Your Image Description Your Image Description

കൊല്ലം: ലോക പ്രശസ്ത്ര ചിത്രകാരന്‍ എ. രാമചന്ദ്രന്റെ നാമധേയത്തില്‍ കൊല്ലം ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ സ്ഥാപിക്കുന്ന ലോകോത്തര നിലവാരത്തിലുള്ള ആര്‍ട്ട് ഗ്യാലറി ആറു മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് സാംസ്‌കാരിക ഫിഷറീസ് – യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ആര്‍ട്ട് ഗ്യാലറിയുടെ നിര്‍മ്മാണോദ്ഘാടനം  കൊല്ലം ആശ്രാമം സാംസ്‌കാരിക സമുച്ചയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എ. രാമചന്ദ്രന്റെ 300 കോടിയോളം വിലമതിപ്പുള്ള 48 ചിത്രങ്ങളാണ് ആര്‍ട്ട് ഗ്യാലറിയില്‍ സ്ഥാപിക്കുന്നത്.

സാംസ്‌കാരിക വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ലളിതകലാ അക്കാദമിക്കാണ് ആര്‍ട്ട് ഗ്യാലറിയുടെ നടത്തിപ്പ് ചുമതല. സര്‍ക്കാര്‍ ഒരു കോടി രൂപയും എ. രാമചന്ദ്രന്റെ കുടുംബം ഒരു കോടി രൂപയും ചെലവിട്ട് ആകെ രണ്ടു കോടി രൂപയാണ് ഇന്റീരിയര്‍ ജോലികള്‍ക്ക് പ്രതീക്ഷിത ചെലവ്. അധിക ചെലവ് വന്നാല്‍ എ. രാമചന്ദ്രന്റെ കുടുംബം വഹിക്കും.  വര്‍ത്തമാന കാലത്ത് കേരളത്തിന്റെ യശസ്സ് ആഗോള തലത്തില്‍ ഉയര്‍ത്തിയ കലാകാരനാണ് എ. രാമചന്ദ്രന്‍. ശില്പി, സംഗീതജ്ഞന്‍ , സാഹിത്യകാരന്‍ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം പത്മഭൂഷണ്‍ തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

എ. രാമചന്ദ്രന്‍ ആര്‍ട്ട് ഗ്യാലറി കൊല്ലത്തെ ലോക ടൂറിസം മാപ്പില്‍ പ്രത്യേകമായി അടയാളപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. വര്‍ത്തമാന കാലം നേരിടുന്നത് ഗുരുതരമായ പ്രശ്‌നങ്ങളാണ്. വലിയ ഭയപ്പാടിന്റെ കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. വിചാരങ്ങള്‍ക്കപ്പുറം വൈകാരികമായി സാമൂഹിക പ്രശ്‌നങ്ങളെ നേരിടാനും വര്‍ഗ്ഗീയത വളര്‍ത്താനുമുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു.  യുക്തിബോധവും ശാസ്ത്ര ചിന്തയും സമൂഹത്തില്‍ വളര്‍ത്തുന്നതോടൊപ്പംകലയും സാഹിത്യവും സംഗീതവും അടങ്ങിയ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെയുള്ള പ്രശ്‌നപരിഹാരവും പ്രതിരോധവുമാണ് സര്‍ക്കാര്‍ നയം. ലഹരിക്കെതിരെയുള്ള പോരാട്ടത്തിലും സര്‍ക്കാര്‍ ഈ ആശയം മുന്നോട്ട് വയ്ക്കുന്നു.

ഈ ലക്ഷ്യത്തോടെ ജില്ലകള്‍ തോറും സാംസ്‌കാരിക സമുച്ചയങ്ങള്‍ സ്ഥാപിച്ച് ഓരോ ജില്ലയുടെയും  സാംസ്‌കാരിക ഹബ്ബായി വളര്‍ത്തിയെടുക്കാനുള്ള ശ്രമമാണ്. ഇതില്‍ ആദ്യത്തെ സാംസ്‌കാരിക സമുച്ചയം പൂര്‍ത്തിയായത് കൊല്ലത്താണ്.പാലക്കാടും കാസര്‍കോടും സാംസ്‌കാരിക സമുച്ചയങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഇവ മെയ് മാസത്തില്‍ ഉദ്ഘാടനീ ചെയ്യും. കോട്ടയം, ആലപ്പുഴ, ഇടുക്കി, തിരുവനന്തപുരം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയായി. മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *