കൊച്ചി: വിശുദ്ധവാര ദിനങ്ങളിൽ പോലും എറണാകുളം-അങ്കമാലി മേജർ അതിരൂപതയിൽ സഭയുടെ ഔദോഗിക കുർബാന നടപ്പിലാക്കാൻ കഴിയാതെ സഭ നിരോധിച്ച കുർബാന നടപ്പിലാക്കാൻ ശ്രമിക്കുന്ന ആർച്ച്
ബിഷപ് ജോസഫ് പാംപ്ലാനി അതിരൂപതയുടെ മെത്രാപ്പോലീത്തൻ വികാരി സ്ഥാനം ഒഴിയണമെന്ന് ഏകീകൃത കുർബാനക്കു വേണ്ടി നിലകൊള്ളുന്ന വിവിധ സംഘടനകളുടെ കൂട്ടായ്മയായ വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ് ഏകോപന സമിതി ആവശ്യപ്പെട്ടു.
സഭ തീരുമാനങ്ങൾ അനുസരിക്കാതെ നിയമലംഘനം നടത്തുന്ന വൈദീകർക്കു കുട പിടിക്കുന്ന സഭ നേതൃത്വം രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ് ഏകോപന സമിതി അതിരൂപത ആസ്ഥാനത്തേക്ക് സംഘടിപ്പിച്ച മാർച്ചിലാണ് ഈ ആവശ്യം ഉന്നയിച്ചത്. മാർ പാംപ്ലാനിക്കൊപ്പം മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലും തൽസ്ഥാനത്തു തുടരാൻ യോഗ്യനല്ലെന്നും വിശ്വാസികൾ ചൂണ്ടിക്കാട്ടി.
എറണാകുളം വഞ്ചി സ്വകയറിൽ നടത്തിയ പ്രതിഷേധ സമ്മേളനത്തിൽ നൂറ് കണക്കിന് വിശ്വസികൾ പങ്കെടുത്തു. തുടർന്ന് ബിഷപ്പ് ഹൗസിലേക്ക് പ്രതിഷേധ റാലിയും സംഘടിപ്പിച്ചു അതിരൂപത വൺ ചർച്ച് വൺ കുർബാന മേജർ അതിരൂപത മൂവ്മെൻറ് ഏകോപന സമിതി വിവിധ സംഘടന ഭാരവാഹികളായ സേവ്യർ മാടവന , ഡോ. എം.പി. ജോർജ്, ജോസഫ് എബ്രാഹാം , ആൻ്റണി പുതുശേരി, പി. എസ് ജോസഫ്,കുര്യാക്കോസ് പഴയമടo , ടെൻസൺ പുളിക്കൽ, ജോസഫ് അമ്പലത്തിങ്കൽ, സീലിയ ആൻ്റണി, സോളി ബിനു എന്നിവർ പ്രസംഗിച്ചു.
മെത്രാപ്പോലീത്തൻ വികാരി
മാർ ജോസഫ് പാംപ്ലാനിയുമായി നടത്തിയ ഓൺലൈൻ ചർച്ചയിൽ ഏകീകൃത കുർബാനയിൽ ഒരു വിട്ടുവീഴ്ചയും അംഗീകരിക്കില്ലെന്ന് വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ് അതിരൂപത ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചു.