Your Image Description Your Image Description

കൊല്ലം : മാലിന്യമുക്ത പദവിയുടെ തിളക്കത്തില്‍ ജില്ല. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്ന പ്രഖ്യാപനം നടത്തിയത്  ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. സി. കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍ നിര്‍വഹിച്ചു. സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ ബയോ മൈനിങ് പദ്ധതിയിലൂടെ കുരീപ്പുഴ ചണ്ടിഡിപ്പോയിലെ മാലിന്യങ്ങള്‍ നീക്കി മാലിന്യനിര്‍മാര്‍ജനത്തില്‍ മികച്ച മാതൃകയാണ് ജില്ല സൃഷ്ടിച്ചതെന്ന് മന്ത്രി പറഞ്ഞു. കാലങ്ങളായി നിലനിന്നിരുന്ന വലിച്ചെറിയല്‍ സംസ്‌കാരത്തിനാണ് ഹരിതകര്‍മസേന പ്രവര്‍ത്തനങ്ങളിലൂടെ മാറ്റംവന്നത്.

മാലിന്യമുക്ത നവകേരളം ക്യാമ്പയിനിലൂടെയും ജനകീയ ഇടപെടലുകള്‍ വഴിയുമാണ് ലക്ഷ്യം സാക്ഷാത്കരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.എം. നൗഷാദ് എം.എല്‍.എ അധ്യക്ഷനായി. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, എം. മുകേഷ് എം.എല്‍.എ, മേയര്‍ ഹണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപന്‍, ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്,  ഡെപ്യൂട്ടി മേയര്‍ എസ്.ജയന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ എസ്. സുബോധ്, നവകേരള കര്‍മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ എസ്. ഐസക്, തദ്ദേശസ്ഥാപന അധ്യക്ഷര്‍, ഹരിതകര്‍മ സേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മാലിന്യസംസ്‌കരണ സംവിധാനങ്ങളിലെ കൊല്ലം മാതൃക
2024 ഒക്ടോബര്‍ രണ്ട് മുതല്‍ 2025 മാര്‍ച്ച് 30 അന്താരാഷ്ട്ര സീറോവേസ്റ്റ് ദിനം വരെയാണ് ബൃഹത്തായ ”മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍’ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയത്. ക്യാമ്പയിന്‍ പ്രവര്‍ത്തനം രണ്ടു വര്‍ഷക്കാലം പൂര്‍ത്തിയായപ്പോഴേക്കും ജില്ലയില്‍ മാലിന്യ സംസ്‌കരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കാര്യമായ പുരോഗതി കൈവരിക്കാനായി. വാതില്‍പ്പടി ശേഖരണത്തില്‍ 100 ശതമാനവും യൂസര്‍ഫീ കളക്ഷനില്‍ 84 ശതമാനവും ഉണ്ടായി.

മിനി എം.സി.എഫ്- 1856, എം.സി.എഫ്- 100, ആര്‍.ആര്‍.എഫ് 14, സ്ഥാപന ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍- 683, ഗാര്‍ഹിക ജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍- 114903, സാനിറ്ററി മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍- 79, സ്പെഷ്യല്‍ വേസ്റ്റ് സംസ്‌കരണ സംവിധാനങ്ങള്‍- 21, മാലിന്യം കൈകാര്യം ചെയ്യുന്ന വാഹനങ്ങള്‍- 86, സ്ഥാപിച്ച ബിന്നുകള്‍-109365 എണ്ണം, സ്ഥാപിച്ച ബോട്ടില്‍ ബൂത്തുകള്‍- 500,  ഹരിതകര്‍മ്മസേന -3093 എന്നിങ്ങനെയാണ് നിലവിലെ സ്ഥിതി. ഹരിത കര്‍മ്മസേനയുടെ ശരാശരി മാസ വരുമാനം 10,000 മുതല്‍ 25,000 രൂപ വരെയാണ്.

അഞ്ച് ഘട്ടങ്ങളിലായി നടത്തിയ ക്യാമ്പയിന്‍ പ്രവര്‍ത്തനത്തിന്റെ ഫലമായി ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും, കലാലയങ്ങളും, സ്ഥാപനങ്ങളും ഹരിത വിദ്യാലയം, ഹരിത കലാലയം, ഹരിത സ്ഥാപനങ്ങളായി മാറ്റാന്‍ സാധിച്ചു. ജില്ലയിലെ 20 വിനോദ സഞ്ചാര / തീര്‍ത്ഥാടന കേന്ദ്രങ്ങളും എല്ലാ അയല്‍ക്കൂട്ടങ്ങളും ഹരിത വിനോദ സഞ്ചാരകേന്ദ്രം, ഹരിത അയല്‍ക്കൂട്ടം പദവി കൈവരിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ പ്രധാന കവലകളും പൊതു സ്ഥലങ്ങളും വലിച്ചെറിയല്‍ മുക്തമാക്കി ശുചിത്വം ഉറപ്പാക്കി ബിന്നുകള്‍ സ്ഥാപിച്ച് സൗന്ദര്യവല്‍ക്കരിക്കാനും ക്യാമ്പയിനിലൂടെ സാധിച്ചു.

ശുചിമുറി മാലിന്യ സംസ്‌ക്കരണത്തിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മൊബൈല്‍ സംസ്‌കരണ യൂണിറ്റ് വാങ്ങുന്നതിനുള്ള പദ്ധതിക്ക് ജില്ലാ ആസൂത്രസമിതി അംഗീകാരം ലഭിച്ചു. ഒരു യൂണിറ്റിനുള്ള അടങ്കല്‍തുക 50 ലക്ഷം രൂപയാണ്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി.
സാനിട്ടറി മാലിന്യം സംസ്‌കരിക്കുന്നതിനായി ഡബിള്‍ ചേംബര്‍ ഇന്‍സിനറേറ്ററുകള്‍, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, എഫ്.എസ്.ടി.പി എന്നിവ സ്ഥാപിക്കുന്നതിനുള്ള പദ്ധതികള്‍ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. വിവിധ രാഷ്ട്രീയ -യുവജന സംഘടനകള്‍, വിദ്യാര്‍ഥികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, മത-സാമുദായിക സംഘടനകള്‍, ക്ലബുകള്‍, ഗ്രന്ഥശാലകള്‍ തുടങ്ങി എല്ലാ ജനവിഭാഗങ്ങളെയും ഉള്‍പ്പെടുത്തി വിപുലമായ രീതിയില്‍ ഹരിതകേരളം മിഷന്റെ ഏകോപനത്തിലാണ് മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ നടപ്പിക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *