Your Image Description Your Image Description
Your Image Alt Text

ദുബായ്: യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ പ്രധാന റോഡുകളും പാലങ്ങളും അറ്റകുറ്റപ്പണി നടത്തുന്നതിൽ മാതൃകയായി ദുബായ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി. മണിക്കൂറിൽ ഇരുപത്തിരണ്ടായിരത്തിലധികം വാഹനങ്ങൾ ചീറി കടന്നുപോകുന്ന ദുബായ് അൽമക്തൂം ഫ്ലോട്ടിങ് പാലം അറ്റകുറ്റപ്പണിക്കായി ചെലവഴിച്ച സമയത്തിന്റെ കണക്ക് ആർടിഎ പുറത്തുവിട്ടു. 5222 മണിക്കൂറാണ് പാലം പരിശോധനകൾക്കും അറ്റകുറ്റപ്പണികൾക്കുമായി കഴിഞ്ഞ വർഷം ചെലവിട്ടത്. ദിവസക്കണക്കിൽ നോക്കിയാൽ 217 ദിവസത്തോളമാണ് പാലത്തിന്‍റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ചെലവിട്ടത്. ദുബായിലെ ഏറ്റവും പഴക്കമുള്ള പാലങ്ങളിൽ ഒന്നാണ് അൽ മക്തൂം പാലം. പാലത്തിന്‍റെ അറ്റകുറ്റപ്പണിക്കും സുരക്ഷ പരിശോധനയ്ക്കും ദുബായ് ആർടിഎ ചെലവഴിച്ച സമയവും അധ്വാനവും തീര്‍ത്തും മാതൃകാപരമാണ്.

പാലത്തിലൂടെ പരമാവധി യാത്ര മുടങ്ങാതെയായിരുന്നു ഇതെല്ലാം നടത്തിയതെന്നതാണ് ശ്രദ്ധേയം. ബോട്ടുകൾക്കും കപ്പലുകൾക്കും കടന്നുപോകാനായി ഹൈഡ്രോളിക് സംവിധാനത്തിലൂടെ തുറക്കാനും അടയ്ക്കാനും കഴിയുന്നതാണ് അൽ മക്തൂം പാലം. 61 വർഷം പഴക്കമുള്ള പാലത്തിലൂടെ മണിക്കൂറിൽ 22,000ത്തിലധികം വാഹനങ്ങളാണ് ദേരയെയും ബർദുബായിയെും ബന്ധിപ്പിച്ച് കടന്നുപോകുന്നത്. ഇതിനാൽ ഓരോ ദിവസവും പരിശോധന വേണം. പുറമെ ആഴ്ച്ചയിലും മാസത്തിലും മൂന്നു മാസത്തിലൊരിക്കലും വർഷത്തിലൊരിക്കലും വിശദമായ പരിശോധനകളുണ്ടാകും.

2023ൽ 104 തവണയാണ് അറ്റകുറ്റപണികളും നടത്തിയത്. അതായത് ആകെ 5,222 മണിക്കൂർ. വൈദ്യുത ജനറേറ്റർ, ബ്രേക്ക് പെഡലുകൾ, ഹൈഡ്രോളിക് സംവിധാനങ്ങൾ എന്നിവയെല്ലം പരിശോധനയ്ക്ക് വിധേയമാക്കി. ഗതാഗതം മുടങ്ങാതിരിക്കാൻ അർധരാത്രിക്ക് ശേഷമാണ് ആഴ്ചയിൽ രണ്ടു തവണ വീതം പാലത്തിൽ അറ്റകുറ്റപണികൾ നടത്തുക. മറ്റു സമയങ്ങളിൽ പാലം അടയ്ക്കേണ്ടി വന്നാൽ മുൻകൂട്ടി അറിയിപ്പ് നൽകും. 1962-ലാണ് അൽ മക്തൂം പാലം യാത്രയ്ക്കായി തുറന്നു കൊടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *