Your Image Description Your Image Description

മലയാളികൾക്ക് വിഷുപ്പുലരിയെന്നാൽ സമൃദ്ധിയുടെ നേര്‍ക്കാഴ്ച്ചകളിലേക്ക് കണി കണ്ടുണരുന്ന ദിവസമാണ്. മേടം ഒന്നാം തീയതിയാണ് വിഷു ദിവസമായി ആഘോഷിക്കുന്നത്. ഐതിഹ്യങ്ങള്‍ പലതുണ്ടെങ്കിലും കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ടാണ് ഈ ദിനം ആഘോഷിക്കുന്നത്. പുതിയ വർഷത്തിന്റെ തുടക്കമായും ഒരു വർഷത്തെ കൃഷിയിറക്കാനുള്ള ദിവസമായും വിഷു ആഘോഷിച്ചുപോരുന്നു.

ഒരു വര്‍ഷക്കാലം ഐശ്വര്യമുണ്ടാകാനാണ് വിഷുപ്പുലരിയില്‍ കണികണ്ടുണരുന്നത്. ഒട്ടുമിക്ക ക്ഷേത്രങ്ങളിലും വിഷുവിന് കണിയൊരുക്കും. ഗുരുവായൂരിലെ വിഷുക്കണി ഏറെ പ്രശസ്തവും അതിപ്രധാനവുമാണ്. കേരളത്തിലെ പ്രശസ്തമായ കൃഷ്ണ ക്ഷേത്രങ്ങളെക്കുറിച്ച് അറിയാം…

1. ഗുരുവായൂർ ക്ഷേത്രം – തൃശൂർ

ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട കൃഷ്ണ ക്ഷേത്രമാണ് ഗുരുവായൂർ ക്ഷേത്രം. കണ്ണനെന്ന് കേൾക്കുമ്പോൾ ഭക്തരുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ഗുരുവായൂർ ക്ഷേത്രമാണ്. ഗുരുവായൂർ പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിൽ മഹാവിഷ്ണു ഗുരുവായൂരപ്പനായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഗുരുവായൂരിലെ വിഷുക്കണി ഏറെ പ്രശസ്തവും അതിപ്രധാനവുമാണ്. വിഷുപ്പുലരിയില്‍ ഗുരുവായൂരപ്പനെ കണികണ്ട് സായൂജ്യം നേടാന്‍ നിരവധി ഭക്തരാണ് എത്തുന്നത്. പുലർച്ചെ തന്നെ ഗുരുവായൂർ ക്ഷേത്രത്തിലെ വിഷുക്കണി ദർശനം ആരംഭിക്കും. ഭവനത്തിൽ കണികാണുന്നതിനു പ്രത്യേക മുഹൂർത്തങ്ങളുണ്ടെങ്കിലും ക്ഷേത്രത്തിൽ കണികാണുന്നതിനു പ്രത്യേകം സമയം നോക്കേണ്ടതില്ല. പുലർച്ചെ മേൽശാന്തി ശ്രീലക വാതില്‍ തുറന്ന് ആദ്യം ഗുരുവായൂരപ്പനെ കണികാണിക്കും. പിന്നീട് ഭക്തർക്ക് കണി ദർശനം നടത്താം. ശ്രീകോവിലിനകത്തെ മുഖമണ്ഡപത്തിലാണ് വിഷുക്കണി ഒരുക്കുക. രാത്രി വിഷുവിളക്ക് തെളിയും.

ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ ശ്രീകൃഷ്ണസങ്കല്പത്തിൽ പൂജിക്കപ്പെടുന്ന ചതുർബാഹുവും ശംഖചക്രഗദാപദ്മധാരിയുമായ മഹാവിഷ്ണുഭഗവാനുമാണ്. ശ്രീകൃഷ്ണാവതാരസമയത്ത് വസുദേവർക്കും ദേവകിക്കും കാരാഗൃഹത്തിവച്ച് ദർശനം നൽകിയ മഹാവിഷ്ണുവിന്റെ രൂപമാണ് വിഗ്രഹത്തിനുള്ളതെന്നാണ് വിശ്വാസം.

2. അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം – ആലപ്പുഴ

പാർത്ഥസാരഥി സങ്കല്പത്തിൽ വലതുകൈയ്യിൽ ചമ്മട്ടിയും ഇടതുകൈയ്യിൽ പാഞ്ചജന്യവുമായി നിൽക്കുന്ന അപൂർവ്വം പ്രതിഷ്ഠയാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലുള്ളത്. അമ്പലപ്പുഴ പാൽപ്പായസവും, അമ്പലപ്പുഴ വേലകളിയും പ്രശസ്തമാണ്.

വില്വമംഗലത്തു സ്വാമിയാരാണ് ക്ഷേത്രത്തിനു സ്ഥാനം നിശ്ചയിച്ചത് എന്ന് ഐതിഹ്യങ്ങൾ പറയുന്നു. ചെമ്പകശ്ശേരി രാജാവ് ഒരു ദിവസം സ്വാമിയാരുമൊത്തു വള്ളത്തിൽ യാത്ര ചെയ്യുകയായിരുന്നു. ആ സമയം എവിടെ നിന്നോ ഓടക്കുഴൽ നാദം ഒഴുകിവന്നു. രാജാവ് ചുറ്റുപാടും ശ്രദ്ധിച്ചെങ്കിലും ആ പ്രദേശത്തെങ്ങും ആരും ഉണ്ടായിരുന്നില്ല. ശ്രീകൃഷ്ണന്റെ ഓടക്കുഴൽ ഗാനമാണു കേട്ടതെന്നും അവിടെ ഒരു ക്ഷേത്രം പണിയണമെന്നും സ്വാമിയാർ രാജാവിനെ അറിയിച്ചു. അങ്ങനെ ക്ഷേത്രം പണികഴിക്കുകയായിരുന്നുവെന്നാണ് ഐതീഹ്യം

3. പാര്‍ത്ഥസാരഥി ക്ഷേത്രം-ആറന്‍മുള

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം. പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ പുണ്യനദിയായ പമ്പാനദിയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചതുർബാഹുവും പരബ്രഹ്മനായ സാക്ഷാൽ മഹാവിഷ്ണുവിന്റെ രൂപത്തിൽ കുടികൊള്ളുന്ന ശ്രീകൃഷ്ണപരമാത്മാവാണ് മുഖ്യപ്രതിഷ്ഠ.

കേരളത്തിലെ ഏറ്റവും പേരുകേട്ട അഞ്ച് ശ്രീകൃഷ്ണക്ഷേത്രങ്ങളിലൊന്നാണിത്. ആറടിയിലധികം ഉയരം വരുന്ന വിഗ്രഹം, തന്റെ ഭക്തനായ അർജ്ജുനന് വിശ്വരൂപം കാണിച്ചുകൊടുക്കുന്ന സങ്കല്പത്തിലാണ് പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. കേരളത്തിലെ ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഏറ്റവും വലിയ വിഗ്രഹമുള്ളത് ആറന്മുളയിലാണ്.

ക്ഷേത്രം ആറന്മുള പഞ്ചായത്തിലും ക്ഷേത്ര മുൻഭാഗം മല്ലപ്പുഴശ്ശേരി പഞ്ചായത്തിലുമാണ്.[1] ആഗ്രഹസാഫല്യത്തിനായി നടത്തുന്ന ആറന്മുള വള്ളസദ്യ ഇവിടത്തെ പ്രധാന വഴിപാടാണ്. തിരുവോണത്തോണിയും, അഷ്ടമിരോഹിണി വള്ളസദ്യയും ഉത്രട്ടാതി വള്ളംകളിയും ഇവിടത്തെ പ്രധാന പരിപാടികളാണ്.

4. തിരുവമ്പാടി ക്ഷേത്രം – തൃശൂർ

തൃശ്ശൂരിലെ അതിപുരാതന കൃഷ്ണ ക്ഷേത്രങ്ങളിലൊന്നായ തിരുമ്പാടി ശ്രീകൃഷ്ണ ക്ഷേത്രവും വിഷുവിന് വിശേഷപ്പെട്ടതാണ്. തൃശ്ശൂർ പൂരത്തിന്റെ മുഖ്യ പങ്കാളികളിൽ ഒന്നായ ക്ഷേത്രമാണ് ഇത്. ടിപ്പു സുൽത്താന്റെ പടയോട്ട കാലത്താണ് ക്ഷേത്രത്തിന്റെ ചരിത്രവും തുടങ്ങുന്നത്. ടിപ്പുവിന്റെ പട്ടാളത്തെ ഭയന്ന് എടക്കളത്തുരിൽ നിന്ന് ശാന്തിക്കാരൻ എടുത്ത് ഓടിയ കൃഷ്ണ വിഗ്രഹമാണ് ഇവിടത്തെ പ്രതിഷ്ഠ.

വടക്കെ അങ്ങാടിയിൽ കണ്ടൻ കാവിലായിരുന്നു ആദ്യ പ്രതിഷ്ഠ. ധനുമാസത്തിലെ വേലയും മേടത്തിലെ പൂരവും ഭഗവതിയുടേതാ‍ണ്. ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി, ധനുമാസത്തിലെ സ്വർഗ്ഗവാതിൽ ഏകാദശി എന്നിവയും ഈ ക്ഷേത്രത്തിൽ ആഘോഷിക്കുന്നുണ്ട്.

5. കടലായി ശ്രീകൃഷ്ണക്ഷേത്രം – കണ്ണൂർ

കണ്ണൂർ ജില്ലയിലെ ചിറക്കൽ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ശ്രീകൃഷ്ണ ക്ഷേത്രമാണ്കടലായി ശ്രീകൃഷ്ണ ക്ഷേത്രം. അഞ്ജനശിലയിലുള്ള നവനീതകൃഷ്ണനാണ് ഇവിടത്തെ പ്രതിഷ്ഠ. വടക്കൻ കേരളത്തിലെ ഗുരുവായൂർ എന്ന് അറിയപ്പെടുന്ന ക്ഷേത്രത്തിലെ വിഷുക്കണി വളരെ വിശേഷപ്പെട്ടതാണ്.

നൂറ്റാണ്ടുകൾക്ക്‌ മുമ്പ്‌ ഈ പ്രദേശം ഭരിച്ചിരുന്ന മൂഷിക രാജാവായ വളഭന്‌ കടലിൽ നിന്നും ലഭിച്ച വലതു കൈയ്യറ്റ നിലയിലുള്ള ശ്രീകൃഷ്ണ വിഗ്രഹം കണ്ണൂരിനു അൽപം തെക്ക്‌ കടലായി എന്ന സ്ഥലത്ത്‌ ക്ഷേത്രം പണിത്‌ അവിടെ പ്രതിഷ്ഠിക്കുകയും കാലത്തിന്റെ പടയോട്ടത്തോടൊപ്പം ടിപ്പു സുൽത്താന്റെ വരവു കൂടിയായപ്പോൾ ആ ക്ഷേത്രം നാമാവശേഷമായി തീരുകയും ചെയ്തുവെന്നാണ് ഐതീഹ്യം.

6. തിരുപാൽക്കടൽ ശ്രീകൃഷ്ണ ക്ഷേത്രം – കിളിമാനൂർ

വിഷുക്കണിക്ക് പ്രസിദ്ധമായ തിരുപാൽക്കടൽ ശ്രീകൃഷ്ണ ക്ഷേത്രം, വേണാട്ടു രാജാക്കന്മാര്‍ പണികഴിപ്പിച്ചതാണെന്നാണ് വിശ്വാസം. തിരുവിതാംകൂര്‍ രാജവംശത്തിന്റെ ആദികുല കോവിലും ഇതു തന്നെയാണ്. ക്ഷേമ ഐശ്വര്യങ്ങള്‍ക്കും ദാരിദ്ര്യ ശമനത്തിനും അഭീഷ്ടകാര്യ സിദ്ധിക്കും യജ്ഞശാലയില്‍ അരി, അവല്‍, മലര്‍ എന്നിവ കൊണ്ട് പറ നിറയ്ക്കല്‍ ഇവിടുത്തെ പ്രധാന വഴിപാടാണ്.

Leave a Reply

Your email address will not be published. Required fields are marked *