Your Image Description Your Image Description
Your Image Alt Text

ദേശീയ നേതൃത്വവുമായുള്ള ബന്ധം പാടെ വിഛേദിച്ച് പുതിയ പാർട്ടി രൂപീകരിക്കാനുളള സമ്മർദം ശക്തമായ സാഹചര്യത്തിൽ കേരളത്തിലെ ജനതാദൾ–എസ് നേതൃയോഗം വ്യാഴാഴ്ച ചേരും.
ദേശീയ നേതൃത്വത്തിന്റെ ബി.ജെ.പി ബന്ധത്തിനു പിന്നാലെ, കർണാടകത്തിലെ രേവണ്ണ വിവാദം കൂടിയായതോടെ തീർത്തും വെട്ടിലായി.

അതുകൊണ്ട് തന്നെ പുതിയ പാർട്ടി രൂപീകരിക്കാൻ ജെ.ഡി.എസ് സംസ്ഥാനഘടകം നീക്കം തുടങ്ങി. കൂറുമാറ്റം പ്രശ്നമാകാൻ സാദ്ധ്യതയുള്ളതിനാൽ മാത്യു.ടി. തോമസ് എം.എൽ.എയും മന്ത്രി കൃഷ്ണൻകുട്ടിയും പുതിയ പാർട്ടിയിൽ അംഗത്വമെടുക്കുന്നതിൽ ആശയക്കുഴപ്പമുണ്ട്.

ഇടതുമുന്നണിയിലെ ചില കക്ഷികളുമായി ചർച്ച ചെയ്ത് ചെറുപാർട്ടികളെ ഉൾപ്പെടുത്തിയുള്ള പാർട്ടി സംവിധാനത്തിനും ആലോചനയുണ്ട്. നാളെ പാർട്ടിയുടെ അടിയന്തിര ഭാരവാഹി യോഗത്തിൽ ഇക്കാര്യങ്ങൾ ചർച്ചയാകും.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നശേഷമാവും അന്തിമ തീരുമാനമെടുക്കുന്നത് . കൂറുമാറ്റനിരോധന നിയമത്തിൽ കുരുങ്ങാതെ പുതിയ പാർട്ടി രൂപീകരിക്കാനാണ് ശ്രമം. വേറൊരു പാർട്ടിയിലേക്ക് സംസ്ഥാന കമ്മിറ്റി ലയനമാണ് മറ്റൊരു മാർഗം. എൻ.സി.പിയുമായി പ്രാഥമിക ചർച്ച നടന്നിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

ദേശീയ തലത്തിൽ ശരത് പവാർ നേതൃത്വം നൽകുന്ന ചേരിക്കൊപ്പമാണ് കേരളത്തിലെ എൻ.സി.പി. എന്നാൽ തിരഞ്ഞെടുപ്പിനുശേഷം പവാർ പക്ഷം കോൺഗ്രസിൽ ലയിക്കാൻ നീക്കം നടത്തുന്നത് കേരള നേതാക്കളെ അസ്വസ്ഥരാക്കുന്നു.

കോവൂർ കുഞ്ഞുമോൻ നേതൃത്വം നൽകുന്ന ആർ.എസ്.പി ലെനിനിസ്റ്റ്, ജനാധിപത്യ കേരളകോൺഗ്രസ്, സ്‌കറിയ തോമസ് വിഭാഗം എന്നിവയുമായും ചർച്ചകൾക്ക് ശ്രമമുണ്ട്. സമാജ്‌വാദി പാർട്ടിയുമായുള്ള ലയനം ആലോചിച്ചെങ്കിലും അവരുടെ സംസ്ഥാന ഘടകം യു.ഡി.എഫിന് അനുകൂലമായതിനാൽ അത് സാധ്യമാവില്ല.

ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവെഗൗഡയുടെ ബിജെപി സഖ്യം സംസ്ഥാന ഘടകത്തെ വെട്ടിലാക്കിയതിനു പിന്നാലെ അദ്ദേഹത്തിന്റെ കൊച്ചുമകനും എംപിയുമായ പ്രജ്വൽ രേവണ്ണ ലൈംഗികാതിക്രമ കേസുകളിൽ കൂടി പെട്ടതോടെ കേരളത്തിലെ നേതാക്കൾക്ക് തലയുയർത്തി നടക്കാൻ പറ്റാത്ത സ്ഥിതിയാണ്.

ബിജെപി സഖ്യത്തെ തള്ളിപ്പറഞ്ഞെങ്കിലും സാങ്കേതികമായി ഇപ്പോഴും ഗൗഡ അധ്യക്ഷനായ ജെഡിഎസിന്റെ കേരള ഘടകം തന്നെയാണ് ഇവിടെയുള്ളത്. പാർട്ടി മാറിയാൽ സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ് എംഎൽഎയും മന്ത്രി കെ.കൃഷ്ണൻകുട്ടിയും കൂറുമാറ്റനിരോധന നിയമത്തിൽ പെട്ട് അയോഗ്യരാകുമെന്ന ഭയം മൂലമാണ് അതിനു തുനിയാത്തത്.

Leave a Reply

Your email address will not be published. Required fields are marked *