്‍ പദ്ധതികളുള്‍പ്പടെ വിവിധ സഹായങ്ങള്‍ അര്‍ഹരായവരിലേക്ക് എത്തിക്കുന്നതിനും പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും ജീവിത സാഹചര്യങ്ങള്‍ അടുത്തറിയുന്നതിനും വീടുകളില്‍ നടത്തുന്ന സന്ദര്‍ശനങ്ങളിലൂടെ സാധ്യമാകുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

 

ആദ്യ ദിനം തിരൂര്‍ ഫാത്തിമ മാതാ ഹയര്‍ സെക്കന്ററി സ്‌കൂളിലും കുറ്റിപ്പുറം ഇല ഫൗണ്ടേഷന്‍ ഹാളിലുമാണ് പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചത്. തുടര്‍ന്ന് ജനുവരി 13ന് മലപ്പുറം, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലും 14 ന് മഞ്ചേരി, നിലമ്പൂര്‍ എന്നിവിടങ്ങളിലും പരിശീലന പരിപാടികള്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *