Your Image Description Your Image Description

കാർഷിക ഉൽപ്പന്നങ്ങൾ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റി കേരകർഷകരുടെ വരുമാനം വർദ്ധിപ്പിക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കൃഷി വകുപ്പ് കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കിയ കേരഗ്രാമം പദ്ധതിയുടെ രണ്ടാം വർഷ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കാർഷിക ഉൽപ്പന്നങ്ങൾ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതിലൂടെ, ഉൽപന്നങ്ങളുടെ വില നിർണയിക്കാനുള്ള അവകാശം കർഷകന് ലഭിക്കും. ഇങ്ങനെ ഉല്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് പ്രാദേശികമായി വിപണി കണ്ടെത്താനുള്ള ശ്രമമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

നാളികേര കൃഷിയുടെ പ്രാധാന്യവും ഉൽപാദനക്ഷമതയും വർദ്ധിപ്പിച്ച് കർഷകരുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കിയാണ് സംസ്ഥാന സർക്കാർ കേരഗ്രാമം പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. കാർത്തികപ്പള്ളി കേരഗ്രാമം പദ്ധതി വഴി പഞ്ചായത്തിലെ കേരകർഷകരെ ഒരുമിച്ചണിനിരത്തി പഞ്ചായത്ത് ഭരണ സമിതിയുടെയും, പഞ്ചായത്തുതല കേര സമിതിയുടെയും നേതൃത്വത്തിൽ വാർഡിലെ കേര സമിതികൾ രൂപീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സംയോജിത വളപ്രയോഗം, രോഗകീടനിയന്ത്രണം തുടങ്ങിയ വിവിധ ഘട്ടങ്ങൾ ഉൾപ്പെടുത്തി കേരഗ്രാമം പദ്ധതിയുടെ ഒന്നാംവർഷം പൂർത്തീകരിച്ചിരുന്നു. രണ്ടാം വർഷ പ്രവർത്തനങ്ങളുടെ ഉദ്ഘാടന വേദിയിൽ മികച്ച കർഷകരേയും മുതിർന്ന കർഷകത്തൊഴിലാളികളെയും ആദരിച്ചു.

തോട്ടുകടവ് ഗവ. യു പി സ്കൂളിൽ നടന്ന ചടങ്ങിൽ രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷനായി. കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ ഭായ്, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. ടി എസ് താഹ, കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ അമ്പിളി, ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ എൽ പ്രീത, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ബെറ്റി വർഗീസ്, കാർത്തികപ്പള്ളി കേരഗ്രാമം പ്രസിഡൻ്റ് കെ എൻ തമ്പി, സെക്രട്ടറി വടക്കടം സുകുമാരൻ, കൃഷി ഓഫീസർ ഡി ഷാജി, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *