Your Image Description Your Image Description

മലയാളികൾക്ക് വിഷു എന്നത് ഓണം പോലെ തന്നെ പ്രധാനമാണ്. സമ്പത്തിൻ്റെയും സമൃദ്ധിയുടെയും ദിനങ്ങളിലേയ്ക്കുള്ള പ്രതീക്ഷകളാണ് ഓരോരുത്തരുടേയും മനസ്സിൽ ഉദിക്കുന്നത്. വിഷു എന്നു കേൾക്കുമ്പോൾ കണിക്കൊന്നയും കണിയുമാണ് ആദ്യം ഓർമ്മ വരിക. കണിക്കൊന്നയും ധാന്യശേഖരങ്ങളും കൊണ്ട് സമൃദ്ധമായ കണി കണ്ടാണ് വിഷുപുലരിയിൽ മലയാളി കൺതുറക്കുന്നത്. വിളവെടുപ്പ് ഉത്സവം എന്ന് പേരുള്ളതു കൊണ്ട് കാർഷിക വിളകൾക്കാണ് കണിയിൽ പ്രാധാന്യം. കത്തിച്ചു വച്ച നിലവിളക്കിനു മുന്നിൽ ഓട്ടുരുളിയിലാണ് കണിയൊരുക്കുന്നത്. ഈ ഉരുളിയിൽ എന്തൊക്കെ വിഭവങ്ങൾ എങ്ങനെയൊക്കെ ഒരുക്കണമെന്ന് ഇനി വിശദമായി നോക്കാം.

വിഷുക്കണിയായി നാം ഒരുക്കുന്നത് പ്രകൃതിയെ തന്നെയാണ്. എങ്ങനെയാണ് കണി ഒരുക്കേണ്ടത് എന്നറിയാം… പ്രപഞ്ചത്തിന്റെ പ്രതീകമായി കരുതി ഓട്ടുരുളിയാണ് കണി ഒരുക്കുന്നതിനായി എടുക്കുന്നത്. ഉരുളി വച്ച് ആദ്യം ഉണക്കലരി നിരത്തണം. സ്വർണനിറമുള്ള കണിവെള്ളരിക്ക, കൊന്നപ്പൂക്കുല, വെറ്റില, പഴുക്കടയ്ക്ക, നാളികേരം, കസവുമുണ്ട്, സ്വർണം, സിന്ദൂരച്ചെപ്പ്, വാൽക്കണ്ണാടി, ഗ്രന്ഥം, പിന്നെ, ചക്ക, മാങ്ങ തുടങ്ങി വീട്ടുവളപ്പിലെ പച്ചക്കറികളും ഫലങ്ങളും നിറയ്ക്കും. ഓട്ടുരുളിക്കടുത്തു ഈശ്വരസാന്നിധ്യമായി ശ്രീകൃഷ്ണവിഗ്രഹവും കണ്ണാടിയും. വിഗ്രഹത്തിനു മുന്നിൽ നിലവിളക്കു കൂടി കത്തിച്ചുവയ്ക്കുന്നതോടെ വിഷുക്കണി ഒരുങ്ങി. വിഷുക്കണിയിലൂടെ ദർശിക്കുന്നത് ഫല സമൃദ്ധമായ പ്രകൃതിയെ തന്നെയാണ്. പുതു വർഷം മുഴുവൻ ഈ സമ്പൽ സമൃദ്ധി നിറയുമെന്നാണ് വിശ്വാസം.

കണി കാണേണ്ട സമയം

ബ്രഹ്‌മമുഹൂര്‍ത്തത്തില്‍ വിഷുക്കണി കാണണമെന്നാണ് വിശ്വാസം. രാത്രിയിലെ പതിനാലാമത്തെ മുഹൂര്‍ത്തമാണിത്. അതായത് സൂര്യോദയം ആറ് മണിക്കാണെങ്കില്‍, പുലര്‍ച്ചെ 4.24ന് ബ്രഹ്‌മമുഹൂര്‍ത്തം തുടങ്ങും. 5.12ഓടെ അവസാനിക്കുകയും ചെയ്യും. എന്നാല്‍ ബ്രഹ്‌മമുഹൂര്‍ത്തം എപ്പോഴാണെന്ന കാര്യത്തില്‍ ചില വ്യത്യസ്ത അഭിപ്രായങ്ങളുമുണ്ട്.
ഈ സമയത്ത് കണി കാണാന്‍ സാധിക്കാത്തവര്‍ക്ക് സൂര്യന്‍ ഉദിച്ച് രണ്ട് നാഴിക കഴിയുന്നതിനുള്ളില്‍ കണി കാണുന്നത് ഉത്തമമാണെന്നും പറയുന്നു. കണി കാണുമ്പോള്‍ കണിയൊരുക്കിയിരിക്കുന്ന മുഴുവന്‍ വസ്തുക്കളിലേക്കും കണ്ണെത്തണം എന്നാണ് വിശ്വാസം.

Leave a Reply

Your email address will not be published. Required fields are marked *