Your Image Description Your Image Description
Your Image Alt Text

ഗര്‍ഭകാലം മുതല്‍ തന്നെ സ്ത്രീകളുടെ ശാരീരിക-മാനസികാരോഗ്യകാര്യങ്ങളില്‍ മാറ്റങ്ങള്‍ വരാൻ തുടങ്ങും. അവരുടെ ഇഷ്ടാനിഷ്ടങ്ങളിലും, അഭിരുചികളിലും, ശീലങ്ങളിലുമെല്ലാം ഈ മാറ്റങ്ങള്‍ ഇടപെട്ടുതുടങ്ങും. പ്രധാനമായും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തന്നെയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

ഗര്‍ഭകാലത്ത് മാത്രമല്ല, പ്രസവത്തിന് ശേഷവും സ്ത്രീകള്‍ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. കുഞ്ഞിനെ മുലയൂട്ടുകയെന്ന ഉത്തരവാദിത്തം അത്രമാത്രം പ്രധാനമാണ്. അമ്മയുടെ വ്യക്തി ശുചിത്വം, അമ്മ കഴിക്കുന്ന ഭക്ഷണം, അമ്മയുടെ ഉറക്കം, അമ്മയുടെ മാനസികാവസ്ഥ എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം മുലയൂട്ടുന്ന ഘട്ടങ്ങളില്‍ കുഞ്ഞിനെ നേരിട്ട് സ്വാധീനിക്കുന്നു.

ഇത്തരത്തില്‍ ഭക്ഷണകാര്യത്തില്‍ മുലയൂട്ടുന്ന അമ്മമാര്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളാണിനി വിശദീകരിക്കുന്നത്. അതായത്, മുലയൂട്ടുന്ന അമ്മമാര്‍ ചില ഭക്ഷണ-പാനീയങ്ങള്‍ ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യേണ്ടതുണ്ട്. ഈ വിഭാഗത്തില്‍ വരുന്ന ഭക്ഷണ- പാനീയങ്ങളെ കുറിച്ചറിയാം…

ഒന്ന്…

മുലയൂട്ടുന്ന അമ്മമാര്‍ ചില പച്ചക്കറികള്‍ വേവിക്കാതെ കഴിക്കുന്നത് തീര്‍ത്തും ഒഴിവാക്കണം. കാബേജ്, കോളിഫ്ളവര്‍, ബ്രൊക്കോളി എന്നിവയെല്ലാം ഇതനുദാഹരണമാണ്. രണ്ട് കാരണങ്ങളാണ് ഇതിന് പിന്നിലുള്ളത്, ഒന്ന് പച്ചയ്ക്ക് ഇവ കഴിക്കുമ്പോള്‍ ദഹനപ്രശ്നം വരാം. രണ്ട്, വേവിക്കാത്ത ഭക്ഷണങ്ങളില്‍ ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നു.

രണ്ട്…

ഗര്‍ഭകാലത്ത് സ്ത്രീകള്‍ കാപ്പി ഒഴിവാക്കണമെന്ന് പറയുന്നത് കേട്ടിട്ടില്ലേ? അതുപോലെ കുഞ്ഞുണ്ടായ ശേഷം മുലയൂട്ടുന്ന ഘട്ടങ്ങളിലും കാപ്പി ഒഴിവാക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ പരമാവധി നിയന്ത്രിക്കുക. കാരണം കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീൻ കുഞ്ഞുങ്ങളുടെ ശരീരത്തില്‍ അടിയാനുള്ള സാധ്യതയുണ്ട്. ഇത് കുഞ്ഞിന്‍റെ ഉറക്കത്തെയും മാനസികാരോഗ്യത്തെയുമെല്ലാം പ്രതികൂലമായി ബാധിക്കാം.

മൂന്ന്…

ചിലയിനം മീനുകളും മുലയൂട്ടുന്ന അമ്മമാര്‍ ഒഴിവാക്കുന്നത് ഉചിതമാണ്. ‘മെര്‍ക്കുറി’ കാര്യമായി അടങ്ങിയ മീനുകളാണ് ഇങ്ങനെ ഒഴിവാക്കേണ്ടത്. കാരണം കുഞ്ഞുങ്ങളുടെ ശരീരത്തിലേക്ക് മെര്‍ക്കുറി ചെല്ലുന്നത് അത്ര നല്ലതല്ല.

നാല്…

പുതിനയില, പാഴ്സ്ലി എന്നീ ഇലകളും മുലയൂട്ടുന്ന അമ്മമാര്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇവ മുലപ്പാല്‍ കുറയ്ക്കാനുള്ള സാധ്യതയുണ്ട്.

അഞ്ച്…

മുലയൂട്ടുന്ന അമ്മമാര്‍ നിര്‍ബന്ധമായും മദ്യത്തില്‍ നിന്ന് അകലം പാലിക്കണം. ഇത് അമ്മയ്ക്കും കുഞ്ഞിനും എത്രമാത്രം ദോഷകരമാണെന്നത് എടുത്ത് പറയേണ്ടതില്ലല്ലോ.

Leave a Reply

Your email address will not be published. Required fields are marked *