ന്യൂഡൽഹി: ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഇന്ത്യയിലെത്തി. ന്യൂഡൽഹി വിമാനത്താവളത്തിലെത്തിയ ശൈഖ് ഹംദാനെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഔദ്യോഗിക ബഹുമതികളോടെ സ്വീകരിച്ചു. ദുബൈ കിരീടാവകാശി എന്ന നിലയിൽ ശൈഖ് ഹംദാന്റെ ആദ്യ ഔദ്യോഗിക ഇന്ത്യ സന്ദർശനമാണ് ഇത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ദ്വിദിന സന്ദർശനത്തിനായി ശൈഖ് ഹംദാൻ ഇന്ത്യയിലെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്ന് മോദി ഒരുക്കുന്ന ഉച്ചഭക്ഷണ വിരുന്നിലും ശൈഖ് ഹംദാൻ പങ്കെടുക്കും. നാളെ മുംബൈ സന്ദർശിക്കുകയും ഇരു രാജ്യങ്ങളിലെയും ബിസിനസ് നേതാക്കൾ പങ്കെടുക്കുന്ന ബിസിനസ് വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്യും.
മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥരുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനും വിവിധ തന്ത്രപരമായ മേഖലകളിലെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികൾ അദ്ദേഹം ചർച്ച ചെയ്യും. ഒട്ടേറെ മന്ത്രിമാരും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും ബിസിനസ് പ്രമുഖരും ഉൾപ്പെടുന്ന സംഘം ശൈഖ് ഹംദാനെ അനുഗമിച്ചെത്തിയിട്ടുണ്ട്.
വിവിധതലങ്ങളിൽ ഇന്ത്യയും യു.എ.ഇയും തമ്മിലെ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ദുബൈ കിരീടാവാശി ഇന്ത്യയിലെത്തുന്നത്. തന്ത്രപ്രധാനമേഖലകളിൽ ഇരുരാജ്യങ്ങളുടെ സഹകരണം ശക്തമാക്കുന്ന കരാറുകളിലേക്ക് സന്ദർശനം വഴി തുറന്നേക്കുമെന്നാണ് പ്രതീക്ഷ.