Your Image Description Your Image Description

കോഴിക്കോട്: ‘മിസ് കേരള’ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നത് ഒരു മത്സ്യമാണെന്നു പറഞ്ഞാൽ കുറച്ചു പേർക്കെങ്കിലും അറിയാമായിരിക്കും. ‘മിസ് കേരള’ എന്ന വിളിപ്പേര് നാടന്‍ ചെങ്കണ്ണിയാന് വന്നിട്ട് രണ്ട് വ്യാഴവട്ടമെങ്കിലും ആയിട്ടുണ്ടാകും. നാട്ടിലെ ഈ കുഞ്ഞൻ മീൻ കടൽ കടന്നു പോകാൻ തുടങ്ങിയിട്ട് നാളുകൾ കുറെയായി. എന്നാൽ, ഇനി ഈ കുഞ്ഞനെ വെറുതെ അങ്ങ് കൊണ്ടുപോകാൻ പറ്റില്ല. മുന്‍കൂര്‍ അനുമതിയില്ലാതെ വാണിജ്യാടിസ്ഥാനത്തില്‍ ഈ കുഞ്ഞന്‍ മത്സ്യത്തിനെ കൊണ്ടുപോകുന്നതിന് ഇനി നിയമപരമായ വിലക്കുണ്ട്. പിടിക്കപ്പെട്ടാല്‍ ഒരു ലക്ഷം രൂപ വരെ പിഴ നൽകേണ്ടി വരും. നിയമക്കുരുക്കുകൾ വേറെയും. ജൈവവൈവിധ്യ നിയമപ്രകാരമാണ് നടപടി.

കേരളത്തിന്റെയും കര്‍ണാടകത്തിന്റെയും ചില ഭാഗങ്ങളില്‍ മാത്രം ശുദ്ധജലത്തില്‍ കണ്ടുവരുന്ന ‘സഹ്യാദ്രിയ ഡെനിസോണി’ (പുണ്ട്യസ് ഡെനിസോണി) എന്ന വര്‍ണ മത്സ്യത്തിന്റെ കടത്താണ് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ഇടപെടല്‍ മൂലം നിയന്ത്രിക്കപ്പെടുന്നത്. ‘മിസ് കേരള’ മത്സ്യം വംശനാശഭീഷണി നേരിടുന്നതും പ്രാദേശികത കൂടുതലുള്ളതുമായ ഇനമായാണ് പരിഗണിക്കുന്നതെന്ന് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണന്‍ പറയുന്നു. താരതമ്യേന പ്രത്യുത്പാദനം കുറഞ്ഞ ഇനംകൂടിയായ മിസ് കേരള അന്യം നിന്നു പോകാതിരിക്കാന്‍ അതിനും പ്രത്യേക ശ്രദ്ധ നല്‍കാന്‍ ജൈവവൈവിധ്യ ബോര്‍ഡ് നടപടിയെടുത്തിട്ടുണ്ട്.

കുഫോസിലെ ശാസ്ത്രസംഘത്തിന്റെ റിപ്പോര്‍ട്ടനുസരിച്ച് 250 നാടന്‍ മത്സ്യങ്ങളാണ് കേരളത്തിലുള്ളത്. കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സയന്‍സിലെ പ്രൊഫസറും മിസ് കേരളയെ ആദ്യമായി കൃത്രിമ പ്രജനനം നടത്തിയ ഗവേഷകയുമായ ഡോ. അന്നാ മേഴ്സിയാണ് ആദ്യമായി ഈ മത്സ്യത്തെ ‘മിസ് കേരള’ എന്ന വിശേഷണം നല്‍കി വിളിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *