Your Image Description Your Image Description

ഹരിതകർമ്മസേന നാടിന്റെ ആരോഗ്യസേനയാണെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്. ആലപ്പുഴയെ സമ്പൂർണ്ണ മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

ദൈവത്തിന്റെ സ്വന്തം നാടാക്കി ഇന്ന് കേരളത്തെ നിലനിർത്തുന്നത് ഹരിത കർമ്മ സേനയാണ്. ഇവരുടെ പ്രവർത്തനങ്ങൾ ആദരിക്കപ്പെടണം. അതിനായി ചേർത്തല മണ്ഡലത്തിൽ മികച്ച ഹരിത കർമ്മ സേന യൂണിറ്റിനും ഹരിത കർമ്മസേന അംഗത്തിനും എംഎൽഎയുടെ പേരിൽ അവാർഡ് നൽകുന്നതിനുള്ള പരിപാടി സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയെ സമ്പൂർണ്ണ മാലിന്യമുക്തമായി പ്രഖ്യാപിച്ചെങ്കിലും ഈ അവസ്ഥ തുടർന്നുകൊണ്ട് പോകണമെങ്കിൽ ഉറച്ച ദൃഢനിശ്ചയവും ജനങ്ങളുടെ സമ്പൂർണ്ണ സഹകരണവും ആവശ്യമാണ്. ശുചിത്വത്തിന്റെ പാഠം ആദ്യം മലയാളി പഠിക്കണം. കഴിഞ്ഞ ദിവസം എറണാകുളത്ത് കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് പ്രമുഖന് നേരെ നടപടി എടുക്കേണ്ടിവന്നുവെന്നും മന്ത്രി പറഞ്ഞു. നാടുതോറും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ പബ്ലിക് ഹെൽത്ത് ആക്ട്, ഇറിഗേഷൻ ആൻഡ് വാട്ടർ കൺസർവേഷൻ ആക്ട് എന്നിവയിൽ ഉൾപ്പെടുത്തി ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കണമെന്നും കുറ്റക്കാർക്ക് വേണ്ടി ശുപാർശയുമായി എത്തുന്ന ജനപ്രതിനിധികൾക്കെതിരെയും നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

ചേർത്തല തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിലെ കണ്ണങ്കര സെന്റ്.സേവ്യഴ്‌സ് പള്ളി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി അധ്യക്ഷത വഹിച്ചു. തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി ശശികല ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ചേർത്തല മുൻസിപ്പൽ ചെയർപേഴ്‌സൺ ഷേർലി ഭാർഗവൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എം.വി പ്രിയ ടീച്ചർ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടർ എസ് ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം യു.എസ് സജീവ്, തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് അംഗം പി ജെ തോമസ്, കെ.എസ്.ഡബ്ലിയു.എം.പി ജില്ലാ കോഡിനേറ്റർ സുചിത്ര എസ് പണിക്കർ, ജില്ലാ ശുചിത്വ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ കെ.ജി ബാബു, നവ കേരള കർമ്മ പദ്ധതി കോഡിനേറ്റർ കെ.എസ് രാജേഷ്, ശുചിത്വമിഷൻ അസിസ്റ്റന്റ് കോഡിനേറ്റർ മുഹമ്മദ് കുഞ്ഞ് ആശാൻ, പി. ജയരാജ്, സി.കെ ഷിബു, ജെ.ജയലാൽ തുടങ്ങിയവർ പങ്കെടുത്തു.

ചടങ്ങിൽ ജില്ലയുടെ വിവിധ മാലിന്യമുക്ത പദ്ധതികളിൽ മികച്ച പ്രകടനം നടത്തിയ തദ്ദേശസ്ഥാപനങ്ങളെയും വിവിധ വകുപ്പുകളെയും ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *