Your Image Description Your Image Description

വിഷു എന്നാൽ ആദ്യം മനസിൽ ഓടിയെത്തുന്നത് പടക്കമാണ്. വിഷുക്കണി കഴിഞ്ഞാൽ മലയാളികൾ പടക്കം പൊട്ടിച്ചും കമ്പിത്തിരി കത്തിച്ചുമാണ് വിഷുവിന് ആഘോഷമാക്കി മാറ്റുന്നത്. എന്നാൽ ഈ ആഘോഷം അപകടമാവാന്‍ നിമിഷങ്ങള്‍ മതി. പടക്കങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴുള്ള ചെറിയൊരു അശ്രദ്ധ മതി പലരുടെയും ജീവിതം തന്നെ മാറ്റിമറിക്കാൻ. വിഷു അപകടരഹിതമാവാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.

കുട്ടികളെ പടക്കവുമായി അടുത്തിടപഴകാൻ അനുവദിക്കരുത്. പടക്കം പൊട്ടിക്കുമ്പോൾ അടുത്ത് ഒരു ബക്കറ്റിൽ വെള്ളം കരുതുക. അശ്രദ്ധകാരണം വലിയസ്ഫോടനം ഉണ്ടാകുന്നത് തടയാൻ പടക്കവുമായി 50 അടിയെങ്കിലും അകലം പാലിക്കണം. ഒരിക്കലും പടക്കം കൈയിൽവെച്ച് തീ കൊളുത്തരുത്. അപകടം പറ്റിയാൽ പൊള്ളലേറ്റ കൈയിലും മറ്റുമുള്ള ആഭരണങ്ങൾ പെട്ടെന്നുതന്നെ നീക്കംചെയ്യണം. പടക്കം പൊട്ടിക്കുമ്പോൾ കണ്ണിന് സംരക്ഷണം നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം.

പൊള്ളലേറ്റാൽ സ്വയം ചികിത്സ ചെയ്യുന്നത് കൂടുതൽ അപകടം വിളിച്ചുവരുത്തുകയേ ഉള്ളൂ. പൊള്ളലേറ്റ ഭാഗത്ത് നേരിട്ട് ഐസ് വെക്കരുത്. ചിലർ ടൂത്ത് പേസ്റ്റ് തേക്കാറുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് ചൂട് പുറത്തേക്കുപോകാതെ കൂടുതൽ ഉള്ളിലേക്ക് ബാധിക്കാൻ കാരണമാകും. അതേപോലെ, വെണ്ണ പുരട്ടുന്നത് ബാക്ടീരിയകൾ പെരുകുന്നതിനും അണുബാധയ്ക്കും ഇടയാക്കും.
പൊള്ളിയഭാഗം ഒഴുകുന്ന വെള്ളത്തിൽ വെക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. വൃത്തിയുള്ള തുണികൊണ്ട് പൊള്ളലേറ്റ ഭാഗം മൂടി അതിനുമുകളിൽ ഐസ് പാക്ക് വെക്കാം. പരിക്കേറ്റ കൈ ഉയർത്തിവെക്കുക. ഉടൻതന്നെ വൈദ്യസഹായം തേടുക. കണ്ണിന് പരിക്കേറ്റാൽ അതായത് പടക്കം പൊട്ടുമ്പോൾ ചെറിയ കഷ്ണങ്ങളോ പൊടികളോ കണ്ണിൽ തട്ടിയാൽ ഒരിക്കലും കൈകൊണ്ട് തിരുമ്മരുത്. അത് കൂടുതൽ പരിക്ക് ഉണ്ടാക്കുകയേയുള്ളൂ. കണ്ണിൽ ധാരാളം വെള്ളം ഒഴിച്ച് കഴുകണം. ഉടൻതന്നെ ചികിത്സ തേടണം.

ഉയർന്നശബ്ദം പലപ്പോഴും കേൾവിത്തകരാറുകൾക്ക് ഇടയാക്കാറുണ്ട്. ചിലത് താത്കാലിക പ്രശ്നങ്ങളാവാം. എന്നാൽ മറ്റുചിലപ്പോൾ സ്ഥായിയായ തകരാറുകൾക്കും കാരണമാകാം. ശബ്ദത്തിന്റെ തീവ്രത 85 ഡെസിബെല്ലിൽ കൂടുതലാണെങ്കിൽ കേൾവിത്തകരാറിന് ഇടയാക്കാം. പടക്കം പൊട്ടുമ്പോൾ ചുരുങ്ങിയത് 50 അടി അകലമെങ്കിലും പാലിക്കണം. പടക്കം പൊട്ടുമ്പോൾ ചെവി പൊത്തിപ്പിടിക്കുന്നത് നല്ലതായിരിക്കും. ചെവിവേദന, മുരൾച്ച എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടുക. പടക്കം പൊട്ടുമ്പോഴും മറ്റുമുണ്ടാകുന്ന പുകയിൽ നിന്ന് പരമാവധി ഒഴിഞ്ഞുനിൽക്കണം. ആസ്ത്മ, അലർജി എന്നിവ ഉള്ളവർക്ക് അത് തീവ്രമാകാൻ പുക കാരണമാകും.

Leave a Reply

Your email address will not be published. Required fields are marked *